Latest NewsNewsNews StorySpecials

പ്രേതബാധയാല്‍ യാത്രക്കാരില്ലാതായ റെയില്‍വേ സ്റ്റേഷന്‍

പ്രേതബാധയുണ്ടെന്ന കാരണത്താല്‍ ഒരു റെയില്‍വേ സ്റ്റേഷന്‍ അടച്ചിടേണ്ടി വരിക. പിന്നീട് റെയില്‍വേ മന്ത്രി നേരിട്ട് ഇടപെട്ടിട്ടും നാട്ടുകാര്‍ക്ക് ഇങ്ങനെ ഒരു സ്റ്റേഷന്‍ വേണ്ടാതാവുക. ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലെ ആദ്യ സംഭവമാണ് ഇതെല്ലാം. പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ബെഗുന്‍ കോഡാറാണ് ഈ പ്രേതസ്റ്റേഷന്‍ എന്നറിയപ്പെടുന്നത്.

ഒരുകാലത്ത് യാത്രക്കാരുടെ ബാഹുല്യംകൊണ്ട് പൊറുതിമുട്ടിയിരുന്ന സ്റ്റേഷനാണ് ഇന്നിപ്പോള്‍ പ്രേതബാധയുണ്ടെന്ന കാരണത്താല്‍ ആളൊഴിഞ്ഞു കിടക്കുന്നത്. പകല്‍ വെളിച്ചത്തില്‍ പോലും ഇവിടേക്ക് ആരും എത്താറില്ല.

1967ലാണ് ബെഗുന്‍ കോഡാര്‍ സ്‌റ്റേഷന്റെ ഈ ദുര്‍ഗതി ആരംഭിക്കുന്നത്. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌റ്റേഷന്‍ മാസ്റ്റര്‍ റെയില്‍വേ ട്രാക്കില്‍ സ്ത്രീരൂപം നില്‍ക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തു. പിറ്റേന്ന് പുലര്‍ച്ചെ നാട്ടുകാര്‍ കാണുന്നത് ദാരുണമായി കൊല്ലപ്പെട്ട സ്റ്റേഷന്‍ മാസ്റ്ററെയാണ്. പിന്നീടങ്ങോട്ട് നിറം പിടിപ്പിച്ച കഥകളുടെ കാലമായിരുന്നു. തുടര്‍ന്ന് പ്രേതസാന്നിധ്യം പരിശോധിക്കാന്‍ ധൈര്യം സംഭരിച്ച് പലരും ഇങ്ങോട്ടെത്തിയെങ്കിലും, തിരിച്ചു കൊണ്ടുപോയത് വെള്ളപുതപ്പിച്ചായിരുന്നു.

പൂര്‍ണ്ണമായും അടഞ്ഞുകിടന്ന ബെഗുന്‍ കോഡാര്‍ സ്‌റ്റേഷന്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ 2009 ല്‍ ശ്രമം നടന്നു. അന്നത്തെ റെയില്‍വേമന്ത്രി മമതാ ബാനര്‍ജി നേരിട്ട് സ്റ്റേഷനിലെത്തി ജനങ്ങളെ ബോധവല്‍ക്കരിക്കുകയും സ്‌റ്റേഷന്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് സ്‌റ്റേഷനില്‍ ട്രെയിനുകളെല്ലാം നിര്‍ത്തിത്തുടങ്ങി.എന്നാല്‍ കെട്ടുകഥകളില്‍ വിശ്വസിച്ചിരുന്ന നാട്ടുകാര്‍ ട്രെയിനുകളില്‍ കയറാന്‍ തയ്യാറായില്ല.

ഇന്ന് ബെഗുന്‍ കോഡാര്‍ ഒരു പ്രേതടൂറിസ മേഖലയാണെന്ന് പറയാം. കാരണം അഞ്ച് ട്രെയിനുകള്‍ക്ക് മാത്രമാണ് ഇവിടെയിപ്പോള്‍ സ്‌റ്റോപ്പുള്ളത്. ഇതില്‍ വന്നെത്തുന്നവരെല്ലാം ഇവിടുത്തെ പ്രേതത്തെ കാണാനെത്തുന്നവരാണ്. കൊല്‍ക്കത്ത കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു പാരാനോര്‍മ്മല്‍ സൊസൈറ്റി കഴിഞ്ഞ വര്‍ഷം ഇവിടേക്ക് ടൂര്‍ പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റേഷന്‍ സന്ദര്‍ശനവും, ഇവിടുത്തെ ചരിത്രം കേള്‍ക്കലും, ഹോട്ടല്‍ താമസവും അടങ്ങുന്നതാണ് പാക്കേജ്.

shortlink

Post Your Comments


Back to top button