മനസ്സിന്റെ അന്ധകാരത്തെ നിർമ്മാർജ്ജനം ചെയ്യുന്ന ഗുരുവിനെ ഓര്‍മ്മിക്കുന്ന ആഘോഷമാണ് ഗുരുപൂർണ്ണിമ. വേദവ്യാസന്റെ സ്മരണാര്‍ത്ഥം ആഘോഷിക്കുന്ന ദിനമാണ് ഗുരുപൂര്‍ണ്ണിമ എന്നറിയപ്പെടുന്നത്. മനുഷ്യന് ദൈവിക ഗുണങ്ങള്‍ ലഭിച്ച് സാത്വികനായി മാറുമെന്ന പ്രതീക്ഷയും വിശ്വാസവുമാണ് ഈ ആഘോഷത്തിനു പിന്നില്‍ നിറഞ്ഞു നില്‍ക്കുന്നത്. പൂര്‍ണ്ണചന്ദ്രനുള്ള ദിവസമാണ് ഗുരുപൂര്‍ണ്ണിമയായി ആഘോഷിക്കുന്നത്.
മനുഷ്യമനസ്സിലെ അജ്ഞതയാകുന്ന തമസിനെ അറിവാകുന്ന പ്രകാശം കൊണ്ട് നിറയ്ക്കുന്ന ദിവസമാണ് ഗുരുപൂര്‍ണ്ണിമയായി ആഘോഷിക്കുന്നത് എന്നൊരു വാദവും നിലവിലുണ്ട്. വേദവ്യാസന് ബ്രഹ്മ സൂത്രം എഴുതിത്തുടങ്ങിയ ദിവസമാണ് ഗുരുപൂര്‍ണ്ണിമയായി ആഘോഷിക്കുന്നതെന്നാണ് ഒരു വാദം. സപ്തചിരഞ്ജീവികളിൽ ഒരാളാണ് വേദവ്യാസൻ. തെലുങ്ക് കലണ്ടര്‍ അനുസരിച്ച് നാലാമത്തെ മാസമായ ആഷാഡത്തിലെ പൂര്‍ണ്ണ ചന്ദ്രനുള്ള ദിവസമാണ് ഗുരുപൂര്‍ണ്ണിമയായി ആഘോഷിക്കുന്നതെന്ന വാദമാണ് എല്ലാവരും അംഗീകരിച്ചിട്ടുള്ളത്.
അന്ധകാരത്തില്‍ നിന്നും മനുഷ്യമനസ്സിനെ മോചിപ്പിക്കാനുള്ള ഈ ദിവസത്തെ ജനങ്ങള്‍ ആഘോഷമായി കൊണ്ടാടുന്നു. ബ്രിട്ടീഷുകാര്‍ വരുന്നതിനുമുന്പ് നമ്മുടെ അവധി ദിവസങ്ങള്‍ ഇന്നത്തേതുപോലെ ആയിരുന്നില്ല. അമാവാസിയോടനുബന്ധിച്ച് മൂന്നു ദിവസവും, പൗര്ണ്ണമിയോടനുബന്ധിച്ച് രണ്ടു ദിവസവും അവധിയായിരുന്നു.
ഈ അഞ്ച് അവധി ദിവസങ്ങളിലും ക്ഷേത്രങ്ങളില്‍ പോകുകയും ആദ്ധ്യാത്മിക ഉന്നമനത്തിനായി പരിശ്രമിക്കുകയും ചെയ്യേണ്ടിയിരുന്നു. പക്ഷെ ബ്രിട്ടീഷുകാരുടെ വരവോടെ ഞായറാഴ്ച അവധി ദിവസമായിത്തീര്‍ന്നു. ജീവിതത്തിൽ ഗുരുക്കന്മാരുടെ ആവശ്യകത വളരെ വലുതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഗുരുപൂർണ്ണിമ ദിനത്തിൽ ശിഷ്യർ ഗുരുപൂജ നടത്തുന്നു.
Post Your Comments