ബെയ്ജിങ് : ജനാധിപത്യത്തിനും അഭിപ്രായസ്വാതന്ത്രത്തിനുമായി വേണ്ടി ശബ്‌ദമുയർത്തിയതു കൊണ്ട് ജയിലിലടയ്‌ക്കപ്പെട്ട സമാധാന നൊബേൽ ജേതാവ് ലിയു സിയാവോബോ (61) അന്തരിച്ചു.ഷെന്യാങ്ങിലെ ചൈന മെഡിക്കൽ സർവകലാശാലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കരളിന് അർബുദം ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു.
സുപ്രശസ്ത മനുഷ്യാവകാശ പ്രവർത്തകനായിരുന്നു ലിയു സിയാവോബോ. ജനാധിപത്യം, ബഹുകക്ഷി തിരഞ്ഞെടുപ്പ്, സ്വതന്ത്ര നീതിന്യായ വ്യവസ്‌ഥ, നഗര-ഗ്രാമ സമത്വം, അഭിപ്രായസ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, പൊതുവിദ്യാഭ്യാസം, സാമൂഹിക സുരക്ഷ തുടങ്ങി 19 ആവശ്യങ്ങളടങ്ങുന്ന അവകാശപത്രിക തയാറാക്കാൻ നേതൃത്വം നൽകിയിട്ടുണ്ട്. ഇതിനെ തുടർന്ന് 2008 ൽ ചൈന അറസ്റ്റ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഏറെക്കാലം ഏകാന്ത തടവിലായിരുന്നു. അതിനു ശേഷമാണ് അറസ്‌റ്റ് ഔദ്യോഗികമായി വെളിപ്പെടുത്തിയത്. ലിയു രാജ്യത്തിനെതിരായ വിധ്വംസക പ്രവർത്തനങ്ങൾ നടത്തിയെന്ന ആരോപിച്ചായിരുന്നു കുറ്റം.
2009 ഡിസംബറിൽ 11 വർഷത്തെ തടവിനു വിധിച്ചു. സർവകലാശാലാ മുൻ പ്രഫസറായ ലിയു, 1989ലെ ടിയനൻമെൻ സമരത്തിൽ അറസ്‌റ്റിലായിരുന്നു. 2010 ലെ നൊബേൽ സമാധാന പുരസ്കാരം ലഭിച്ചെങ്കിലും ഏറ്റുവാങ്ങാൻ അനുവദിച്ചില്ല. സിയാവോബോയ്‌ക്കു സമ്മാനം നൽകിയതിനെ ചൈന രൂക്ഷമായി വിമർശിച്ചിക്കുകയും ചെയ്തു. തുടർന്ന്, ഒഴിഞ്ഞ കസേരയിലാണു നൊബേൽ സമിതി മെഡലും പ്രശസ്തിപത്രവും സമർപ്പിച്ചത്. അർബുദ ബാധിതനായപ്പോഴും വിദഗ്ധ ചികിൽസയ്ക്കായി വിദേശത്തേക്കു വിടണമെന്ന പാശ്ചാത്യ രാജ്യങ്ങളുടെ അഭ്യർഥന ചൈന നിരാകരിച്ചു.
Post Your Comments