Latest NewsNewsIndia

ദേശീയ ബോക്സിങ് താരം ജീവിക്കാനായി പത്രം വില്‍ക്കുന്നു

പൂനെ : ഇന്ത്യന്‍ സര്‍ക്കാര്‍ കായിക താരങ്ങള്‍ക്ക് നല്‍കുന്ന അവഗണനയുടെ ഉദാഹരണമായി മാറുകയാണ് ബോക്സിങ്ങില്‍ ദേശീയ മെഡല്‍ ജേതാവായ അക്ഷയ് മരെ. പൂനെ ദത്താവാദി സ്വദേശിയായ അക്ഷയ് ദേശീയ തലത്തില്‍ ബ്രോണ്‍സ് മെഡല്‍ നേടിയ ബോക്സറാണ്. ജീവിക്കാനായി പത്രം വില്‍ക്കുന്ന അക്ഷയുടെ കഥ ദേശീയ മാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. നാലുകിലോമീറ്റര്‍ അകലെ ന്യൂസ് പേപ്പറെത്തുന്ന അപ്പാ ബല്‍വന്ത് ചൗക്കിലെത്തി പത്രങ്ങളെടുത്ത് തന്റെ പ്രദേശത്ത് വിതരണം ചെയ്യുകയാണ് അക്ഷയ്. കഴിഞ്ഞ എട്ടുവര്‍ഷമായി അക്ഷയ് ഈ ജോലി ചെയ്യുന്നു.

സംസ്ഥാന തലത്തില്‍ ഒട്ടേറെ സ്വര്‍ണമെഡല്‍ നേടിയിട്ടുള്ള താരമാണ് അക്ഷയ്. എന്നാല്‍, ബോക്സിങ്ങില്‍ തുടര്‍ പരിശീലനം നല്‍കാനോ ജോലി നല്‍കാനോ സര്‍ക്കാര്‍ തയ്യാറാകാത്തതുമൂലം പത്രവില്‍പനയിലൂടെയാണ് അന്നന്നത്തെ ആഹാരത്തിനുള്ള വക കണ്ടെത്തുന്നത്. ഒറ്റമുറിയില്‍ താമസിക്കുന്ന അക്ഷയുടെ ദിവസം അതികാലത്ത് തുടങ്ങുന്നതാണ്. പത്രവില്‍പനയില്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്നും അക്ഷയ് കരുതുന്നു.

2016ല്‍ ഗുവാഹത്തിയില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിലാണ് അക്ഷയ് വെങ്കലമെഡല്‍ നേടുന്നത്. ഇന്ത്യന്‍ ആര്‍മിയുടെ ബോംബെ എഞ്ചിനീയറിങ് ഗ്രൂപ്പില്‍ റിക്രൂട്ട്മെന്റിനായാണ് ഇപ്പോള്‍ അക്ഷയുടെ ശ്രമം. അവിടെ കിട്ടിക്കഴിഞ്ഞാല്‍ തന്റെ ബോക്സിങ് ജീവിതം മാറുമെന്നാണ് ഈ യുവതാരത്തിന്റെ പ്രതീക്ഷ.

shortlink

Post Your Comments


Back to top button