ജെഎൻയു വിദ്യാർത്ഥി നേതാവ് കനയ്യ കുമാർ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതായി ഫോറൻസിക് റിപ്പോർട്ട്. 2016 ഫെബ്രുവരി ഒൻപതിന് ദൽഹി ജെഎൻയുവിലെ ‘സാംസ്കാരിക സായാഹ്ന’ത്തിനിടെയാണ് കനയ്യയും കൂട്ടരും ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചത്. അത് അന്നുതന്നെ വിവാദമായതാണ്. ചില ടിവി ചാനലുകൾ അത് സംപ്രേഷണം ചെയ്തുവെങ്കിലും പിന്നീട് അത് കള്ള വീഡിയോ ആണ് എന്ന പ്രചാരണവുമായി ഇടതുപക്ഷ സഹയാത്രികർ ഇറങ്ങിയിരുന്നു. ആ വാദഗതികളാണ് ഇന്നിപ്പോൾ ഫോറൻസിക് പരിശോധന ഫലത്തോടെ പൊളിഞ്ഞത്. ജെഎൻയു പലപ്പോഴും ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറിയിരുന്നു എന്ന് ബിജെപി – സംഘ പ്രസ്ഥാനങ്ങൾ മുൻപും പലപ്പോഴും ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ത്യൻ പാർലമെന്റ് ആക്രമിച്ച കേസിലെ പ്രതിയായ അഫ്സൽ ഗുരുവിനെ വധശിക്ഷക്ക് വിധിച്ചതിനെതിരെയാണ് കനയ്യയും കൂട്ടരും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നത് എന്നത് പ്രധാനമാണ്. സുപ്രീം കോടതി വിധി പിന്നീട് രാജ്യം നടപ്പാക്കുകയായിരുന്നുവല്ലോ. മുംബൈ ആക്രമണത്തിൽ പ്രതിയായ അജ്മൽ കസബിന്റെ വധശിക്ഷക്ക് എതിരെയും ഇക്കൂട്ടർ തെരുവിലിറങ്ങിയിരുന്നു എന്നതോർക്കുക. ” ഇന്ത്യ ഗോ ബാക്ക്, കാശ്മീർ കി ആസാദി തക്ക് ജംഗ് ചാലേഗി, ഭാരത് കി ബർബാദി തക്ക് ജംഗ് ചാലേഗി” എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ അന്ന് അവിടെ ഉയർന്നു എന്നതായിരുന്നു ആക്ഷേപം. അതിനുമുൻപ് ഇന്ത്യൻ സൈന്യത്തിനെതിരെ ദുഷ്പ്രചരണം നടത്തി എന്ന ആക്ഷേപവും കനയ്യക്കെതിരെ ഉയർന്നിരുന്നു. “സൈനികർ കാശ്മീരിൽ സ്ത്രീകളെ അപമാനിക്കുകയാണ് ” എന്ന് കനയ്യ പറഞ്ഞുവെന്നതായിരുന്നു ആ പരാതി.
പ്രശ്നം വിവാദമായതോടെയാണ് ദൽഹി പോലീസ് വീഡിയോകൾ ഫോറൻസിക് പരിശോധനക്കായി അയച്ചത്. സിബിഐയുടെ കീഴിലെ ഫോറൻസിക് ലാബിൽ ആണ് പരിശോധന നടന്നത്. കനയ്യ കുമാർ അത്തരത്തിൽ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചതായി ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. അക്കാര്യം അവർ ജൂൺ എട്ടിന് ദൽഹി പോലീസ് സ്പെഷ്യൽ സെല്ലിനെ അറിയിച്ചിട്ടുണ്ട്. ക്യാമറ , മെമ്മറി കാർഡ്, ക്ലിപ്പ് ഉൾക്കൊള്ളുന്ന സിഡി, മറ്റ് ഉപകരണങ്ങൾ എന്നിവ പോലീസ് പരിശോധനക്കായി അയച്ചിരുന്നു.
