ന്യൂഡൽഹി: ഗുജറാത്തിൽ താൻ നേരിട്ട ആക്രമങ്ങൾക്ക് പിന്നിൽ ബിജെപിയും ആർഎസ്എസും ആണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. രാഷ്ട്രീയക്കാരനെന്ന നിലയിൽ രാഹുൽ ഗാന്ധിയെ ഗൗരവത്തിലെടുക്കാത്ത സ്ഥിതിക്ക് തങ്ങൾ എന്തിന് ഇത്തരമൊരു ആക്രമണം നടത്തണമെന്ന് ബിജെപി. ഗുജറാത്തിൽ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ കോൺഗ്രസ് ഉപാധ്യക്ഷനു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ തുടർച്ചയായ രണ്ടാം ദിവസവും കോൺഗ്രസ്–ബിജെപി വാക്പോര് തുടരുകയാണ്.
തനിക്കെതിരെ കല്ലെറിഞ്ഞത് ബിജെപി പ്രവർത്തകരാണെന്ന് രാഹുൽ വ്യക്തമാക്കി. അതേസമയം, രാഹുൽ ഗാന്ധിക്കു നേരെ ഉണ്ടായെന്നു പറയപ്പെടുന്ന കല്ലേറിന്റെ പശ്ചാത്തലത്തിൽ, ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റാനാണ് കോൺഗ്രസിന്റെ ശ്രമമെന്ന് ബിജെപി ആരോപിച്ചു. കല്ലേറിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ രാഷ്ട്രീയ നാടകം കളിക്കുകയാണ് കോൺഗ്രസ് എന്നും ബിജെപി കുറ്റപ്പെടുത്തി.രാഷ്ട്രീയ എതിരാളികളെ ആക്രമിക്കുന്നത് ബിജെപിയുടെ രീതിയല്ലെന്ന് ബിജെപി നേതാവ് ജി.എൽ.വി. നരസിംഹറാവു പറഞ്ഞു രാഷ്ട്രീയക്കാരനെന്ന നിലയിൽ രാഹുൽ ഗാന്ധിയെ ഗൗരവത്തിലെടുക്കാത്ത ബിജെപി, അദ്ദേഹത്തെ എന്തിന് ആക്രമിക്കണമെന്ന് റാവു ചോദിച്ചു.
ഗുജറാത്തിൽ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കുനേരെ വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായത്. രാഹുൽ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പിൻഭാഗത്തെ ജനൽച്ചില്ല് കല്ലേറിൽ പൊട്ടി. മുൻ സീറ്റിൽ ഇരിക്കുകയായിരുന്ന രാഹുൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അംഗരക്ഷകരായ കമാൻഡോകളിൽ ചിലർക്ക് പരുക്കേറ്റു. അഹമ്മദാബാദിൽ നിന്ന് ഇരുനൂറോളം കിലോമീറ്റർ അകലെ ബനാസ്കാന്തയിലെ ധനേറയിലായിലാണ് രാഹുലിന് നേരെ ആക്രമണമുണ്ടായത്.
Post Your Comments