Latest NewsNewsIndiaUncategorized

പിണറായി വിജയനുമായി ഏറ്റുമുട്ടാൻ പുതിയ പോർമുഖം തുറന്ന്‍ സിതാറാം യച്ചൂരി

ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറ്റുമുട്ടാൻ പുതിയ പോർമുഖം തുറന്നു സിപിഎം ജനറൽ സെക്രട്ടറി സിതാറാം യച്ചൂരി. രാജ്യസഭാംഗമായിരിക്കുന്നതു ജനറൽ സെക്രട്ടറിയെന്ന നിലയിലുള്ള പ്രവർത്തനത്തെ ബാധിക്കുമെന്ന പിണറായിയുടെ വിലയിരുത്തൽ സിസിക്കോ പോളിറ്റ് ബ്യുറോയ്‌ക്കോ ഇല്ലെന്നും സിസി തീരുമാനങ്ങൾ വിശദീകരിക്കവെ യച്ചൂരി പറഞ്ഞു. മൂന്നാർ കയ്യേറ്റം ഉൾപ്പെടെ സംസ്‌ഥാനത്തെ വിവിധ വിഷയങ്ങൾ പരാമർശിച്ചു വി.എസ്.അച്യുതാനന്ദൻ പിബിക്കു നൽകിയ കത്ത് ഉചിതസമയത്തു ചർച്ചചെയ്യുമെന്നും യച്ചൂരി വ്യക്‌തമാക്കി.

നേരത്തേ തീരുമാനിച്ച പ്രകാരം താൻ നൽകിയ ദീർഘമായ അഭിമുഖത്തിലെ ഒരു ഭാഗം മാത്രമെടുത്തു പത്രം അതിന്റെ ഓൺലൈൻ പതിപ്പിൽ പരസ്യപ്പെടുത്തുകയാണുണ്ടായതെന്നു പിണറായി വിശദീകരിച്ചതായും യച്ചൂരി വെളിപ്പെടുത്തി. പ്രതിപക്ഷത്തിനു പൊതുസമ്മതനായ സ്‌ഥാനാർഥിയെ നിർത്തണമെങ്കിൽ കോൺഗ്രസുമായി ധാരണയുണ്ടാക്കേണ്ടതില്ലേയെന്ന ചോദ്യത്തിനു യച്ചൂരി വ്യക്‌തമായ മറുപടി നൽകിയില്ല. എന്നാൽ, ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെയും ബിജെപിയെയും ശക്‌തമായി പ്രതിരോധിക്കേണ്ടതിന്റെ ആവശ്യം അദ്ദേഹം വിശദമായി പറഞ്ഞു.

സിസിയിൽ കഴിഞ്ഞ ദിവസം യച്ചൂരിയുടെ സ്‌ഥാനാർഥിത്വം ചർച്ച ചെയ്‌തപ്പോൾ പിബി നിലപാട് യച്ചൂരി വിശദീകരിച്ചതിനു പുറമേ, പിബി അംഗങ്ങളായ സൂര്യകാന്ത മിശ്രയും പ്രകാശ് കാരാട്ടും സംസാരിച്ചതു ചേരിതിരിവുകളെക്കുറിച്ചു വ്യക്‌തമായ സൂചനയായി. എന്തുകൊണ്ടു താൻ സ്‌ഥാനാർഥിയാകാൻ‌ പാടില്ല എന്നതിന്റെ മൂന്നു കാരണങ്ങൾ യച്ചൂരി പറഞ്ഞു. എന്തുകൊണ്ട് ആ കാരണങ്ങൾ അംഗീകരിക്കാൻ പാടില്ലെന്നു വാദിച്ച സൂര്യകാന്ത മിശ്ര, രണ്ടു തവണയെന്നതു ഭരണഘടനാപരമായ വ്യവസ്‌ഥയല്ലെന്നും കീഴ്‌വഴക്കം മാത്രമാണെന്നും സവിശേഷ സാഹചര്യമായതിനാൽ അത് ഒരുതവണത്തേക്ക് ഇളവുചെയ്യണമെന്നുമാണ് ആവശ്യപ്പെടുന്നതെന്നും പറഞ്ഞു.

തന്റെ രാജ്യസഭാ സ്‌ഥാനാർഥിത്വം കേന്ദ്രകമ്മിറ്റി (സിസി) ചർച്ച ചെയ്യുന്നതിനിടെ അതേവിഷയത്തെക്കുറിച്ച് ഒരു ഇംഗ്ലിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പരാമർശിച്ചതു ശരിയായ നടപടിയല്ലെന്നു പിണറായിയോടു വ്യക്‌തമാക്കിയതായി യച്ചൂരി പറഞ്ഞു. ഒരു പിബി അംഗത്തിന്റെ നടപടിപ്പിഴവും അതേക്കുറിച്ചു പിബിയിൽ നടന്ന ചർച്ചയും മാധ്യമങ്ങളോടു ജനറൽ സെക്രട്ടറി വെളിപ്പെടുത്തുന്നതു പതിവില്ലാത്ത നടപടിയാണ്.

യച്ചൂരി ജനറൽ സെക്രട്ടറിയാകുന്നതു തടയാൻ പിണറായി – കാരാട്ട്‌ പക്ഷം വിശാഖപട്ടണത്തു നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. അതിനുള്ള മറുപടിയാണു യച്ചൂരിയുടെ സ്‌ഥാനാർഥിത്വത്തെ വെട്ടിയ നടപടി എന്നാണു പാർട്ടിവൃത്തങ്ങളുടെ വിലയിരുത്തൽ. വിഎസ് ആയിരുന്നു അച്ചടക്കലംഘനക്കേസുകളിലെ സ്‌ഥിരം പ്രതിയെങ്കിൽ, ഇപ്പോൾ പിണറായി അച്ചടക്കലംഘനമെന്നു തിരിച്ചറിഞ്ഞുതന്നെ പരസ്യമായി അഭിപ്രായപ്രകടനം നടത്തിയതു മനഃപൂർവമാണെന്ന വിലയിരുത്തലാണു ബംഗാൾ ഘടകത്തിനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button