സിയോൾ ; ഇലക്ട്രോണിക്സ് മാലിന്യങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പിൻവലിച്ച ഗാലക്സി നോട്ട് 7 സ്മാർട്ട് ഫോണിൽ നിന്നും സ്വർണവും മറ്റു ലോഹങ്ങളും വേർതിരിച്ചെടുക്കാൻ ഒരുങ്ങി സാംസങ്. വാർത്ത മാധ്യങ്ങൾക്ക് നൽകിയ പ്രസ്താവനയിലൂടെയാണ് സാംസങ് ഇക്കാര്യം അറിയിച്ചത്. ഏകദേശം 157 ടൺ സ്വർണം, വെള്ളി, കോബാൾട്ട്, കോപ്പർ, മറ്റ് ലോഹങ്ങൾ തുടങ്ങിയവ വീണ്ടെടുക്കാൻ സാധിക്കുമെന്ന് പ്രസ്താവനയിൽ സാംസങ് വിശദമാക്കുന്നു.
റീസൈക്കിൾ ചെയ്തെടുക്കുന്ന ലോഹങ്ങൾ എന്ത് ചെയ്യുമെന്ന് സാംസങ് പറഞ്ഞിട്ടില്ല. എന്നാൽ നോട്ട് 7നിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഡിസ്പ്ളെ മൊഡ്യൂൾസ്, മെമ്മറി ചിപ്സ്, ക്യാമറ മോഡലുകൾ, മറ്റ് ഘടകങ്ങൾ എന്നിവ മറ്റു ഫോണുകളുടെ നിർമാണത്തിനായി ഉപയോഗിക്കും. ദക്ഷിണ കൊറിയയിൽ സാംസങ് വിൽപ്പന നടത്തിയ 400,000 യൂണിറ്റ് ഗാലക്സി നോട്ട് എഫ് ഇ (FE) ഫോണുകൾ തിരിച്ച് വിളിച്ച നോട്ട് 7ന്റെ പാർട്ടു കൾ കൊണ്ടാണ് നിർമിച്ചത്.
സാംസങിന് സമീപകാലത്ത് ഏറെ കരി നിഴൽ വീഴ്ത്തിയ ഒരു സ്മാർട്ട് ഫോണായിരുന്നു ഗാലക്സി നോട്ട് 7. സാംസങ് 5 ബില്ല്യണിലധികം ചെലവാക്കിയാണ് നോട്ട് 7 പുറത്തിറക്കിയത്. എന്നാൽ ബാറ്ററി പൊട്ടിത്തെറിക്കുന്നു എന്ന പരാതിയാണ് പിന്നീട് ലോകത്തെമ്പാടും നിന്ന് ഉയർന്നത്. തുടർന്ന് വിമാന കമ്പനികളും സുരക്ഷാ കാരണങ്ങൾ ചൂണ്ടി കാട്ടി ഗാലക്സി നോട്ട് 7ന് നിരോധനം ഏർപ്പെടുത്തിയതോടെയാണ് കമ്പനി ഈ മോഡലിന്റെ വിൽപ്പന അവസാനിപ്പിച്ചതും ലക്ഷ കണക്കിന് ഫോണുകൾ തിരിച്ച് വിളിച്ചതും.
Post Your Comments