പ്യോങ്യാങ് : രഹസ്യമായി നിര്‍മിച്ച അണ്വായുധം ശത്രു രാജ്യത്തിന്റെ ആകാശത്തുവെച്ച് പൊട്ടിച്ച് വിമാനങ്ങള്‍, വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ എല്ലാം തകര്‍ക്കുകയാണ് ഉത്തരകൊറിയന്‍ പദ്ധതിയെന്ന് ആരോപണം. പ്രതിരോധ വിദഗ്ധരാണ് അമേരിക്കയ്ക്ക് ഉത്തരകൊറിയയുടെ ഇത്തരം ആകാശ ആണവപദ്ധതികള്‍ പരിഹരിക്കാനാകാത്ത നഷ്ടത്തിനിടയാക്കുമെന്ന മുന്നറിയിപ്പ് നല്‍കുന്നത്.
ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്നിന് അമേരിക്കക്കെതിരെ ഇത്തരം ആകാശ ആണവ പദ്ധതിയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുഎസ് പ്രതിരോധ വിദഗ്ധന്‍ ഹെന്റി എഫ് കൂപ്പറാണ് ഇപ്പോള്‍ ഇത്തരമൊരു മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. നാല്‍പ്പത് മൈല്‍ ഉയരത്തില്‍ അണുബോംബിട്ടാല്‍ നൂറുകണക്കിന് മൈലുകള്‍ നീളുന്നതായിരിക്കും അതിന്റെ ദുരന്തഫലം. വൈദ്യുതിയും വാര്‍ത്താവിനിമയ ബന്ധങ്ങളും തകരാറിലാകുന്നതിനൊപ്പം യാത്രാ വിമാനങ്ങളേയും ബഹിരകാശത്തെ കൃത്രിമോപഗ്രഹങ്ങളെ പോലും ഈ സ്ഫോടനം തകര്‍ക്കും. ആണവസ്ഫോടനത്തെ തുടര്‍ന്നുണ്ടാകുന്ന വൈദ്യുതി കാന്തിക തരംഗങ്ങളാണ് ദുരന്തത്തിന്റെ രൂക്ഷത വര്‍ധിപ്പിക്കുന്നത്.
അടുത്തിടെ ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം വായുവില്‍ വെച്ച് തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണം അതുകൊണ്ടു തന്നെ പരാജയമാണെന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. എന്നാല്‍ ഉത്തരകൊറിയയുടെ ലക്ഷ്യം ഇത്തരത്തില്‍ വായുവില്‍ സ്ഫോടനം നടത്തുകയാണെന്നും അങ്ങനെയെങ്കില്‍ അവരുടെ പരീക്ഷണം വിജയമായിരുന്നുവെന്നുമാണ് ഇപ്പോള്‍ ഉയരുന്ന മറ്റൊരു വാദം.
ഉത്തരകൊറിയയുടെ പക്കലുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന 10 മുതല്‍ 20 കിലോ ടണ്‍ വരെ ശേഷിയുള്ള അണ്വായുധങ്ങള്‍ ഈ രീതിയില്‍ ആകാശത്ത് വെച്ച് പൊട്ടിച്ചാല്‍ തന്നെ പ്രത്യാഘാതങ്ങള്‍ അതി രൂക്ഷമായിരിക്കും. നൂറുകണക്കിന് കിലോ ടണ്‍ ശേഷിയുള്ള അണ്വായുധങ്ങള്‍ക്കേ മാരക നശീകരണങ്ങള്‍ വരുത്താനാകൂ എന്നത് തന്നെ തെറ്റായ വിശ്വാസമാണെന്നാണ് കൂപ്പര്‍ പറയുന്നത്. ലക്ഷ്യസ്ഥാനത്തെ കുറിച്ച് അത്രത്തോളം കൃത്യത ആവശ്യമില്ലെന്നതും നിലവിലുള്ള സംവിധാനങ്ങള്‍ തന്നെ മതിയെന്നതും ഉത്തരകൊറിയക്ക് ആവശ്യമെങ്കില്‍ ഇത്തരമൊരു ആകാശ ആണവസ്ഫോടനത്തിന് പ്രേരിപ്പിക്കാമെന്നാണ് മുന്നറിയിപ്പ്.
Post Your Comments