ന്യൂഡല്‍ഹി: പുതുതായി വാങ്ങുന്ന ഫ്‌ളാറ്റുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നികുതി ഘടനയില്‍ വലിയ മാറ്റം. കെട്ടിട നിര്‍മ്മാതാവില്‍ നിന്ന് വീടോ ഫ്‌ളാറ്റോ ജൂലായ് ഒന്നിന് ശേഷം വാങ്ങുന്നവര്‍ 12 ശതമാനം ജി.എസ്.ടി നല്‍കേണ്ടിവരും. ജൂണ്‍ 30 വരെ ഇതിന് 4.5 ശതമാനം നികുതി നല്‍കിയാല്‍ മതി. ജി.എസ്.ടി വന്നതോടെ നികുതിയില്‍ 7.5 ശതമാനം വര്‍ദ്ധന വന്നതായാണ് കെട്ടിട നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
ജൂലായ് ഒന്നിന് ശേഷം കെട്ടിട നിര്‍മ്മാതാവ് നല്‍കുന്ന ഓരോ ഇന്‍വോയിസിനും 12 ശതമാനം ജി.എസ്.ടി നല്‍കിയേ മതിയാവൂ. ഈ രീതിയില്‍ വരുന്ന അധിക നികുതി നല്‍കാന്‍ തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് കെട്ടിട നിര്‍മ്മാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് കത്തുകള്‍ അയച്ചു തുടങ്ങി.
ഒരു കോടിയുടെ ഒരു ഫ്‌ളാറ്റ് ബുക്ക് ചെയ്തയാള്‍ ജൂണ്‍ 30ന് മുമ്പ് 20 ലക്ഷം രൂപയും 4.5 ശതമാനം നികുതിയും നല്‍കിയെന്നിരിക്കട്ടെ. ബാക്കി 80 ലക്ഷമാണ് നല്‍കാനുള്ളത്. ഈ 80 ലക്ഷത്തിന് 12 ശതമാനം നികുതി നല്‍കണം. അതായത് മുന്‍ നിരക്ക് അനുസരിച്ച് 3.6 ലക്ഷം (80 ലക്ഷത്തിന്റെ 4.5 ശതമാനം) നല്‍കേണ്ടിയിരുന്ന സ്ഥാനത്ത് 9.6 ലക്ഷം (80 ലക്ഷത്തിന്റെ 12 ശതമാനം) നല്‍കണം.
അതേസമയം താഴെ തട്ടില്‍ വിലയുള്ള ഫ്‌ളാറ്റുകളുടെ വില കുറയും. സിമന്റ്, സ്റ്റീല്‍ തുടങ്ങിയ അസംസ്‌കൃത സാധനങ്ങള്‍ക്ക് നല്‍കുന്ന നികുതി കെട്ടിട നിര്‍മ്മാതാവിന് മൊത്തം നികുതിയില്‍ നിന്ന് കുറച്ചുകിട്ടുന്നതാണ് വില കുറയാന്‍ കാരണമാവുന്നത്. വിലയില്‍ 5 ശതമാനം കുറവാണ് പൊതുവെ പ്രതീക്ഷിക്കുന്നത്.
Post Your Comments