തിരുവനന്തപുരം : രാജ്യത്ത് ജൂലൈ ഒന്നിന് ജി.എസ്.ടി നിലവില്‍ വരുമ്പോള്‍ ഉപഭോക്താക്കള്‍ക്കും വ്യാപാര മേഖലകളിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഏതിനാണ് അധിക നികുതി, അല്ലെങ്കില്‍ നികുതിയിളവ് എന്നതിനെ കുറിച്ച് ഇപ്പോഴും ആശങ്കയാണ് ഉള്ളത്. എന്നാല്‍ ജിഎസ്ടി കേരളത്തിന് സാമ്പത്തിക നേട്ടം കൊണ്ടുവരും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അധികവരുമാനം എത്രയെന്നു മാത്രമേ അറിയേണ്ടതുള്ളൂ. കേരളത്തിന്റെ നികുതിവരുമാനത്തില്‍ 14% വര്‍ധനയുണ്ടാകുമെന്നാണ് ധനമന്ത്രി തോമസ് ഐസക് പറയുന്നത്. നിലവില്‍ നികുതി വരുമാനത്തില്‍ 10% വാര്‍ഷിക വളര്‍ച്ചയാണുള്ളത്. മൂന്നു വര്‍ഷംകൊണ്ട് നികുതി വരുമാനത്തില്‍ 20% വളര്‍ച്ചയുണ്ടാകുമെന്നും കണക്കുകൂട്ടുന്നു.
ജി.എസ്.ടി വരുമ്പോള്‍ കേരളത്തില്‍ നേട്ടം പ്രതീക്ഷിക്കുന്ന മേഖല ടൂറിസമാണ് . ഹോട്ടലുകളുടെ നിരക്ക് കുറയും എന്നാണ് പ്രതീക്ഷ. ആയിരം രൂപയില്‍ താഴെ നിരക്കുള്ള റൂമില്‍ താമസിച്ചാല്‍ നികുതിയില്ല. 2500 രൂപവരെ നോണ്‍എസി റസ്റ്ററന്റുകള്‍ക്കും റൂമുകള്‍ക്കും 12% ജിഎസ്ടി. എസി റസ്റ്ററന്റിലെ ഭക്ഷണത്തിനും റൂമിലെ താമസത്തിനും 7500 രൂപയ്ക്കു മുകളില്‍ ചെലവായാല്‍ 28% നികുതി നല്‍കണം. മുന്‍പ് വാറ്റും മറ്റ് നികുതികളുമെല്ലാംകൂടി ഇതിലേറെ വരുമായിരുന്നു.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മൊബൈല്‍ ഫോണ്‍, ബാങ്കിങ് സേവനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന മലയാളിക്ക് പക്ഷേ ചെലവ് കൂടും. സേവന മേഖലയില്‍ മിക്ക ഇനങ്ങള്‍ക്കും 15 ശതമാനത്തിനു മുകളിലാണ് നികുതി. പക്ഷേ, സര്‍ക്കാരിന് ഇവിടെയും നേട്ടമാണ്. നികുതി വരുമാനം കൂടും.
സിനിമയാണ് നേട്ടമുണ്ടാക്കുന്ന മറ്റൊരു മേഖല. നിലവില്‍ വിനോദ നികുതി തുടങ്ങി തദ്ദേശ സ്ഥാപനങ്ങള്‍ക്കു നല്‍കുന്ന നികുതികളെല്ലാം ഇല്ലാതാകും. പകരം ജിഎസ്ടി എന്ന ഒറ്റ നികുതിനല്‍കണം. തദ്ദേശ സ്ഥാപനങ്ങള്‍ക്കു നികുതി നല്‍കേണ്ടതില്ല. ഇവിടെ പക്ഷേ വലിയൊരു പ്രശ്‌നം തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന വരുമാനം ഇല്ലാതാകും എന്നുള്ളതാണ്. ജിഎസ്ടിയില്‍ ശേഖരിക്കുന്ന വരുമാനത്തിന്റെ വിഹിതം തദ്ദേശ സ്ഥാപനങ്ങള്‍ക്കു നല്‍കും എന്ന സംസ്ഥാനത്തിന്റെ ഉറപ്പ് പാലിക്കപ്പെട്ടാല്‍ ആ പ്രശ്‌നവും പരിഹരിക്കപ്പെടും. നൂറു രൂപയില്‍ താഴെ നിരക്കുള്ള ടിക്കറ്റുകള്‍ക്ക് 18 ശതമാനവും നൂറുരൂപയ്ക്കുമേല്‍ നിരക്കുള്ള ടിക്കറ്റുകള്‍ക്ക് 28 ശതമാനവുമാണ് ജിഎസ്ടി നിശ്ചയിച്ചിട്ടുള്ളത്. സ്വാഭാവികമായും ടിക്കറ്റ് നിരക്ക് കുറയും. ഏറ്റവുമധികം നേട്ടമുണ്ടാക്കുക ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന മള്‍ട്ടിപ്ലക്‌സുകളാകും.
