Karkkidakam

കർക്കടകത്തിൽ കഴിക്കാം അൽപം കരുതലോടെ

ഓരോ കാലാവസ്ഥക്കനുസരിച്ചുള്ള ഭക്ഷണക്രമങ്ങൾ പ്രകൃതി നമുക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്.ആഹാരക്രമം കൃത്യമായിരുന്നാൽ രോഗങ്ങൾ ശരീരത്തെ ബാധിക്കില്ല. ഭക്ഷണകാര്യത്തിൽ നമ്മൾ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട മാസമാണ് കർക്കടകം. സൂര്യൻ ചലിക്കുന്നതനുസരിച്ച് ഭൂമിയിലെ ജീവജാലങ്ങളുടെ ആരോഗ്യത്തിൽ വ്യത്യാസമുണ്ടാകും ഇതിന്റെ അടിസ്ഥാനത്തിൽ ഉത്തരായനം എന്നും ദക്ഷിണായനം എന്നും രണ്ടു വിഭാഗമായി ഋതുക്കളെ വേർതിരിച്ചിട്ടുണ്ട്. കർക്കടകം ഒന്നുമുതൽ ധനു വരെയാണ് ദക്ഷിണായനം. ഉത്തരായണത്തിൽ നിന്ന് ദക്ഷിണായനത്തിലേക്ക് കടക്കുമ്പോൾ മനുഷ്യരുടെ ആരോഗ്യത്തിൽ പ്രകടമായ മാറ്റം ഉണ്ടാകും പ്രധാനമായും രോഗപ്രതിരോധശേഷി കുറയും ഇതിനെ തുടർന്ന് അസുഖങ്ങൾ പെട്ടെന്ന് പിടിപെടാനും സാധ്യതയുണ്ട്.

രോഗപ്രതിരോധ ശേഷി വീണ്ടെടുക്കാൻ വേണ്ടിയാണ് കർക്കടകത്തിൽ സുഖ ചികിത്സകൾ ചെയ്യുന്നത്. പക്ഷെ കർക്കടകത്തിൽ മലയാളികൾ പ്രധാനമായും ആശ്രയിക്കുന്നത് കർക്കടക കഞ്ഞി തന്നെയാണ്. കർക്കടക കഞ്ഞി ഉണ്ടാക്കുക എന്നത് കുറച്ചു ശ്രമം പിടിച്ച ജോലി തന്നെയാണ്. പക്ഷെ ഇന്നത്തെ ഇൻസ്റ്റന്‍റ് കാലത്ത് കർക്കടക കഞ്ഞി കിറ്റുകൾ ഇത്തരം ശ്രമം പിടിച്ച ജോലികളുടെ ഭാരം കുറക്കുന്നുണ്ട്. പത്തിലത്തോരനും സൂപ്പുകളും കർക്കടകത്തിൽ ആരോഗ്യം നിലനിർത്താൻ വളരെ ഉത്തമമാണ്. കഷ്ടപ്പെടാൻ ഒരുക്കമാണെങ്കിൽ കർക്കടക കഞ്ഞി വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കും

കർക്കടക കഞ്ഞിക്കൂട്ട് 
ചെറുപയർ,കരിംജീരകം,നല്ലജീരകം,പെരുംജീരകം,ആശാളി,ഉലുവ,കൊത്തമല്ലി,കരിങ്കുറുഞ്ഞി,അയമോകം,കുറുന്തോട്ടി,മഞ്ഞൾ,ശതകുപ്പ,ചുക്ക്,ഏലത്തരി,തക്കോലം,ജാതിപത്രി,കരയാമ്പൂ,തക്കോലം,നറുനീണ്ടി,ഒരില,മൂവില,അടപതിയൻ,നിലപ്പന, വയൽച്ചുള്ളി,പുത്തരിച്ചുണ്ട,ചങ്ങലവരണ്ട,തഴുതാമ,എന്നീ ഔഷധങ്ങൾ കൊണ്ട് ഉണ്ടാക്കുന്ന കഷായത്തിൽ ആണ് കഞ്ഞി ഉണ്ടാക്കുന്നത്.കഷായം അരിച്ചെടുത്ത ശേഷം അതിൽ നവര അരി വേവിച്ചെടുത്ത് ആട്ടിൻപാലിലോ,പശുവിൻപാലിലോ തേങ്ങാപാലിലോ ചേർത്ത് കഴിക്കാം. നവര അരിക്ക് പകരം പഴയ നെല്ലിന്‍റെ തവിട് കളയാത്ത മട്ട പച്ചരിയും ഉപയോഗിക്കാം. രാവിലെ വെറും വയറ്റിൽ കഞ്ഞി കഴിക്കുന്നതാണ് ഉത്തമം. വൈകിട്ടും കഞ്ഞി കഴിക്കാം.പഥ്യത്തോടൊപ്പം കൃത്യമായി ഒരുമാസം കഞ്ഞി സേവിച്ചാൽ അടുത്ത ഒരു വര്‍ഷത്തേക്കുള്ള ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കും.

കർക്കടകത്തിൽ പഥ്യം നോക്കാം
ആയുർവേദ വിധി പ്രകാരം രോഗത്തിനും മരുന്നുകൾക്കും അനുസരിച്ചുള്ള ആഹാര ക്രമത്തെയാണ് പഥ്യം എന്ന് പറയുന്നത്. ദഹിക്കാൻ പ്രയാസമുള്ള ആഹാരങ്ങൾ കഴിവതും ഒഴിവാക്കണം. മിതമായി ഭക്ഷണം കഴിക്കുന്നതാണ് എല്ലാകാലത്തും ഉത്തമം. ചവർപ്പ്,കയ്പ്പ്,എരിവ് എന്നീ രസങ്ങൾ കുറയ്ക്കുന്നതാണ് കർക്കട മാസത്തിൽ നല്ലത്.കൂടാതെ കഴിവതും പുറത്തുനിന്നുള്ള ആഹാര ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.
ശരീരം സൂക്ഷിക്കാൻ നമ്മൾ മലയാളികൾ കർക്കടക മാസത്തിൽ വ്യഗ്രത കാണിക്കുന്നുണ്ട് പക്ഷെ ഇതേ വ്യഗ്രതയിൽ പരിസരം കൂടി വൃത്തിയായി സൂക്ഷിക്കുകയാണെങ്കിൽ പകർച്ച വ്യാധികളിൽ നിന്നും നമുക്ക് രക്ഷനേടാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button