സാധാരണ നിലയ് ക്ക് രാജ്യദ്രോഹ കുറ്റത്തിന് കനയ്യക്കും കൂടെയുള്ള പ്രവർത്തകർക്കുമെതിരെ കേസെടുക്കുന്നതിൽ ഇത് കലാശിക്കും എന്നാണ് സൂചനകൾ. അന്ന് ജെഎൻയുവിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ ആ നിലക്ക് കേസെടുക്കാനാണ് ദൽഹി പോലീസ് ആഗ്രഹിച്ചിരുന്നത്. എന്നാൽ എല്ലാ തെളിവുകളും സ്വായത്തമായ ശേഷം മതി നീക്കം എന്നതായിരുന്നു നിയമോപദേശം. അതിനെത്തുടർന്നാണ് ഫോറൻസിക് പരിശോധനക്ക് അയച്ചത്. ഇനി താമസിയാതെ മറ്റു നടപടികൾ തുടങ്ങുമെന്നാണ് സൂചന. ഫോറൻസിക് റിപ്പോർട്ട് ഉടനെ കോടതിയിൽ സമർപ്പിക്കും. കാശ്മീരിൽ സൈന്യം സ്ത്രീകളെ അപമാനിക്കുന്നു, ബലാൽസംഗം ചെയ്യുന്നു എന്നും മറ്റുമുള്ള ആക്ഷേപവും നിയമനടപടിക്ക് വിധേയമാക്കുകയാണ് എന്നാണ് സൂചനകൾ. കോടിയേരി ബാലകൃഷ്ണന്റെ വിവാദമായ കണ്ണൂർ പ്രസംഗവും കനയ്യ മോഡലിൽ ആയിരുന്നു എന്നത് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കനയ്യക്കെതിരെ നടപടി എടുക്കുമ്പോൾ അതിനു വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ജെഎൻയുവിൽ മാത്രമല്ല ഹൈദരാബാദ് സർവകലാശാലയിലും ഇത്തരത്തിലുള്ള മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നു. രണ്ട് സംഭവങ്ങൾക്ക് പിന്നിലും ഒരേ സംഘടനയായിരുന്നു എന്നതും കാണാതെ പൊയ്ക്കൂടാ. അതിലേറെ പ്രാധാന്യം രണ്ടിടത്തും ഇവർക്കൊപ്പമുണ്ടായിരുന്നതും ഇവരുടെ പ്രവർത്തികളെ പരസ്യമായി ന്യായീകരിച്ചതും ഇന്ത്യയിലെ മുതിർന്ന പ്രതിപക്ഷ നേതാക്കളാണ്. രാഹുൽ ഗാന്ധി, സീതാറാം യെച്ചൂരി, ഡി രാജ തുടങ്ങിയവർ അക്കൂട്ടത്തിലുണ്ടായിരുന്നു. ഈ മുതിർന്ന രാഷ്ട്രീയ നേതാക്കൾ രാഷ്ട്രവിരുദ്ധ, രാജ്യദ്രോഹ പ്രവർത്തനങ്ങളെ അനുകൂലിക്കുക മാത്രമല്ല അത്തരക്കാരെ ഒരർഥത്തിൽ സംരക്ഷിക്കുകയുമായിരുന്നു. ‘പാക്കിസ്ഥാൻ സിന്ദാബാദ് ‘ എന്ന് വിളിച്ചാൽ എന്താണ് കുഴപ്പം എന്നുവരെ ചോദിച്ച നേതാക്കൾ ഉണ്ടായിരുന്നു എന്നത് ഓർമ്മിക്കുക. തീർച്ചയായും, ഈ കേസും ഫോറൻസിക് റിപ്പോർട്ടും കോടതി പരിഗണിക്കുമ്പോൾ മുതിർന്ന പ്രതിപക്ഷ നേതാക്കൾ എങ്ങിനെ പ്രതികരിക്കും എന്നതാവും. മാത്രമല്ല, അവർ ഈ രാജ്യവിരുദ്ധ പ്രവർത്തനത്തെയും അതിനു പിന്നിലുണ്ടായിരുന്നവരെയും തള്ളിപ്പറയുമോ എന്നതും രാജ്യം ഉറ്റുനോക്കും എന്നതിൽ സംശയമില്ല.
രാഷ്ട്ര വിരുദ്ധ പ്രവർത്തനങ്ങളെ ശക്തമായി കൈകാര്യം ചെയ്യണം എന്നതാണ് കേന്ദ്ര സർക്കാരിന്റെ എന്നത്തേയും നിലപാട്. അത് ഒട്ടെല്ലാ സംസ്ഥാന സർക്കാരുകളും അംഗീകരിച്ചിട്ടുണ്ട്. ഭീകര പ്രവർത്തനങ്ങൾ പലവിധത്തിൽ നടക്കുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല എന്നതും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നിയമം അനുശാസിക്കുന്ന വിധത്തിൽ നടപടികൾ എടുക്കണമെന്നും കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments