KarkkidakamDevotional

നാലമ്പലപുണ്യം – ക്ഷേത്രങ്ങളും ഐതിഹ്യവും

സുജിത്ത് ചാഴൂര്‍

കര്‍ക്കിടകമാസം പുലര്‍ന്നിരിക്കുന്നു. രാമായണമാസം എന്നും അറിയപ്പെടുന്ന കര്‍ക്കിടകത്തിലെ നാലമ്പലതീര്‍ഥാടനം ഏറെ പ്രസിദ്ധമാണ്. കേരളത്തില്‍ തന്നെ രണ്ടോ മൂന്നോ നാലമ്പലങ്ങള്‍ ഉണ്ട്. എങ്കിലും ഏറ്റവും പെരുമ നിറഞ്ഞത്‌ തൃശൂര്‍ ജില്ലയിലെ നാലമ്പലം തന്നെ.

നാലമ്പലങ്ങള്‍ എന്നാല്‍ ദശരഥപുത്രന്മാരുടെ പ്രതിഷ്ഠ ഉള്ള ക്ഷേത്രങ്ങള്‍ എന്നാണ്. കൌസല്യാപുത്രനായ ശ്രീരാമന്‍ , കൈകേയിപുത്രനായ ഭരതന്‍ , സുമിത്രയുടെ പുത്രന്മാരായ ലക്ഷ്മണനും ശത്രുഘ്നനും അടങ്ങുന്ന നാലുപേര്‍, ഇതില്‍ ശ്രീരാമന്റെ ക്ഷേത്രം തൃശൂര്‍ ജില്ലയിലെ തൃപ്രയാറിലും ഭരതക്ഷേത്രം ( കൂടല്‍മാണിക്യം ) തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലും ലക്ഷ്മണക്ഷേത്രം എറണാകുളം ജില്ലയിലെ ( തൃശൂര്‍ – എറണാകുളം അതിര്‍ത്തി ) മൂഴിക്കുളം എന്ന സ്ഥലത്തും ശത്രുഘ്നക്ഷേത്രം തൃശൂര്‍ ജില്ലയിലെ പായമ്മല്‍ എന്ന സ്ഥലത്തും സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രങ്ങളുടെ പ്രതിഷ്ഠക്ക് പിന്നില്‍ ഒരു ഐതിഹ്യമുണ്ട്.

ശ്രീരാമകാലം ത്രേതായുഗത്തില്‍ ആയിരുന്നുവല്ലോ. അതിനു ശേഷം ദ്വാപരയുഗത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ദാശരഥീവിഗ്രഹങ്ങളെ പൂജിച്ചിരുന്നതായി പറയപ്പെടുന്നു. പിന്നീട് ദ്വാരക , സമുദ്രത്തില്‍ താഴ്ന്നുപോയപ്പോള്‍ ഈ വിഗ്രഹങ്ങളെ സാഗരം ഏറ്റെടുക്കുകയും അവ ഒഴുകിനടക്കുകയും ചെയ്തു. ഒരു ദിവസം ഇവിടത്തെ പ്രഭുവായിരുന്ന വാക്കയില്‍ കൈമളിന് സ്വപ്നത്തില്‍ ഇതിനെക്കുറിച്ച്‌ അരുളപ്പാട് ഉണ്ടാവുകയും അടുത്ത ദിവസം തന്നെ അദ്ദേഹം ഇതിനെക്കുറിച്ച്‌ അന്വേഷണം നടത്തുകയും ചെയ്തു. തത്സമയം തന്നെ അവിടെയുള്ള മുക്കുവര്‍ക്ക് വലയില്‍ ഈ വിഗ്രഹങ്ങള്‍ ലഭിക്കുകയും ചെയ്തു. അരുളപ്പാട് സത്യമായി ഭവിച്ചതിനാല്‍ കൈമള്‍ പ്രമുഖജ്യോതിഷികളെ വരുത്തുകയും അവര്‍ ഈ വിഗ്രഹങ്ങള്‍ നാലിടത്തായി പ്രതിഷ്ഠിക്കാന്‍ പറയുകയും ചെയ്തു. അതുപ്രകാരം ശ്രീരാമവിഗ്രഹം തീവ്രാനദിക്കരയിലും ( ഇന്നത്തെ തൃപ്രയാര്‍ പുഴ ) ഭരതവിഗ്രഹം കുലീപനിതീര്‍ഥക്കരയിലും ലക്ഷ്മണവിഗ്രഹം പൂര്‍ണ്ണാനദിക്കരയിലും ( പെരിയാര്‍ ) ശത്രുഘ്ന വിഗ്രഹം പായമ്മല്‍ എന്ന സ്ഥലത്തും സ്ഥാപിച്ചു. പായമ്മല്‍ എന്ന സ്ഥലം ഭരതക്ഷേത്രത്തിന് അടുത്താണ്. പണ്ട് പായമ്മല്‍ ക്ഷേത്രപരിസരത്ത് മറ്റുമൂന്നു ക്ഷേത്രങ്ങളിലേതുപോലെ വലിയ ജലസ്രോതസ്സ് ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്‌. നാലിടങ്ങളിലും ഉള്ള വലിയ ജലസാന്നിധ്യം ശ്രദ്ധേയമായിരുന്നു എന്നാണ് പഴമക്കാര്‍ പറയുന്നത്.

നാലമ്പലദര്‍ശനം എന്നാല്‍ മേല്‍പറഞ്ഞ നാല് ക്ഷേത്രങ്ങളിലും ഒരേ ദിവസം ദര്‍ശനം നടത്തുന്നത് അതിവിശിഷ്ടമായാണ് കണക്കാക്കുന്നത്. ദോഷപരിഹാരങ്ങള്‍ക്കും സത്സന്താനലബ്ധിക്കുമായി ഭക്തര്‍ നാലമ്പലദര്‍ശനം നടത്തിവരുന്നു. രാവിലെയും വൈകീട്ടും നാലമ്പലദര്‍ശനം നടത്തുന്നുണ്ടെങ്കിലും രാവിലെ നടത്തുന്നതാണ് നല്ലതെന്ന്‍ ഒരു ചൊല്ലുണ്ട്. മാത്രമല്ല നാല് ക്ഷേത്രങ്ങളും തമ്മില്‍ സാമാന്യം ദൂരവും ഉള്ളതുകൊണ്ട് രാവിലെ നടത്തുന്നതാണ് നല്ലത്. ഉച്ചയാകും അവസാന അമ്പലവും പിന്നിടാന്‍. ആദ്യകാലങ്ങളില്‍ നാലാമത്തെ അമ്പലദര്‍ശനം കഴിഞ്ഞാല്‍ നാലമ്പലദര്‍ശനം പൂര്‍ത്തിയായതായി കരുതുമായിരുന്നു. എന്നാല്‍ കുറെ വര്‍ഷങ്ങളായി മറ്റൊരു രീതി കണ്ടുവരുന്നു. അവസാന ക്ഷേത്രമായ ശത്രുഘ്നക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞാല്‍ വീണ്ടും ഒരിക്കല്‍ക്കൂടി തൃപ്രയാറില്‍ വന്ന ശ്രീരാമനെ തൊഴണം എന്നും പറയുന്നു. എങ്കിലും ഞായര്‍ പോലുള്ള ദിവസങ്ങളില്‍ അതിരാവിലെ ഇറങ്ങിയവര്‍ക്ക് മാത്രമേ ഉച്ചക്ക് നട അടക്കുന്നതിനു മുമ്പ് വീണ്ടും തൃപ്രയാറില്‍ വരുന്ന കാര്യം നടക്കാറുള്ളൂ.

തൃപ്രയാറില്‍ പുലര്‍ച്ചെ 3 മണിക്ക് നടതുറക്കും. ഉച്ചക്ക് 12.30 നു അടച്ചു വീണ്ടും വൈകീട്ട് 5 ന് തുറന്നു 8 മണിക്ക് അടക്കും. തിരക്കുള്ള ദിവസങ്ങളില്‍ ഈ നാല് ക്ഷേത്രങ്ങളിലും ദര്‍ശനസമയം ക്രമീകരിക്കാറുണ്ട്. രാമായണമാസത്തിലെ ഏറി വരുന്ന ഭക്തജനത്തിരക്ക് പ്രമാണിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡും കെ. എസ്. ആര്‍. ടി. സി യും ടൂറിസം ഡിപ്പാര്‍ട്ട്മെന്റും യാത്രാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാല് ക്ഷേത്രങ്ങളിലും ഭക്തര്‍ക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും തയ്യാറായിക്കഴിഞ്ഞു. ജനസേവനത്തിനായി വിവിധ സംഘടനകളും മുന്നോട്ട് വരുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button