രാജസ്ഥാനിലെ നാല് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാഗോര്‍, ചൌരു, ശികാര്‍, ബികാനീര്‍, ജില്ലകളിലാണ് നിരോധനാജ്ഞ. അധോലോക നേതാവ് അനന്ത് പാല്‍സിങ്ങിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാനിലെ രജപുത്ര സമുദായം നടത്തിയ പ്രതിഷേധത്തില്‍ എസ്പി അടക്കം പതിനാറ് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ബുധനാഴ്ച്ച വൈകുന്നേരം സന്ത്വാര ഗ്രാമത്തിലാണ് പ്രതിഷേധം നടന്നത്. നാഗൂര്‍ എസ്പി പാരിസ് ദേശ്മുഖിന്റെ വാഹനത്തിന് നേരെ പ്രതിഷേധക്കാര്‍ വെടിയുതിര്‍ത്തെന്നും പോലീസുകാര്‍ക്കെതിരെ ആക്രമണം നടത്തിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എസ്പിയും അഡീഷണല്‍ എസ്പിയും അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പോലീസുകാരെ ജയ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്പിയുടെ വാഹനം ആക്രമിച്ചതിനെ തുടര്‍ന്ന് പോലീസ് ജനങ്ങള്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു. പോലീസുകാര്‍ക്ക് പുറമേ പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റെന്ന് റിപ്പോര്‍ട്ടുകള്‍ പോലീസ് തള്ളി.
ജൂണ്‍ 24നാണ് അനന്ത് പാല്‍ സിംഗ് പോലീസുകാരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പോലീസില്‍ കീഴടങ്ങുകയാണെന്ന്‍ അറിയിച്ച ശേഷമാണ് അനന്ത്പാല്‍ കൊല്ലപ്പെട്ടതെന്ന് കുടുംബം ആരോപിച്ചു. അനന്ത്പാലിന്റെ മൃതദേഹം ഇതുവരെ സംസ്കരിച്ചിട്ടില്ല.
Post Your Comments