പുതു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അധ്യാപകര്‍ക്കുള്ള പങ്ക് നിസ്തുലമാണ്. ഈ അവസരത്തില്‍ മലയാളത്തിലെ മികച്ച ചില അധ്യാപക വേഷങ്ങളിലൂടെ ഒരു കടന്നു പോകല്‍..
ജീവിതത്തില്‍ അധ്യാപനം തൊഴിലായി സ്വീകരിച്ച താരങ്ങളുണ്ട്. എന്നാല്‍ അതില്‍ കൂടുതല്‍ അധ്യാപകര്‍ നവതിയിലേക്ക് കടക്കുന്ന മലയാള സിനിമയില്‍ കടന്നു വന്നിട്ടുണ്ട്. പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കടന്നു പോയ ആ അധ്യാപകരില്‍ ചിലര്‍ ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. പലപ്പോഴും നമ്മുടെ തന്നെ ചില അദ്ധ്യാപകരെ അവര്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. അത്തരം വേഷങ്ങളില്‍ ആരും മറക്കാത്ത ഒരാളാണ് കണക്ക് ഭൂഗോളത്തിന്റെ സ്പന്ദനമാണെന്ന് പഠിപ്പിച്ച ചാക്കോ മാഷ്. ദ്വിമാന സമവാക്യത്തിന്റെ സാമാന്യരൂപം എന്താടാ, ബബ്ബ ബബ്ബ ബബ്ബ അല്ല. ഉത്തരം പറയടാ. എന്ന് ദേഷ്യപ്പെടുന്ന സ്ഫടികത്തിലെ ചാക്കോ മാഷ്. തിലകന്‍ അനശ്വരമാക്കിയ ചാക്കോ മാഷിനെ പോലുള്ള അധ്യാപകര്‍ തൊണ്ണൂറുകളില്‍ ധാരാളമുണ്ടായിരുന്നു.
വിരലില്‍ എണ്ണാവുന്നതിലേറെ അധ്യാപക വേഷങ്ങള്‍ ചെയ്തിട്ടുള്ള നടനാണ് നെടുമുടി വേണു. ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫാടികത്തില്‍ ചാക്കോ മാഷിന് തുല്ല്യമായ പ്രാധാന്യമില്ലെങ്കിലും നെടുമുടി വേണു അവതരിപ്പിച്ച രാവുണ്ണി മാഷ് … തോമസ് ചാക്കോയെ മികച്ച വിദ്യാര്‍ഥിയാക്കാന്‍ ചാക്കോ മാഷിന്റെ നിര്‍ബന്ധപ്രകാരം തോല്‍പ്പിക്കുന്ന അധ്യാപകന്‍. അതിന്റെ കുറ്റബോധത്തില്‍ നീറി ജീവിക്കുന്ന വ്യക്തി… ഒരിക്കലും പ്രേക്ഷക മനസില്‍ നിന്നും മായാത്ത രൂപമായി മാറാന്‍ രാവുണ്ണി മാഷിനു കഴിഞ്ഞിട്ടുണ്ട്. ഒടുവില്‍ രാജികൊടുത്ത് ചാക്കോ മാഷ് ഹെഡ്മാഷായുള്ള സ്കൂളില്‍ ഞാനുണ്ടാവില്ലായെന്നു പറഞ്ഞ് പടിയിറങ്ങുന്ന രംഗം ഇന്നും മലയാളികള്‍ക്ക് മറക്കാന്‍ പറ്റില്ല. മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ വന്ദനത്തില്‍ ചുറുചുറുക്കുള്ള കോളജ് പ്രഫസറായി വേഷമിട്ടപ്പോള്‍ വിദ്യാര്‍ഥികള്‍ ഒപ്പം കൂടുകയും പ്രഫസര്‍ വില്ലനായി മാറുകയും ചെയ്തു. ഒരു അധ്യാപകന്റെ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ മനോഹരമായി അവതരിപ്പിച്ച നെടുമുടി വേണുവിന്റെ ഈ പ്രഫസര്‍ വേഷവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടത് തന്നെയായിരുന്നു.
