പുതുക്കാട്: പാളത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ട്രെയിനുകൾക്ക് വേഗനിയന്ത്രണം. കുറുമാലിയിൽ പുഴയ്ക്ക് കുറുകെയുള്ള റെയിൽവേ മേൽപാലത്തിലെ പാളത്തിലാണ് വിള്ളൽ കണ്ടെത്തിയത്. റെയിൽവേ ട്രാക്ക് പട്രോളിങ്ങിനിടെ വിള്ളൽ കണ്ടെത്തിയ കീമാന്റെ അവസരോചിതമായ ഇടപെടലിനെ തുടർന്നാണ് അപകട സാധ്യത ഒഴിവായത്. വിള്ളൽ കണ്ടെത്തിയത് രാവിലെ 7.45നാണ്. കീമാൻ കെ.എം.യാക്കോബ് ഉടനെ തന്നെ പുതുക്കാട് റെയിൽവേ സ്റ്റേഷനിലേക്ക് വിവരം അറിയിക്കുകയായിരുന്നു.
പുതുക്കാട് സ്റ്റേഷനിൽ ഇൗ സമയം കടന്നു പോകേണ്ടിയിരുന്ന എറണാകുളം-ഗുരുവായൂർ പാസഞ്ചർ ട്രെയിൻ പിടിച്ചിട്ടു. പിന്നീട് മെക്കാനിക്കൽ വിഭാഗം സ്ഥലത്തെത്തി താൽക്കാലിക അറ്റകുറ്റപ്പണികൾ നടത്തി. തുടർന്ന് 8.15നാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്. 20 മിനിറ്റോളം വൈകിയാണ് എറണാകുളം-ഗുരുവായൂർ പാസഞ്ചർ ട്രെയിൻ പുതുക്കാട് സ്റ്റേഷനിൽനിന്നും പുറപ്പെട്ടത്.
മണിക്കൂറിൽ 30 കിലോമീറ്റർ മാത്രം വേഗത്തിലാണ് ഇപ്പോൾ ട്രെയിനുകൾ കടത്തി വിടുന്നത്. എറണാകുളത്തുനിന്നും വിദഗ്ധസംഘമെത്തി ഇന്ന് പ്രശ്നം പരിഹരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Post Your Comments