കൊച്ചി: കൊച്ചിയുടെ സ്വപ്നപദ്ധതിയായ മെട്രോയുടെ ഉദ്‌ഘാടനത്തിനു കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം സാക്ഷിയാകും. വരുന്ന 17 നു സ്റ്റേഡിയത്തിൽ പ്രത്യേകം തയാറാക്കിയ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മെട്രോയുടെ ഉദ്‌ഘാടനകർമ്മം നിർവഹിക്കും. പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാസംഘം വെള്ളിയാഴ്ച നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് ചടങ്ങ് സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനമായത്.
ഉദ്‌ഘാടന ശേഷം പ്രധാനമന്ത്രി കുറച്ചു ദൂരം യാത്ര ചെയ്യും. കളമശേരി മുതൽ ആലുവ വരെയാണ് യാത്ര എന്നാണ് സൂചന. ഉദ്‌ഘാടന സമയം തീരുമാനമായിട്ടില്ല. സ്റ്റേഡിയത്തിന് പുറമെ രണ്ടുസ്ഥലങ്ങള്‍ കൂടി സുരക്ഷാസംഘം പരിശോധിച്ചിരുന്നു. ആലുവയും കളമശ്ശേരി സെന്റ് പോള്‍സ് ഗ്രൗണ്ടുമായിരുന്നു ഇത്. ആലുവയുടെ സാധ്യത ആദ്യം തന്നെ സുരക്ഷാ സംഘം തള്ളിയിരുന്നു .
ഉയരമുള്ള കെട്ടിടങ്ങള്‍ നിറഞ്ഞ സ്ഥലമായതിനാല്‍ സുരക്ഷാ പാളിച്ചകൾക്കുള്ള സാധ്യത മുൻനിർത്തിയാണ് അത് ഒഴിവാക്കിയത്. ഒരുവശത്ത് കൂടി മാത്രമേ പ്രവേശനം സാധ്യമാകൂയെന്നതാണ് സെന്റ് പോള്‍സ് ഗ്രൗണ്ടിന് തിരിച്ചടിയായത്. ഇതിനു ശേഷമായിരുന്നു കലൂര്‍ സ്റ്റേഡിയ൦ തിരഞ്ഞെടുത്തത് . പരിശോധനയ്ക്ക് ശേഷം എസ്.പി.ജി. സംഘം കെ.എം.ആര്‍.എല്‍. എം.ഡി. ഏലിയാസ് ജോര്‍ജും സിറ്റി പോലീസ് കമ്മിഷണര്‍ എം.പി. ദിനേശും ഡി.സി.പി. യതീഷ് ചന്ദ്രയുമായി ചര്‍ച്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
Post Your Comments