കയറ്റുമതി മേഖലയും ജിഎസ്ടിയില്‍ നേട്ടം വാരും. കയറ്റുമതിയെ നികുതിയില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. കേരളത്തിലെ കയര്‍, കശുവണ്ടി, സമുദ്രോത്പന്നങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇതു നേട്ടമാകും. റബറാണ് നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള മറ്റൊരു മേഖല. നിലവില്‍ ഇറക്കുമതിയാണ് റബറിന്റെ വിലയിടിവിനു പ്രധാന കാരണം. നികുതിയില്ലാതെ കയറ്റുമതി സാധ്യമാകുകയും ഇറക്കുമതിക്ക് നികുതി ചുമത്തുകയും ചെയ്യുമ്പോള്‍ റബര്‍ ഇറക്കുമതി ലാഭകരമല്ലാതായിത്തീരും. റബര്‍ ഇറക്കുമതിക്ക് തുറമുഖ നിയന്ത്രണത്തിനുകൂടി സര്‍ക്കാര്‍ തയാറായാല്‍ കര്‍ഷകര്‍ക്ക് അത് വലിയ നേട്ടമാകും. ഈ പ്രതിസന്ധിയെ വ്യവസായികള്‍ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു കാര്യങ്ങള്‍.
നിലവില്‍ വഴിമുടക്കികളായി നിലനില്‍ക്കുന്ന ചെക്ക്‌പോസ്റ്റുകള്‍ ഇല്ലാതാകും എന്നുള്ളതാണ് ഏറ്റവും വലിയ നേട്ടം. ചില സംസ്ഥാനങ്ങളില്‍ ചെക്ക്‌പോസ്റ്റുകള്‍ ഇല്ലാതാകാന്‍ കുറച്ചുസമയംകൂടി എടുക്കും. ചരക്ക് ലോഡ് പുറപ്പെടുന്ന സമയത്തുതന്നെ ഇ വേ ബില്‍ ജിഎസ്ടി സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നതിനാല്‍ ചെക്ക്‌പോസ്റ്റില്‍ കാത്തുകെട്ടി കിടക്കേണ്ടി വരില്ല. മറ്റ് പരിശോധനകള്‍ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ മാത്രമേ ലോഡ് തടയേണ്ടി വരൂ. മറ്റു പല സംസ്ഥാനങ്ങളിലും പക്ഷേ, ഈ രീതി നടപ്പാകാന്‍ അല്‍പംകൂടി താമസിക്കും. കേരളം ഇ ഡിക്ലറേഷന്‍ സംവിധാനത്തിലേക്കു നേരത്തെതന്നെ മാറിയതിനാല്‍ പ്രശ്‌നമില്ല.
ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയുള്ള കച്ചവടമാണ് കേരളത്തിനു നേട്ടമാകാവുന്ന മറ്റൊരു പ്രധാന മേഖല. നിലവില്‍ ഇ- കൊമേഴ്‌സില്‍നിന്നു കേരളത്തിനു കാര്യമായ നേട്ടമുണ്ടാകുന്നില്ല. മുന്‍പ്, സംസ്ഥാനം ഇവരെ നികുതി വലയിലാക്കാന്‍ ശ്രമിച്ചപ്പോള്‍ നികുതി ഒഴിവാക്കാനായി പല കമ്പനികളും ക്യാഷ് ഓണ്‍ ഓണ്‍ ഡെലിവറി സംവിധാനം നിര്‍ത്തലാക്കിയിരുന്നു. കച്ചവടം എവിടെ നടക്കുന്നോ അവിടെ നികുതി നല്‍കണം എന്നതാണ് ജിഎസ്ടിയുടെ വ്യവസ്ഥ. അതനുസരിച്ച് ക്യാഷ് ഓണ്‍ ഡെലിവറി ആയാലും പ്രീ പേമെന്റ് ആയാലും കമ്പനികള്‍ ഒറ്റത്തവണ നികുതി നല്‍കിയാല്‍ മതിയാകും. അന്തര്‍ സംസ്ഥാന വ്യാപാരത്തിന്റെ ഒരു വിഹിതം എന്തായാലും സംസ്ഥാനത്തിനു ലഭിക്കുകയും ചെയ്യും.
എന്തായാലും ആശങ്കകളും ആശയകുഴപ്പങ്ങളും പരിഹരിച്ച് ജൂലൈ ഒന്നിന് തന്നെ ജി.എസ്.ടി രാജ്യത്ത് നടപ്പിലാകും
Post Your Comments