തൃശൂര്‍•ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താലികെട്ട് കഴിഞ്ഞശേഷം കാമുകനൊപ്പം ഇറങ്ങിപ്പോയ പെണ്‍കുട്ടിയെ “തേപ്പുകാരി” എന്ന് അഭിസംബോധനചെയ്ത് കൊന്ന് കൊലവിളിക്കുകയാണ് സോഷ്യല്‍ മീഡിയ. പ്രത്യേകിച്ചും ട്രോള്‍ കൂട്ടായ്മകള്‍. വിവാഹത്തിന് മുന്‍പ് ഇക്കാര്യം വരനോട് എങ്കിലും പറയമായിരുന്നില്ലേ എന്നാണ് പലരും ഉയര്‍ത്തുന്ന ചോദ്യം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്തെന്ന് വെളിപ്പെടുത്തി പെണ്‍കുട്ടിയുടെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും രംഗത്തെത്തി.
പ്രണയബന്ധത്തെക്കുറിച്ച് പെണ്‍കുട്ടി വിവാഹത്തിന് മുന്‍പ് തന്നെ വീട്ടുകാരെ അറിയിച്ചിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെ വീട്ടുകാര്‍ വിവാഹം നടത്താനുള തീരുമാനവുമായി മുന്നോട്ടുപോകുകയായിരുന്നു. ഇതോടെ പെണ്‍കുട്ടി ഇക്കാര്യം വരെനെയും അറിയിച്ചു. “പഴയോതൊക്കെ മറന്നേക്കൂ” എന്നായിരുന്നു മറുപടി. ഇതോടെ ഗത്യന്തരമില്ലാതെ പെണ്‍കുട്ടി വിവാഹത്തിന് ഒരുങ്ങുകയായിരുന്നു.ചെറുക്കന്റെ നിലപാടും പെണ്‍കുട്ടിയുടെ അച്ഛന്റേയും അമ്മയുടേയും ദുരഭിമാനവുമാണ് കാര്യങ്ങള്‍ ഇത്തരത്തിലാക്കിയതെന്നും സുഹൃത്തുക്കള്‍ പറയുന്നു.
ജൂലൈ 30 ന് ഞായറാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. താലികെട്ട് കഴിഞ്ഞശേഷം, തന്‍റെ കാമുകന്‍ വന്നിട്ടുണ്ടെന്നും താന്‍ അയാളോടൊപ്പം പോകുകയാണെന്നും പെണ്‍കുട്ടി വരന്റെ ചെവിയില്‍ പറയുകയായിരുന്നു. വരന്‍ ഇക്കാര്യം തന്റെ അമ്മയെ അറിയിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു. ഇരുവീട്ടുകാരും തമ്മില്‍ തല്ലിന്റെ വക്കോളമെത്തി. ഒടുവില്‍ പോലീസെത്തിയാണ് സംഘര്‍ഷത്തിന് പരിഹാരമുണ്ടാക്കിയത്. കല്യാണപുടവയും വരന്‍ അണിയിച്ച മാലയും തിരികെ വാങ്ങിയ വരന്റെ വീട്ടുകാര്‍ 15 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതായും ഒടുവില്‍ എട്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് വരന്റെ വീട്ടുകാര്‍ സമ്മതിച്ചതായും വാര്‍ത്തകളുണ്ട്.
സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ പെണ്‍കുട്ടിയെ പരിഹാസിച്ചും അധിക്ഷേപിച്ചും നിരവധി പേരാണ് എത്തിയത്. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സഹിതമായിരുന്നു പരിഹാസങ്ങള്‍. ‘തേപ്പുകാരി’ പെണ്‍കുട്ടി പോയതിന്റെ സന്തോഷത്തില്‍ വരന്‍ ആഘോഷം നടത്തുന്ന ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ആ ദുരന്തം തലയില്‍ നിന്നൊഴിഞ്ഞതിന്റെ സന്തോഷത്തിന് എന്ന തലക്കെട്ടിലാണ് ഈ ചിത്രങ്ങള്‍ പ്രചരിച്ചത്.
അതേസമയം, പെണ്‍കുട്ടിയെ അനുകൂലിച്ചും ഒരു ചെറിയവിഭാഗം രംഗത്തെത്തിയിരുന്നു. സ്നേഹിച്ചയാളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിച്ചിരുന്നുവെങ്കില്‍ അല്ലേ “തേപ്പുകാരി” ആകുകയുള്ളൂ എന്നാണ് ഇവര്‍ ഉയര്‍ത്തിയവാദം. പെണ്‍കുട്ടിയുടെ സ്നേഹം സത്യമായിരുന്നുവെന്നും ഇവര്‍ പറയുന്നു. ചിലര്‍ ഒരുപടികൂടി കടന്നു ഇത്രയും സ്നേഹമുള്ള കാമുകിയെ കിട്ടിയ യുവാവ് ഭാഗ്യവാനാണെന്നും പറഞ്ഞുവച്ചു. ഇന്നും ചില കുടുംബങ്ങളില്‍ പെണ്‍കുട്ടിക്ക് സ്വതന്ത്രമായ തീരുമാനം എടുക്കാനുള്ള അവകാശമില്ലെന്നും അത്തരമൊരു സാഹചര്യത്തിന്റെ ഇര മാത്രമാണ് ഈ പെണ്‍കുട്ടിയെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments