തൃശൂര്‍: ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ.കെ.യു അരുണനെതിരെ നടപടി സ്വീകരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ജില്ലാ കമ്മിറ്റിക്ക് അനുമതി നല്‍കി. ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ ചോദിച്ച വിശദീകരണത്തിന് എം എല്‍ എ യുടെ മറുപടി നല്‍കാന്‍ കഴിഞ്ഞില്ല അതുകൊണ്ട് തന്നെ ശക്തമായ നടപടി ജില്ലാ കമ്മറ്റി വിളിച്ചു ചേര്‍ത്ത് സ്വീകരിച്ച ശേഷം റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദ്ദേശം.
എന്നാല്‍ ആര്‍എസ്എസ് പരിപാടിയാണെന്ന് അറിഞ്ഞില്ലെന്നുമുള്ള അരുണന്റെ വാദം സഹപ്രവര്‍ത്തകരായ പാര്‍ട്ടി എംഎല്‍എമാര്‍ പോലും വിശ്വസിക്കുന്നില്ല. ലഭിക്കുന്ന വിവര പ്രകാരം ബ്രാഞ്ച് കമ്മിറ്റിയിലേക്കോ ലോക്കല്‍ കമ്മിറ്റിയിലേക്കോ തരംതാഴ്ത്തുമെന്നാണ് അറിയുന്നത്. എം.എല്‍.എയുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കാന്‍ പാര്‍ട്ടി തലത്തില്‍ സംവിധാനം ഏര്‍പ്പെടുത്താനും സിപിഎമ്മില്‍ ധാരണയായിട്ടുണ്ട്.
രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന് എഴുതിയ ഫ്‌ളക്‌സിനും ഗോള്‍വാള്‍ക്കറുടെ ചിത്രത്തിനും മുന്നില്‍ സിപി.എം എം.എല്‍.എ ഉദ്ഘാടകനായ ചിത്രം കണ്ട് സിപിഎം അണികളും നേതാക്കളുമുള്‍പ്പെടെ സകലരും ഞെട്ടിയിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയയും ചാനലുകളും വിഷയം ഏറ്റെടുത്തതോടെ സിപിഎം കടുത്ത പ്രതിരോധത്തില്‍ ആവുകയായിരുന്നു. നടപടി എടുത്ത് ആ വിവരം കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ ഗുരുതരമായ സംഘടനാ വിഷയത്തിലേക്കായിരിക്കും കാര്യങ്ങള്‍ പോകുക എന്ന തിരിച്ചറിവിലാണ് ബുധനാഴ്ച തന്നെ എംഎല്‍എയോട് വിശദീകരണം തേടിയത്.
ആര്‍എസ്എസ് ഏതെങ്കിലും ‘അജണ്ട’ യുടെ ഭാഗമായി ബോധപൂര്‍വ്വം എംഎല്‍എയെ പരിപാടിയില്‍ പങ്കെടുപ്പിക്കുകയായിരുന്നുവോ എന്നതാണ് സിപിഎമ്മിനകത്തെ സംശയം. എന്നാല്‍ എംഎല്‍എയുടെ ജാഗ്രത കുറവാണോ അതോ മറ്റ് എന്തെങ്കിലും ‘ലക്ഷ്യം’ ഇതിനു പിന്നിലുണ്ടോ എന്ന ചോദ്യവും ഉയര്‍ന്നു കഴിഞ്ഞു.
Post Your Comments