ന്യൂഡല്‍ഹി : ദേശീയപാതകളിലെ വേഗപരിധി സംബന്ധിച്ച് പുതിയ തീരുമാനം . രാജ്യത്തെ ദേശീയപാതകളിലെ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററില്‍നിന്ന് 120 കിലോമീറ്ററായി ഉയര്‍ത്തുന്നു. മൂന്ന് വര്‍ഷത്തിനകം വേഗപരിധി വര്‍ധിപ്പിക്കാനാണ് നീക്കം. എന്നാല്‍ ഇതുമൂലം മനുഷ്യജീവന്‍ അപകടത്തിലാകില്ലെന്ന് ഉറപ്പാക്കാന്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്ന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കാനുള്ള നടപടികള്‍ക്കും സര്‍ക്കാര്‍ തുടക്കമിടാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി മുംബൈയ്ക്കും ഡല്‍ഹിക്കുമിടയ്ക്കുള്ള ദേശീയപാതയില്‍ വാഹനങ്ങള്‍ക്കുവേണ്ടി ഇലക്ട്രിക് ലൈന്‍ സ്ഥാപിക്കാനാണ് നീക്കം. മുംബൈയ്ക്കും പൂനെയ്ക്കുമിടെ ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് തുടങ്ങാനും നീക്കമുണ്ട്. രാജ്യത്തെ ബസുകളുടെ എണ്ണം വര്‍ധിപ്പിച്ച് സ്വകാര്യ വാഹനം ഉപയോഗം കുറയ്ക്കാനും സര്‍ക്കാരിന് ആലോചനയുണ്ട്. രാജ്യത്തെ ബസുകളുടെയെണ്ണം 16 ലക്ഷത്തില്‍നിന്ന് 40 ലക്ഷമായി ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ഇലക്ട്രിക്, ബയോ ഡീസല്‍, ബയോഗ്യാസ് ബസുകള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രോത്സാഹനം തദ്ദേശീയമായി നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്കോ, വിദേശത്തുനിന്ന് വരുന്ന വാഹന ഘടകങ്ങള്‍ക്കോ പ്രോത്സാഹനം പ്രതീക്ഷിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡ്രൈവര്‍ വേണ്ടാത്ത (സെല്‍ഫ് ഡ്രൈവിങ്) വാഹനങ്ങള്‍ക്ക് രാജ്യത്ത് അനുമതി നല്‍കില്ലെന്ന് നിതിന്‍ ഗഡ്കരി നേരത്തെ പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമെ പ്രോത്സാഹനം നല്‍കൂവെന്ന കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം.
Post Your Comments