ന്യൂഡല്‍ഹി: സൈന്യത്തിന് അത്യാധുനിക സംവിധാനങ്ങള്‍ ഇറക്കുമതി ചെയ്യുന്നു. ഭീകരര്‍ മറഞ്ഞിരുന്നാലും കണ്ടുപിടിച്ച് വകവരുത്താന്‍ സഹായിക്കുന്ന ഉപകരണങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്. ഭീകരവിരുദ്ധ നടപടികള്‍ക്കിടെ വീടുകളിലോ ഭൂഗര്‍ഭ കേന്ദ്രങ്ങളിലോ ഒളിച്ചിരിക്കുന്നവരെ അകത്തുകയറാതെ തന്നെ സുരക്ഷിതമായി കണ്ടെത്താന്‍ സഹായിക്കുന്ന റഡാര്‍ സംവിധാനമാണ് സൈന്യത്തിന് ലഭിച്ചിരിക്കുന്നത്. ഇവ അമേരിക്ക, ഇസ്രായേല്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് എത്തിക്കുക. ഇതിനോടകം തന്നെ കശ്മീരിലെ ഭീകര വിരുദ്ധ നടപടികളില്‍ സൈനിക സേനയ്ക്കായി എത്തിച്ച റഡാറുകളില്‍ ചിലത് ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
സൈന്യത്തിന്റെ ആള്‍നാശം കുറയ്ക്കുകയും ഭീകരരെ പരമാവധി പ്രഹരിക്കാനാനുതകുന്നവയാണ് ഉപകരണങ്ങള്‍. ഈ റഡാറുകള്‍ മൈക്രോ വേവ് തരംഗങ്ങളനുസരിച്ചാണ് പ്രവര്‍ത്തിക്കുക. കോണ്‍ക്രീറ്റ് നിര്‍മിതമായ ഭിത്തിക്ക് അപ്പുറം നില്‍ക്കുന്നവരെപ്പോലും കൃത്യമായി മനസിലാക്കാന്‍ സാധിക്കുമെന്നതാണ് ഇവയുടെ മെച്ചം.
ഇവയുടെ വില രണ്ടുകോടി രൂപയാണ്. എന്നാല്‍ ഇത്തരം റഡാര്‍ വികസിപ്പിക്കുന്നതിന്റെ ആന്തിമ ഘട്ടത്തിലാണ് ഡിആര്‍ഡിഒ. ‘ദിവ്യ ചക്ഷു’ എന്നാണ് തയ്യാറാക്കിയ റഡാറിന് പേരിട്ടിരിക്കുന്നത്. ഇതിന്റെ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പരീക്ഷണങ്ങള്‍ പൂര്‍ത്തിയായാല്‍ ഇറക്കുമതി ചെയ്യുന്നവയ്ക്ക് പകരം ഇവയെ സൈന്യത്തിന്റെ ഭാഗമാക്കും. ട്രൈപ്പോഡില്‍ ഉപയോഗിക്കുന്നതും കൈയില്‍ കൊണ്ടുനടക്കാവുന്നവയുമാണ് ഡിആര്‍ഡിഓ വികസിപ്പിച്ചത്. 20 മുതല്‍ 40 മീറ്റര്‍ വരെയാണ് ഇവയുടെ പരിധി. ഇന്ത്യയില്‍ നിര്‍മിക്കുന്നതിലാല്‍ 35 ലക്ഷം മാത്രമാണ് ഇവയുടെ വില.
Post Your Comments