Latest NewsNewsInternational

ചൈന-പാകിസ്ഥാന്‍ നയതന്ത്രബന്ധത്തിലെ വിള്ളല്‍ : പാകിസ്ഥാന്‍ ആശങ്കയില്‍

 

ഇസ്‌ലാമാബാദ് : ചൈനയുമായുള്ള നയതന്ത്രബന്ധം ഉലഞ്ഞതിനെ തുടര്‍ന്ന് ആശങ്കയിലാണ് പാകിസ്ഥാന്‍. പാകിസ്ഥാനുള്ള ആയുധങ്ങളും സൈനിക സഹായങ്ങളും നല്‍കി വരുന്നത് ചൈനയാണ്. ഇക്കാരണത്താല്‍ ചൈനയുമായുള്ള ഇടച്ചില്‍ പാകിസ്ഥാനെ കാര്യമായി ബാധിയ്ക്കും.

ഇക്കാരണത്താല്‍ ചൈനയെ തണുപ്പിയ്ക്കാനുള്ള ശ്രമത്തിലാണ് പാകിസ്ഥാന്‍. ബലൂചിസ്ഥാനില്‍ രണ്ടു ചൈനീസ് പൗരന്‍മാര്‍ കൊല്ലപ്പെട്ടതിനെച്ചൊല്ലിയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഇതേ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചൈനീസ് പൗരന്‍മാര്‍ ഉള്‍പ്പെടെയുള്ള വിദേശികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനു പാക്കിസ്ഥാന്‍ ശ്രമം തുടങ്ങി. 4,200ല്‍ അധികം പേര്‍ അംഗങ്ങളായ പ്രത്യേക സുരക്ഷാ വിഭാഗത്തിനു പാക്കിസ്ഥാന്‍ രൂപം നല്‍കിയതായി വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ചു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ലോകരാജ്യങ്ങളുടെ ശക്തമായ എതിര്‍പ്പിനിടയിലും പാക്കിസ്ഥാനെ ഉറ്റമിത്രമായി പരിഗണിക്കുന്ന രാജ്യമാണു ചൈന. ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി ഉള്‍പ്പെടെ പാക്കിസ്ഥാനില്‍ നടക്കുന്ന ഒട്ടേറെ വികസന പ്രവര്‍ത്തികള്‍ക്കു ചൈന പണം മുടക്കുന്നുണ്ട്. മാത്രമല്ല, ഇതുള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായി ഒട്ടേറെ ചൈനക്കാര്‍ പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നുമുണ്ട്.

അതുകൊണ്ടുതന്നെ, ബലൂചിസ്ഥാനില്‍ ചൈനക്കാരായ രണ്ട് അധ്യാപകരെ ഭീകരര്‍ കൊലപ്പെടുത്തിയതില്‍ ചൈനയ്ക്ക് കടുത്ത ആശങ്കയാണുള്ളത്. ചൈനീസ് പൗരന്‍മാരുടെ കൊലപാതകം പദ്ധതിയെ ബാധിക്കില്ലെന്നു ചൈന അറിയിച്ചിട്ടുണ്ടെങ്കിലും, ഇക്കാര്യത്തില്‍ ചൈനയ്ക്കുള്ള നീരസം പാക്കിസ്ഥാനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണു വിദേശികളുടെ സുരക്ഷയ്ക്കായി പ്രത്യേക വിഭാഗത്തെ നിയോഗിച്ചു ചൈനയെ സമാധാനിപ്പിക്കാനുള്ള ശ്രമം.

 

ബലൂചിസ്ഥാനിലെ ക്വറ്റയില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ കഴിഞ്ഞമാസം തട്ടിക്കൊണ്ടുപോയ ചൈനീസ് പൗരന്മാരായ അധ്യാപകരെ പിന്നീടു ക്രൂരമായി കൊലപ്പെടുത്തിയ സംഭവമാണു ചൈനയെ ചൊടിപ്പിച്ചത്. ഈ സംഭവത്തിനു പിന്നാലെ അസ്താനയില്‍ ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ പാക്ക് പ്രധാനമന്ത്രി ഷരീഫുമായുള്ള പതിവു കൂടിക്കാഴ്ച പ്രസിഡന്റ് ഷി ചിന്‍പിങ് ഒഴിവാക്കിയിരുന്നു.

കസാഖിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, റഷ്യ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ചൈനയിലെ മാധ്യമങ്ങളാകട്ടെ, ഷിയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. അതിലും ഷരീഫിന്റെ പേരു കടന്നുവന്നില്ല. ഇതോടെ അപകടം മണത്ത പാക്കിസ്ഥാന്‍, ചൈനയെ മയപ്പെടുത്താനുള്ള നീക്കം ആരംഭിക്കുകയായിരുന്നു.

 

പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പദ്ധതിയുടെ സുരക്ഷയ്ക്കായി മാത്രം 15,000ല്‍ അധികം സൈനികരെയാണു പാക്കിസ്ഥാന്‍ നിയോഗിച്ചിരിക്കുന്നത്. ഇതിനു പുറമെയാണ് വിദേശികളുടെ സുരക്ഷയ്ക്കായി പ്രത്യേക സേനാവിഭാഗത്തെ നിയോഗിച്ചിരിക്കുന്നത്. പാക്കിസ്ഥാനിലെ വിവിധ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന ചൈനക്കാരുടെ വിവരങ്ങള്‍ പ്രദേശിക സര്‍ക്കാരുകള്‍ ശേഖരിക്കാനാരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button