Latest NewsNewsInternational

പാകിസ്ഥാനിലെ സമ്പദ്‌വ്യവസ്ഥ തകര്‍ച്ചയില്‍ സര്‍ക്കാറിനെതിരെ ജനങ്ങള്‍ :

 

ഇസ്ലാമാബാദ്: സര്‍ക്കാര്‍ തലത്തിലെ തെറ്റായ തീരുമാനങ്ങളും ഭീകരതയുടെ പേരില്‍ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ടതും പാകിസ്ഥാന് തിരിച്ചടിയാകുന്നു. പാകിസ്ഥാനിലെ കറന്‍സിയുടെ വിലയിടിഞ്ഞതാണ് ഒടുവിലത്തെ സംഭവം . പാകിസ്ഥാന്‍ കറന്‍സിയായ റുപ്പിയ്ക്ക് ഒമ്പത് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വിലയിടിവാണിത്. കയറ്റുമതിയിലെ ഇടിവും കറന്‍സിയുടെ വില കുറയ്ക്കുമെന്നുള്ള അഭ്യൂഹങ്ങളുമാണ് ഇപ്പോഴത്തെ തിരിച്ചടിവിന് കാരണമെന്നാണ് വിലയിരുത്തല്‍.

2013ന് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ കുറവ് പാക് കറന്‍സിയ്ക്ക് രേഖപ്പെടുന്നത്. അമേരിക്കന്‍ ഡോളറിനെതിരെയുള്ള പാകിസ്ഥാന്‍ റുപ്പിയുടെ മൂല്യം മൂന്ന് ശതമാനം ഇടിഞ്ഞ് ഒരു ഡോളറിന് 108.1 പാക് റുപ്പി എന്ന നിലയിലെത്തി. 2016-17 സാമ്പത്തിക വര്‍ഷത്തിലെ പാകിസ്ഥാന്റെ കയറ്റുമതി 42 ശതമാനമാണ് കുറഞ്ഞത്. എന്നാല്‍ രാജ്യത്തേക്ക് അവശ്യ സാധനങ്ങളുടെ ഇറക്കുമതി 20 ശതമാനത്തിലേറെ വര്‍ദ്ധിക്കുകയും ചെയ്തു.

അതേസമയം, ഇപ്പോഴത്തെ പാകിസ്ഥാന്‍ റുപ്പിയുടെ വിലയിടിവ് കൃത്രിമമായി ഉണ്ടാക്കിയതെന്നാണ് പാകിസ്ഥാന്‍ ധനമന്ത്രാലയം വാദിക്കുന്നത്. എന്നാല്‍ രാജ്യത്തെ രാഷ്ട്രീയ അസ്ഥിരാവസ്ഥയാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണമെന്നാണ് പാക് മാദ്ധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നത്. ഈ വിലയിടിവ് പെട്ടെന്നുണ്ടായതല്ലെന്നും മാസങ്ങള്‍ക്ക് മുമ്പ് ഇത്തരമൊരു തിരിച്ചടിയെ പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും പാക് മാദ്ധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പാക് പ്രധാനമന്ത്രി നവാസ് ശെരീഫ് പനാമ രേഖകളിലെ അഴിമതിക്കാരില്‍ ഉള്‍പ്പെട്ടതും അന്വേഷണത്തെ നേരിടുന്നതും തിരിച്ചടിയുടെ കാരണങ്ങളിലൊന്നായി ഒരു പാക് പത്രം ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ധനവകുപ്പ് വിഷയത്തില്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകുമെന്നും പത്രം മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ഇപ്പോഴത്തെ തിരിച്ചടിയില്‍ നിന്നും തിരിച്ചു കയറാനുള്ള നടപടികളെപ്പറ്റി ധനവകുപ്പിന് ധാരണകളില്ലെന്നാണ് പാക് സാമ്പത്തിക വിദഗ്ദ്ധര്‍ തന്നെ വിലയിരുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button