സ്നേഹമുള്ള സിംഹം, തനിയാവര്‍ത്തനം എന്നീ സിനിമകള്‍ ഉള്‍പ്പടെ നിരവധി അധ്യാപക വേഷങ്ങള്‍ മമ്മൂട്ടി ചെയ്തിട്ടുണ്ടെങ്കിലും 1995-ല്‍ പുറത്തിറങ്ങിയ മഴയെത്തും മുന്പേയിലെ ഇന്‍ഷര്‍ട്ട് ചെയ്ത് ടിപ്പ് ടോപ്പായി ഗേള്‍സ് കോളജിലേക്കെത്തുന്ന പ്രഫ.നന്ദകുമാര്‍ തന്നെയാണ് മമ്മൂട്ടിക്ക് നന്നായി ഇണങ്ങിയ മാഷ് വേഷങ്ങളില്‍ ഒന്ന്. മനോഹരമായി ഇംഗ്ലീഷില്‍ സംസാരിച്ചുകൊണ്ട് പെണ്‍കുട്ടികളുടെ ഇഷ്ടപ്പെട്ട അധ്യാപകനായി പ്രഫ.നന്ദകുമാര്‍ മാറി. ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ ആധ്യാപക വേഷത്തിന്റെ സ്വീകാര്യത അക്കാലത്തെ കോളേജ് കാമ്പസുകളില്‍ പ്രതിഫലിച്ചിരുന്നു. അയഞ്ഞ വേഷങ്ങളില്‍ നിന്നും ടിപ് ടോപ് വേഷങ്ങളിലേക്ക് കുട്ടികളും അധ്യാപകരും മാറിത്തുടങ്ങി.
അവതാരകനും രാഷ്ട്രീയ നേതാവുമായെല്ലാം തിളങ്ങുന്ന മുകേഷിനും ഒരു പിടി മികച്ച അധ്യാപക വേഷങ്ങളുണ്ട്. ജീവിക്കാനായി ആള്‍മാറാട്ടം നടത്തി അധ്യാപകനാകുന്ന ജോജിയെ ആരും മറക്കില്ല. 1994-ല്‍ പുറത്തിറങ്ങിയ മലപ്പുറം ഹാജി മഹാനായ ജോജിയിലെ മുകേഷ് ചെയ്ത അധ്യാപക വേഷത്തിനൊപ്പം ശ്രദ്ധേയമാണ് മലയാളികളുടെ പ്രിയ താരം ജഗതിയുടെ പിടി മാഷും. അധ്യാപകരേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരു ചെറിയ ചിരിയോടെ ഓര്‍ക്കാന്‍ സാധിക്കുന്ന വേഷങ്ങളാണ് ജഗതി നമുക്ക് സമ്മാനിച്ചത്. സ്പീഡ് ട്രാക്കിലും ഒളിമ്ബ്യന്‍ അന്തോണി ആദത്തിലുമെല്ലാമുള്ള പിടി മാഷിനെ കണ്ട് പ്രേക്ഷകര്‍ വാതോരാതെ ചിരിച്ചിട്ടുണ്ട്. സത്യം വിളിച്ചു പറയാനായി പരക്കം പായുന്ന അലിയാര് മാഷും കുട്ടികളെ ഫുട്ബോള്‍ പരിശീലിപ്പിച്ച് മത്സരത്തിന് കൊണ്ടുപോയി ഒടുവില്‍ തോറ്റ് തുന്നംപാടി വരുന്ന വട്ടോളി പൊറിഞ്ചുവും സ്പീഡ് ട്രാക്കിലെ കുഞ്ഞവറയും എല്ലാവരും ഓര്‍ത്തിരിക്കുന്ന അധ്യാപക വേഷങ്ങള്‍ തന്നെയാണ്.
