മരണപ്പെട്ടുപോയ സ്വന്തക്കാരുടെ മൃതദേഹം വര്‍ഷം തോറും പുറത്തെടുത്ത് പുതുവസ്ത്രമണിയിക്കുന്നു. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമെങ്കിലും സംഗതി സത്യമാണ്. ഇന്തോനേഷ്യയിലെ ടോറോജ വിഭാഗത്തില്‍പ്പെട്ട ആളുകളാണ് ഇത്തരമൊരു വിചിത്രമായ ആചാരം പിന്തുടര്‍ന്ന് പോരുന്നത്.
എല്ലാ വര്‍ഷവും മൃതദേഹം പുറത്തെടുത്ത് വൃത്തിയാക്കി പുതു വസ്ത്രങ്ങള്‍ ധരിപ്പിച്ച് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഗ്രാമം മുഴുവനും പ്രദക്ഷിണം നടത്തുകയും വീണ്ടും അടക്കം ചെയ്യുകയും ചെയ്യും. മരിച്ചവരോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. നൂറിലേറെ വര്ഷം പഴക്കമുള്ള മൃതദേഹങ്ങള്‍ പോലും ഇത്തരത്തില്‍ പുറത്തെടുക്കുകയും അണിയിച്ചൊരുക്കുകയും ചെയ്യും. പ്രത്യേക രീതിയില്‍ സംസ്കരിക്കുന്നതിനാല്‍ മൃതദേഹത്തിന് കാര്യമായ കേടുപാടുകളുണ്ടാവില്ല.
ശവ സംസ്കാരത്തെ ജീവിതത്തിലെ പ്രധാനപ്പെട്ട ചടങ്ങായാണ് ടോറോജ വിഭാഗക്കാര്‍ കാണുന്നത്. മണ്ണിലോ കല്ലറകളിലോ അടക്കം ചെയ്യുന്ന രീതിക്ക് പകരം ഈജിപ്ഷ്യന്‍ മമ്മി സമ്പ്രദായമാണ് ഇവര്‍ പിന്തുടരുന്നത്. മൃതദേഹം എംബാം ചെയ്ത് മമ്മികളുടെ രൂപത്തില്‍ പെട്ടിയിലാക്കി ഗുഹകളിലോ മരത്തിന്റെ ചില്ലകളിലോ സൂക്ഷിക്കും. കുട്ടികളാണ് മരിച്ചതെങ്കില്‍ അവരുടെ ശരീരത്തിനൊപ്പം പുതിയ കളിപ്പാട്ടങ്ങള്‍ കൂടെ വെച്ചാണ് അടക്കം ചെയ്യുക. മൃതദേഹത്തെ ഗ്രാമത്തില്‍ പ്രദക്ഷിണം നടത്തിയതിന് ശേഷം മരിച്ചവര്‍ ഉപയോഗിച്ചിരുന്ന കസേരയും കട്ടിലുമൊക്കെ അലങ്കരിച്ച ശേഷം മൃതദേഹത്തെ അതില്‍ ഇരുത്തുകയും ചെയ്യുന്നു.
നൂറ്റാണ്ടുകളായി പിന്തുടര്‍ന്ന് പോരുന്ന ഈ ആചാരത്തിന് പിന്നില്‍ രസകരമായ ഒരു കഥയുണ്ട് . ബാരിപ്പു ഗ്രാമത്തിലെ വേട്ടക്കാരനായിരുന്ന പോങ്ങ് റുമസെക് മരച്ചുവട്ടില്‍ കിടന്ന ജീര്‍ണിച്ച മൃതദേഹം വൃത്തിയാക്കുകയും തന്റെ വസ്ത്രങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. ശേഷം മൃതദേഹം തടിപ്പെട്ടിയിലാക്കി മരത്തില്‍ സൂക്ഷിക്കുകയും ഇടയ്കിടെ പുതുവസ്ത്രങ്ങള്‍ അണിയിക്കുകയും ചെയ്തു. ഈ സംഭവത്തിനു ശേഷം പോങ്ങ് റുമസെക് ധനികനാകുകയും ചെയ്തു. തന്റെ അഭിവൃദ്ധിക്ക് കാരണം പരേതാത്മാവിന്റെ അനുഗ്രഹമാണ് എന്ന് ഗ്രാമവാസികളും അദ്ദേഹവും വിശ്വസിച്ചു. പോങ്ങിന്റെ മരണശേഷം ഈ ആചാരം ഗ്രാമവാസികള്‍ പിന്തുടര്‍ന്ന് പോരുകയും ചെയ്തു
Post Your Comments