ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1. ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ച്ചയിലേക്ക് മാറ്റി.
കേസ് പഠിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം
പരിഗണിച്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ച്ചയിലേക്ക് മാറ്റിയത്. റിമാന്റില്‍ കഴിയുന്ന ദിലീപിന് വേണ്ടി അഭിഭാഷകന്‍ രാംകുമാര്‍ ഇന്ന്‍ രാവിലെയാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. ഗൂഢാലോചന ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത ദിലീപിനെതിരെ തെളിവുകളൊന്നും ഇല്ലെന്നായിരുന്നു ജാമ്യഹര്‍ജിയിലെ പ്രധാന വാദം. പള്‍സര്‍ സുനിയുടെ മൊഴി കണക്കിലെടുത്താണ് പോലീസ് അറസ്റ്റ് ചെയ്തതെന്നും പോലീസ് വിശദമായ അന്വേഷണം നടത്തിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
2. സര്‍ക്കാരിനെതിരെ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് സ്റ്റേ
ചെയ്യണമെന്ന മാനേജ്മെന്റുകളുടെ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്.
സര്‍ക്കാരിന് അലോട്ട്മെന്റ് നടപടികള്‍ തുടരാമെന്നും നിലവില്‍ നിശ്ചയിച്ചിട്ടുള്ള
ഫീസില്‍ മാറ്റം വരാമെന്ന കാര്യം വിദ്യാര്‍ഥികളെ അറിയിക്കണമെന്നും
ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വാശ്രയ മെഡിക്കല്‍ കോഴ്സുകളുടെ
ഫീസുകള്‍ ജസ്റ്റിസ് ആര്‍ രാജേന്ദ്ര ബാബു ചെയര്‍മാനായ സമിതി കഴിഞ്ഞ
ദിവസം പുതുക്കി നിശ്ചയിച്ചിരുന്നു. അതേസമയം ഓര്‍ഡിനന്‍സിനെതിരെ
ഇനി സുപ്രീംകോടതിയെ സമീപിക്കുമെന്ന് മെഡിക്കല്‍ മാനേജ്‌മെന്റ്
അസോസിയേഷന്‍ വ്യക്തമാക്കി.
3. നടിയെ ആക്രമിച്ച, ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടെത്തി
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവെന്നോണം,
ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പോലീസ് കണ്ടെത്തി. പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്ന അഡ്വ. പ്രതീഷ് ചാക്കോയുടെ ജൂനിയറായ അഭിഭാഷകന്റെ കയ്യില്‍ നിന്നാണ് മെമ്മറി കാര്‍ഡ് കണ്ടെടുത്തത്.
നിലവില്‍ മെമ്മറി കാര്‍ഡില്‍ ദൃശ്യങ്ങള്‍ ഒന്നും ഇല്ല. എന്നാല്‍, ഡിലീറ്റ് ചെയ്ത
ദൃശ്യങ്ങള്‍ വീണ്ടെടുക്കാനും, നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കാര്‍ഡില്‍
ഉണ്ടോ എന്ന് സ്ഥിരീകരിക്കാനും ഫോറന്‍സിക് പരിശോധനക്ക് അയക്കും. ഇതുമായി ബന്ധപ്പെട്ടു കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ദിലീപിനെയും,
മാനേജര്‍ അപ്പുണ്ണിയേയും, പ്രതീഷ് ചാക്കോയും ഒന്നിച്ച് ചോദ്യം ചെയ്യും.
4. പൊതു മാപ്പ് കാലാവധി കഴിയാന്‍ ഇനി ഏഴുദിവസം മാത്രം.
സൗദി അറേബ്യ പ്രഖ്യാപിച്ച പൊതു മാപ്പ് കാലാവധിയില്‍ ഇനി ബാക്കിയുള്ളത് ഏഴു ദിവസം മാത്രം. അഞ്ച് ലക്ഷത്തിലധികം ആളുകള്‍
ഇതുവരെ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങിയവരില്‍ പന്ത്രണ്ടായിരം പേര്‍ പുതിയ വിസയില്‍ രാജ്യത്തേക്ക് മടങ്ങിയെത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍
മാത്രം ഒന്നര ലക്ഷത്തോളം ആളുകള്‍ പൊതുമാപ്പ്
ഉപയോഗപ്പെടുത്തിയതായും, പരമാവധി ആളുകള്‍ ഇനിയും പൊതുമാപ്പ് ഉപയോഗപ്പെടുത്തണമെന്നും പാസ്പോര്‍ട്ട് വിഭാഗം അധികൃതര്‍ അറിയിച്ചു.