ഉപ്പെന്നു പറഞ്ഞാല്‍ സാള്‍ട്ട് മാവ് എന്നു പറഞ്ഞാല്‍ മാംഗോ ട്രീ അപ്പോള്‍ ഉപ്പുമാവിന്റെ ഇംഗ്ലീഷ് സാള്‍ട്ട് മാംഗോ ട്രീ എന്ന് പഠിപ്പിച്ച ദിവാകരന്‍ മാഷ് മലയാളിയുടെ മനസ്സില്‍ ഇന്നും ചിരി നിറയ്ക്കുന്നുണ്ട്. ആവശ്യമായ വിദ്യാഭ്യാസമില്ലാതെ ജോല്ലിയില്‍ പ്രവേശിക്കുന്ന ചില അധ്യാപകരെ കളിയാക്കുന്ന ഒരാളായി ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്ന ചിത്രത്തില്‍ എത്തിയ മോഹന്‍ലാല്‍ ചെപ്പ്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ഇപ്പോള്‍ വെളിപാടിന്റെ പുസ്തകം തുടങ്ങിയ ചിത്രങ്ങളില്‍ എല്ലാം വ്യത്യസ്തതയാര്‍ന്ന അധ്യപാക വേഷങ്ങള്‍ നമുക്ക് മുന്നില്‍ അവതരിപ്പിച്ചുകൊണ്ട് മുന്നേറുന്നു.
ഇംഗ്ലീഷ് മീഡിയം സ്കൂളുമായും മറ്റും ശ്രീനിവാസനും സദാനന്ദന്റെ സമയത്തില്‍ ജ്യോതിഷത്തില്‍ വിശ്വസിക്കുന്ന അധ്യാപകനായി ദിലീപും മാണിക്യകല്ലിലെ വിനയ ചന്ദ്രനായി പൃഥിരാജും മങ്കിപെന്നിലൂടെ കര്‍ക്കശക്കാരനും പിന്നീട് സൗമ്യശീലനുമായ അധ്യാപകനായി മാറിയ വിജയ് ബാബുവും ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ ഫിസിക്കല്‍ ട്രെയിനര്‍ ആയി എത്തിയ ജോണ്‍ കൈപള്ളിലും ജനമനസുകളില്‍ ഇടംപിടിച്ചപ്പോള്‍ ന്യൂ ജനറേഷന്‍ കാലത്ത് കൂടുതല്‍ സ്വീകാര്യത നേടിയത് മലര്‍ മിസിന്റെ പുറകെ നടക്കുന്ന വിമല്‍ സാറിനും പിടി മാഷിനുമായിരുന്നൂ. ജാവ സിമ്ബിളാണ് പവര്‍ഫുള്ളുമാണെന്നെല്ലാം വിമല്‍ സാര്‍ പറയുമ്പോള്‍ തിയറ്ററുകളില്‍ ചിരി ഉണര്‍ന്നത് അത്തരത്തിലുള്ള രസികന്മാരായ അധ്യാപകര്‍ ഇപ്പോഴും കോളജുകളില്‍ ഉണ്ടെന്നുള്ളതിന്റെ തെളിവായിരുന്നു. ഇപ്പോള്‍ വീണ്ടും തിയേറ്ററുകളില്‍ കര്‍ക്കശനായ അധ്യാപകനായാണോ പ്രൊഫസര്‍ ഇടിക്കുള എത്തുകയെന്ന ആകാംഷയിലാണ് പ്രേക്ഷകര്‍. അതോടൊപ്പം മത്സരിക്കാന്‍ ഇടുക്കിക്കാരനായ ഒരു അധ്യാപകനായി മമ്മൂട്ടി ഒരുങ്ങുകയാണ്. അജയ് വാസുദേവ് ഒരുക്കുന്ന ചിത്രത്തില്‍ കുഴപ്പക്കാരായ കൊളേജ് വിദ്യാർഥികൾ പഠിക്കുന്ന കൊളേജ് കാംപസിലേക്ക് അതിലേറെ കുഴപ്പക്കരാനായ പ്രൊഫസറായി മമ്മൂട്ടി എത്തുമ്പോള്‍ പ്രേക്ഷകരും പ്രതീഷയിലാണ്.
Post Your Comments