Latest NewsNewsGulf

ചൊവ്വയില്‍ ദുബായ് പണിയാനൊരുങ്ങി യുഎഇ

ദുബായ്: ചൊവ്വാ ഗ്രഹത്തില്‍ ചെറുനഗരം പണിയുമെന്ന് യുഎഇ പ്രഖ്യാപിച്ചിട്ട് മാസങ്ങളേ ആയുള്ളൂ. ഇതിന്റെ അണിയറ ഒരുക്കങ്ങള്‍ തകൃതിയാക്കിയിരിക്കുകയാണ് അത്ഭുതങ്ങളുടെ ഈ നാട്. ലോകത്തെ ഞെട്ടിച്ച് അംബര ചുംബികള്‍ പണിത ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികള്‍ ഇങ്ങനെ പറയുമ്പോള്‍ ആര്‍ക്കും ആശ്ചര്യം തോന്നാന്‍ സാധ്യതയില്ല. 2117ല്‍ ചൊവ്വയില്‍ മനുഷ്യനെ എത്തിക്കുമെന്നല്ല യുഎഇയുടെ പ്രഖ്യാപനം. ചൊവ്വയില്‍ ചെറുനഗരം പണിയുമെന്നാണ്. ഇതിന് വേണ്ടി ഇപ്പോള്‍ തന്നെ യുഎഇ 2000 കോടിയിലധികം ദിര്‍ഹം നിക്ഷേപിച്ചുകഴിഞ്ഞു.

ശുദ്ധജലത്തിന് വേണ്ടി അന്റാര്‍ട്ടിക്കയില്‍ നിന്നു മഞ്ഞുമല കൊണ്ടുവരാന്‍ യുഎഇ നേരത്തെ നീക്കം തുടങ്ങിയിരുന്നു. വളരെ വ്യത്യസ്തമായ വഴിയിലാണ് ഈ രാജ്യത്തിന്റെ യാത്ര. ബഹിരാകാശ മേഖലയില്‍ ഗവേഷണങ്ങള്‍ വ്യാപിപ്പിക്കുകയും വിവിധ ദൗത്യങ്ങള്‍ക്കുള്ള ഉപഗ്രഹങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇപ്പോഴത്തെ തീരുമാനം.ശാസ്ത്രജ്ഞരുടെ വന്‍ പടയെ ഒരുക്കുകയാണ് യുഎഇ. യുഎഇ ബഹിരാകാശ ഏജന്‍സി ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ട പ്രത്യേക തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. നൂറ് വര്‍ഷം കഴിയുമ്പോള്‍ ചൊവ്വയില്‍ ദുബായ് പണിയുമെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് യുഎഇ പ്രഖ്യാപിച്ചത്. മറ്റ് ജിസിസി രാജ്യങ്ങള്‍ക്ക് മാതൃകയായ പ്രവര്‍ത്തനമാണ് യുഎഇ നടത്തുന്നത്.

അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനങ്ങള്‍ തുടങ്ങാന്‍ യുഎഇ ബഹിരാകാശ ഏജന്‍സി തീരുമാനിച്ചിട്ടുണ്ട്. ഏജന്‍സി രൂപീകരിച്ചിട്ട് മൂന്ന് വര്‍ഷമായി. എട്ട് പഠന ഗവേഷണ സ്ഥാപനങ്ങളാണ് യുഎഇയില്‍ ഉയരാന്‍ പോകുന്നത്. എണ്ണ എക്കാലത്തും യുഎഇയുടെ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങാകില്ല എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ബഹിരാകാശ മേഖലയിലേക്ക് രാജ്യം ഉന്നം വയ്ക്കുന്നത്. സൗദിയും എണ്ണ ഇതര വരുമാന മാര്‍ഗങ്ങള്‍ തേടുന്നുണ്ട്.
പക്ഷേ ഇക്കാര്യത്തില്‍ സൗദിയേക്കാള്‍ മുമ്പേ പറന്നവരാണ് യുഎഇ ഭരണാധികാരികള്‍. ദുബായുടെ വളര്‍ച്ച തന്നെ എണ്ണ ഇതര മാര്‍ഗങ്ങളിലൂടെയാണ്. ബഹിരാകാശ മേഖല വാണിജ്യപരമായ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ചാണ് യുഎഇ ഇനി ആലോചിക്കുന്നത്.

ബഹിരാകാശ മേഖലയില്‍ രാജ്യം അത്ര തിളക്കം പ്രകടമാക്കിയിട്ടില്ലെന്നും ഇനിയുള്ള വര്‍ഷങ്ങള്‍ മുന്നേറ്റങ്ങളുടേതാകുമെന്നും യുഎഇ ബഹിരാകാശ ഏജന്‍സിയിലെ ചീഫ് ഇന്നൊവേഷന്‍ ഓഫീസര്‍ ശെയ്ഖ അല്‍ മസ്‌കരി പറഞ്ഞു. ബഹിരാകാശ മേഖലയില്‍ മികച്ച മുന്നേറ്റം നടത്തുന്ന രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ യുഎഇ തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ ശാസ്ത്ര-ഗവേഷകരെ വാര്‍ത്തെടുക്കാനാണ് ശ്രമം. ഇതിന് വേണ്ടി പ്രൈമറി തലം മുതല്‍ ബഹിരാകാശ പഠനം പാഠ്യവിഷയമാക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്.

2021ലാണ് യുഎഇ പ്രഖ്യാപിച്ച അല്‍ അമല്‍ എന്ന ചൊവ്വാ ദൗത്യം. നിരവധി ശാസ്ത്രജ്ഞര്‍ ഇതിന്റെ പണിപ്പുരയിലാണ്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ നിരവധി ധാരണകള്‍ യുഎഇ ഒപ്പുവച്ചിട്ടുണ്ട്. അല്‍ഐനിലും റാസല്‍ഖൈമയിലും ഇതുമായി ബന്ധപ്പെട്ട പഠന കേന്ദ്രങ്ങളുണ്ട്. സമാനമായ എട്ട് സ്ഥാപനങ്ങള്‍ സ്ഥാപിക്കാനാണ് ഭരണകൂടത്തിന്റെ നീക്കം. ബഹിരാകാശ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയുള്ള പഠനമായിരിക്കും ഇനി വിദ്യാര്‍ഥികള്‍ക്ക് നല്‍കുക. 2020 ആകുമ്പോഴേക്കും ചൊവ്വാ ദൗത്യത്തിന് വേണ്ടി 150 സ്വദേശി ശാസ്ത്രജ്ഞരെ തയ്യാറാക്കാനാണ് തീരുമാനം. മികവുറ്റ ശാസ്ത്രനിരയെ വാര്‍ത്തെടുക്കുകയാണ് ഏറ്റവും പ്രധാനമെന്ന് യുഎഇ ബഹിരാകാശ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ ഡോ.മുഹമ്മദ് അല്‍ അഹ്ബാബി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button