എക്സിറ്റ് കരസ്ഥമാക്കിയവര്‍ കാലാവധിക്കുള്ളില്‍ രാജ്യം വിട്ടുപോകണമെന്നും അല്ലാത്ത പക്ഷം തടവും പിഴയും ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
5. കനത്ത ചൂടിന് പരിഹാരം കാണാന്‍ കൃത്രിമ കായലുകള്‍
ലോകത്തെ തന്നെ ഏറ്റവും ചൂട് കൂടിയ രാജ്യമാണ് കുവൈത്ത്. വേനല്‍ക്കാലത്തെ കനത്ത ചൂടിന് പരിഹാരമെന്ന നിലയിലാണ് പരിസ്ഥിതി
അതോറിറ്റി കുവൈത്തില്‍ കൃത്രിമ കായലുകള്‍ നിര്‍മ്മിക്കുന്നത്. പദ്ധതിയുടെ
ആദ്യ ഘട്ടത്തില്‍ , സുബ്ബിയ, സാല്‍മി, രാജ്യത്തിന്റെ തെക്കന്‍ മേഖല
എന്നിവിടങ്ങളില്‍ കൃത്രിമ കായലുകള്‍ നിര്‍മ്മിക്കാനാണ് തീരുമാനം.
കായലുകളുടെ രൂപരേഖയും അന്തിമ റിപ്പോര്‍ട്ടും മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. ഇതോടെ ജലസ്രോതസുകളിലെക്ക്
മലിന ജലം ഒഴുക്കുന്നത് മൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് പരിഹാരം
കാണാന്‍ കഴിയുമെന്നും പരിസ്ഥിതി അതോറിറ്റി കണക്ക് കൂട്ടുന്നു.
6. മുന്‍കൂര്‍ ജാമ്യം തേടി സെന്‍കുമാര്‍ ഹൈക്കോടതിയില്‍
ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് സെന്‍കുമാര്‍ മതസ്പര്‍ധ
വളര്‍ത്തുന്ന പരാമര്‍ശം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട്
ടിപി സെന്‍കുമാറിനും അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ
പ്രസാധകനുമെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ്
ചുമത്തിയാണ് ക്രൈംബ്രാഞ്ചിന് കീഴിലുള്ള സൈബര്‍ പോലീസ്
കേസെടുത്തത്. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ്
കേസിനു കാരണമെന്നും തന്റെ അഭിമുഖം തെറ്റായി
വ്യാഖ്യാനിക്കുകയായിരുന്നുവെന്നും സെന്കുമാറിന്റെ മുന്‍കൂര്‍
ജാമ്യാപേക്ഷയില്‍ പറയുന്നു. വാരികയുടെ ലേഖകനുമായി നടത്തിയത്
സൗഹൃദ സംഭാഷണമായിരുന്നുവെന്നും തന്റെ അനുമതിയില്ലാതെയാണ്
സംസാരം റെക്കോര്ഡ് ചെയ്തതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.
വാര്‍ത്തകള്‍ ചുരുക്കത്തില്‍
1. ഇന്ത്യയുടെ പതിനാലാമത്തെ രാഷ്ട്രപതിക്കായുള്ള തിരഞ്ഞെടുപ്പ് ഇന്ന്‍
നടക്കും. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്
നടക്കുന്നത്. വോട്ടെണ്ണല്‍ ഈ മാസം ഇരുപതിന് നടക്കും.
2. പികെ കുഞ്ഞാലിക്കുട്ടി ലോക്സഭംഗമായി സത്യപ്രതിജ്ഞ ചെയ്തു.
കുഞ്ഞാലിക്കുട്ടിയുടെ സത്യപ്രതിജ്ഞയോടെ പാര്‍ലമെന്റില്‍ മുസ്ലിം ലീഗിന്റെ
പ്രാതിനിധ്യം മൂന്നായി ഉയര്‍ന്നു.
3. കേരളത്തിലെ ആദ്യ ആറുവരി ഇരട്ടക്കുഴല്‍ തുരങ്കപാത ഓഗസ്റ്റില്‍
പൂര്‍ത്തിയാവും. തൃശ്ശൂരിലെ കുതിരാനിലാണ് ഇത് പൂര്‍ത്തിയാവുന്നത്.
5. മനുഷ്യരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രമനുഷ്യരെ
കണ്ടെത്തി ശാസ്ത്ര ലോകം. റോബോട്ടുകളോട് സംസാരിക്കാനും അവരെ
സഹായിക്കാനുമാണ് പുതിയ കണ്ടുപിടുത്തം.
5. അച്ചടിമഷിയുള്ള പേപ്പറുകളില്‍ ഭക്ഷ്യവസ്തുക്കള്‍ പൊതിഞ്ഞു
നല്‍കുന്നതിനു നിരോധനം. ശരീരത്തിനെ ദോഷകരമായി ബാധിക്കുന്ന
രാസവസ്തുക്കളെ കണക്കിലെടുത്താണ് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പുതിയ
തീരുമാനം.
Post Your Comments