ആഗസ്റ്റ് 12ന് നടക്കുന്ന അറുപത്തഞ്ചാമത് നെഹ്‌റു ട്രോഫി വള്ളം കളിയില്‍, ഇരുട്ടുക്കുത്തി എ ഗ്രേഡ് വിഭാഗത്തില്‍ മത്സരിക്കുന്ന മൂന്ന് തൈക്കല്‍ വള്ളത്തിന്റെ ക്യാപ്റ്റന് ഒരു പ്രത്യേകതയുണ്ട്. ആയിരത്തി നാനൂറു മീറ്റര്‍ നീണ്ടു കിടക്കുന്ന ട്രാക്കില്‍ മൂന്ന് തൈക്കല്‍ വള്ളം കുതിച്ച് പായുമ്പോള്‍ അതിന്റെ അമരക്കാരനായി ഇരിക്കുന്നത് ഒരു മൂന്ന് വയസുകാരന്‍ പയ്യനാണ്.
ആലപ്പുഴ, എടത്വ മൂന്നുതൈക്കല്‍ കുടുംബത്തിലെ ഇളമുറക്കാരനുമായ എയ്ഡന്‍ കോശി മൂന്നുതൈക്കലാണ് വള്ളത്തിന്റെ ക്യാപ്റ്റനായി എത്തുന്നത്. അതിനാല്‍ തന്നെ ഇത്തവണ മൂന്നുതൈക്കല്‍ കുടുംബം ആവേശത്തിലാണ്.
എടത്വയിലെ മൂന്നുതൈക്കല്‍ കുടുംബത്തിന് വള്ളംകളി രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന വികാരമാണ്. എയ്ഡന്റെ മുത്തച്ഛനും മുതുമുത്തച്ഛനുമടക്കമുള്ളവര്‍ വള്ളത്തില്‍ തുഴയെറിഞ്ഞവരാണ്. മുത്തച്ഛന്‍ അച്ചന്‍കുഞ്ഞ് മൂന്നുതൈക്കല്‍ ആലപ്പുഴ ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ തുഴക്കാരനും അമരക്കാരനുമായുരുന്നു. ഓടിയും വെപ്പുവള്ളവുമടക്കം സ്വന്തമായുള്ള കുടുംബം നാലു വര്‍ഷം മുമ്പാണ് മൂന്നുതൈക്കല്‍ വള്ളം സ്വന്തമാക്കുന്നത്.
കുടുംബത്തോടെ വള്ളംകളി പ്രേമികളായതിനാല്‍ തന്നെ എയ്ഡന്‍ കോശിയും ആ പാത പിന്തുടര്‍ന്നു. വള്ളപ്പാട്ടുകളുടെ താളവും വരികളും എല്ലാം തന്നെ ചെറുപ്രായത്തില്‍ എയ്ഡന്‍ പഠിച്ചെടുത്തു. എയ്ഡന്റെ ഈ ആവേശം കണ്ടാണ് വള്ളത്തിന്റെ ക്യാപ്റ്റനാക്കാന്‍ മൂന്നുതൈക്കല്‍ കുടുംബം തീരുമാനിച്ചത്.
Post Your Comments