കോവളം കൊട്ടാരവും 64.5 ഏക്കര്‍ സ്ഥലവും സ്വകാര്യ ഹോട്ടല്‍ ഉടമകളായ രവി പിള്ള ഗ്രൂപ്പിന് കൈമാറാന്‍ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിലനിര്‍ത്തി കൊണ്ടാണ് കൈമാറ്റം. കോവളം കൊട്ടാരം കൈമാറുന്നതിനെ സിപിഐ എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് ഉടമസ്ഥാവകാശം നിലനിര്‍ത്തി കൊട്ടാരം കൈമാറാന്‍ തീരുമാനിച്ചത്.
കോവളം കൊട്ടാരം ആര്.പി. ഗ്രൂപ്പിന് കൈമാറണമെന്ന ടൂറിസം വകുപ്പിന്റെ നിര്‍ദ്ദേശം ദീര്‍ഘനാളായി മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയില്‍ ആയിരുന്നു. റവന്യു വകുപ്പിന്റെയും സിപിഐയുടെയും എതിര്‍പ്പിനെ തുടര്‍ന്നാണ് കൈമാറ്റം ഇത്രയും വൈകിയത്.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൊട്ടാരം ഹോട്ടലുടമകള്‍ക്ക് നല്‍കണമെന്ന ടൂറിസം വകുപ്പിന്റെ ശുപാര്‍ശ വന്നപ്പോള്‍തന്നെ റവന്യു വകുപ്പ് നിയമവകുപ്പിന്റെയും അഡ്വക്കേറ്റ് ജനറലിന്റെയും ഉപദേശം തേടിയിരുന്നു. കൊട്ടാരത്തിന്റെ ഉടമസ്ഥതയ്ക്ക് വേണ്ടി സര്‍ക്കാര്‍ സിവില്‍കേസ് ഫയല്‍ ചെയ്യണമെന്നായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. എന്നാല്‍ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം കണക്കിലെടുക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് അറ്റോര്‍ണി ജനറലിന്റെ ഉപദേശം തേടി. കൊട്ടാരം ഹോട്ടലുടമകള്‍ക്ക് വിട്ടുകൊടുക്കണമെന്നായിരുന്നു അറ്റോര്‍ണി ജനറലിന്റ നിര്‍ദ്ദേശം. ഇതിനെ തുടര്‍ന്നാണ് കൊട്ടാരം കൈമാറ്റം ഇത്രയും നീണ്ടു പോയത്.
Post Your Comments