ന്യൂഡല്‍ഹി: അമേരിക്കയിലെ ജേര്‍ണല്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിന് ആന്‍ഡ് ഹൈജീന്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, ലിച്ചിത്തോട്ടങ്ങളിലെ പതിവായുള്ള കീടനാശിനി പ്രയോഗമാണ് കുട്ടികളുടെ മരണത്തിനു കാരണമെന്ന് പറയുന്നുണ്ട്.2014 ജൂണിലായിരുന്നു കുട്ടികൾ മരിക്കാനിടയായ സംഭവം നടന്നത്. ബീഹാറിലെ മുസാഫര്‍പൂരില്‍ ലിച്ചിപ്പഴം കഴിച്ച കുട്ടികള്‍ മസ്തിഷ്ക വീക്കം മൂലം മരിക്കുകയായിരുന്നു.
തോട്ടങ്ങളില്‍ വീണു കിടക്കുന്ന പഴം കുട്ടികള്‍ സ്ഥിരമായി കഴിക്കാറുണ്ടായിരുന്നു. പോഷകാഹാരക്കുറവുള്ള കുട്ടികള്‍ വെറുംവയറ്റില്‍ ലിച്ചി കഴിച്ചത് രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴാനിടയാക്കിയെന്നും ഇതാകാം മരണ കാരണമെന്നുമാണ് ആദ്യം കണ്ടെത്തിയത്. എന്നാൽ നിരോധിത കീടനാശിനിയായ എന്‍ഡോസള്‍ഫാനടക്കം മാരകകീടനാശിനികളാണ് ബംഗ്ലാദേശ് അതിര്‍ത്തി മുതല്‍ പരന്നു കിടക്കുന്ന തോട്ടങ്ങളില്‍ ഉപയോഗിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.
ലിച്ചിത്തോട്ടങ്ങളിലും പരിസരത്തും കൂടുതല്‍ നേരം ചെലവഴിക്കുന്നവരിലാണ് മസ്തിഷ്കവീക്കം കൂടുതലായി ഉണ്ടാകുന്നതെന്ന് കണ്ടെത്തി. പ്രമുഖ മെഡിക്കല്‍ ജേര്‍ണലായ ‘ലാന്‍സെറ്റ്’ ഈ വര്‍ഷം ആദ്യം പുറത്തു വിട്ട റിപ്പോര്‍ട്ടിൽ ലിച്ചിയിലടങ്ങിയ വിഷവസ്തുക്കള്‍ പഞ്ചസാര ഉത്പാദിപ്പിക്കാനുള്ള ശരീരത്തിന്റെ ശേഷിയെ തടസപ്പെടുത്തുന്നതാണ് എന്നായിരുന്നു കണ്ടെത്തിയത്. ഈ കണ്ടെത്തലിനെ തള്ളിയാണ് അമേരിക്കൻ പഠന റിപ്പോർട്ട് പുറത്തു വരുന്നത്.
Post Your Comments