ദോഹ: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഉപരോധം നീക്കാന്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍താനി. ഏറ്റുമുട്ടലിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ല. ഭീകരതപ്രവര്‍ത്തനത്തിന് പണം നല്‍കുന്നതിനെ എതിര്‍ക്കുകയും ഭീകരരില്‍ നിന്ന് ലോകത്തെ സംരക്ഷിക്കുകയും ചെയ്യുന്ന രാജ്യമാണ് ഖത്തര്‍- ടി.വി.
അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഒരേസമയം ഇറാനെയും സിറിയയിലെ വിഭാഗീയ സംഘടനകളെയും ഖത്തര്‍ പിന്തുണയ്ക്കുന്നുവെന്ന് പരസ്പര വിരുദ്ധങ്ങളായ പ്രസ്താവനകളാണ് വരുന്നത്. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രസ്താവനകള്‍. ഖത്തറിലേയും സൗദിയിലേയും സുരക്ഷാ, ഇന്റലിജന്‍സ് ഏജന്‍സികള്‍ ഒരുമിച്ച് നിന്നാണ് സൗദിയുടെ ദേശീയ സുരക്ഷ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
ഇതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലുള്ള നയതന്ത്ര പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ തയ്യാറാണെന്ന് അമീറിനെ അറിയിക്കുകയും ചെയ്തു. എല്ലാ ഗള്‍ഫ് രാജ്യങ്ങളും ഐക്യത്തോടെ കഴിയണമെന്നും അമേരിക്ക ആഹ്വാനം ചെയ്തു. ഒരുമിച്ചിരുന്ന് പ്രശ്‌നം പരിഹരിക്കാനായി ഖത്തറിനെയും മറ്റ് രാജ്യങ്ങളെയും പ്രോത്സാഹിപ്പിക്കുമെന്ന് യു.എസ്.സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ വ്യക്തമാക്കി.
Post Your Comments