ന്യൂഡല്‍ഹി : ആറ് കോണ്‍ഗ്രസ് ലോക്‌സഭാംഗങ്ങളെ സ്പീക്കര്‍ സുമിത്രാ മഹാജന്‍ സസ്‌പെന്‍ഡ് ചെയ്തു. സഭാ നടപടികള്‍ അലങ്കോലപ്പെടുത്തിയതിന്റെ പേരിലാണ് നടപടി. ഇതില്‍ കേരളത്തില്‍ നിന്നുള്ള രണ്ടു എംപിമാരും ഉള്‍പ്പെടുന്നു. കൊടിക്കുന്നില്‍ സുരേഷ്, എം.കെ. രാഘവന്‍, ഗൗരവ് ഗഗോയി, ആദിര്‍രാജന്‍ ചൗധരി, രണ്‍ജി രാജന്‍, സുഷ്മിതാ ദേവ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയതത്. അഞ്ചു ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍.
ദലിത് ന്യൂനപക്ഷ വിഷയങ്ങള്‍, ഗോ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിലാണ് എംപിമാര്‍ സഭയില്‍ പ്രതിഷേധിച്ചത്. ഈ വിഷയങ്ങളില്‍ എംപിമാര്‍ അടിയന്തരപ്രമേയം അനുവദിക്കണമെന്നു ആവശ്യപ്പെട്ടു. പക്ഷേ അതിനു സ്പീക്കര്‍ അനുമതി നല്‍കിയില്ല. ഇതു ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഖെയും കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി അനന്ത് കുമാറും തമ്മിലുള്ള വാദപ്രതിവാദത്തിനു കാരണമായി. ചര്‍ച്ചയ്ക്ക് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് എംപിമാരില്‍ ചിലര്‍ കടലാസുകള്‍ കീറി സ്പീക്കറുടെ കസേരയ്ക്കു നേരെ എറിഞ്ഞു. ഇതു സ്പീക്കറോടുള്ള അവഹേളനമാണെന്ന് ഭരണകക്ഷി അംഗങ്ങള്‍ ആരോപിച്ചു. അതിനെ തുടര്‍ന്നാണ് അച്ചടക്ക ലംഘനത്തിനു നടപടിയെടുത്തത്.
Post Your Comments