Latest NewsNewsGulf

യൂസഫലിക്ക് ബ്രിട്ടീഷ് രാജ്ഞിയുടെ പുരസ്കാരം; എലിസബത്ത് രാജ്ഞിയുമായി സംസാരിക്കുന്ന ചിത്രം വൈറൽ

അബുദാബി: ലുലു ഗ്രൂപ്പ് തലവന്‍ എം.എ. യൂസഫലി എലിസബത്ത് രാജ്ഞിയുമായി സംസാരിക്കുന്ന ചിത്രം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനു പിന്നിൽ ഒരു പുരസ്‌കാര കഥയുണ്ട്. ആദ്യമായി ഒരു മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് വ്യാപാരരംഗത്ത് ബ്രിട്ടനിലെ ഉന്നത ബഹുമതി ലഭിച്ചിരിക്കുകയാണ്. എം.എ. യൂസഫലിയെ ബ്രിട്ടീഷ് രാജ്ഞിയുടെ ‘ക്യൂന്‍സ്’ പുരസ്കാരം നല്‍കിയാദരിച്ചു. ബ്രിട്ടനിലെ സാമ്പത്തിക, വ്യാപാര, തൊഴില്‍ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ആദരം. പ്രധാനമന്ത്രി തെരേസ മെയ് രാജ്ഞിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നല്‍കിയ സ്ഥാപനങ്ങളുടെ പട്ടികയ്ക്കാണ് എലിസബത്ത് രാജ്ഞിയുടെ അംഗീകാരം ലഭിച്ചത്.

ലുലു ഗ്രൂപ്പിന്റെ ബ്രിട്ടനിലെ സ്ഥാപനമായ വൈ ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തനമികവാണ് പുരസ്കാരത്തിനർഹമാക്കിയത്. എലിസബത്ത് രാജ്ഞി ബക്കിങ്ങാം കൊട്ടാരത്തില്‍ പുരസ്കാരസമര്‍പ്പണത്തിന്റെ ഭാഗമായി നല്‍കിയ സ്വീകരണത്തില്‍ യൂസഫലി പങ്കെടുത്തു.

എലിസബത്ത് രാജ്ഞിയുടെ പ്രതിനിധി ജോണ്‍ ക്രാബ് ട്രീ പ്രഭുവാണ് ബര്‍മിങ്ങാം സിറ്റി കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പുരസ്കാരം സമര്‍പ്പിച്ചത്. ബര്‍മിങ്ങാം മേയര്‍ ആനി അണ്ടര്‍വുഡ്, വാണിജ്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി ക്രിസ്റ്റിന്‍ ഹാമില്‍ട്ടണ്‍, പാര്‍ലമെന്റ് അംഗം ഖാലിദ് മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു. ബ്രിട്ടനിലെ ഉന്നതമായ പുരസ്കാരങ്ങളിലൊന്ന് ലഭിച്ചതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് യൂസഫലി പറഞ്ഞു. ഇത്തരമൊരു ബഹുമതി ബ്രിട്ടനിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനും ബ്രിട്ടന്റെ സാമ്പത്തിക മേഖലയ്ക്ക് കൂടുതല്‍ സംഭാവനകള്‍ നല്‍കാനും പ്രേരകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button