അബുദാബി: നിയമാനുസൃതമായ വിസയുള്ള മാസം കുറഞ്ഞത് 20,000 ദിര്‍ഹം ശമ്പളം ലഭിക്കുന്ന, അല്ലെങ്കില്‍ 19,000 ദിര്‍ഹം ശമ്പളവും രണ്ട് ബെഡ് റൂം താമസസൗകര്യമുള്ള വീടും ഉള്ള വിദേശികള്‍ക്ക് മാതാപിതാക്കളെ സ്പോണ്സര് ചെയ്ത് ദുബായില്‍ തങ്ങള്‍ക്കൊപ്പം താമസിപ്പിക്കാന്‍ കൊണ്ടുവരാം. സ്വന്തം അപ്പനേയും അമ്മയേയും മാത്രമല്ല അമ്മായിയപ്പനെയും അമ്മായിയമ്മയെയും ഇപ്രകാരം സ്പോണ്സര് ചെയ്യാവുന്നതാണ്.
പുതിയ നിര്‍ദേശം അനുസരിച്ച് നാട്ടില്‍ നിന്ന് മാതാപിതാക്കളെ രണ്ടുപേരെയും ഒന്നിച്ച് മാത്രമേ യുഎഇയിലേക്ക് കൊണ്ടുവരാനാകു. നാട്ടില്‍ അവരുടെ കാര്യം നോക്കുന്നതിന് മറ്റാരുമില്ലെന്നുള്ള രേഖയും നിങ്ങള്‍ അവരുടെ മകനോ മരുമകനോ ആണെന്നുമുള്ള തെളിവും പെര്‍മിറ്റിന് അപേക്ഷിക്കുമ്പോള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് നാച്ചുറലൈസേഷന്‍ ആന്‍ഡ് റെസിഡന്‍സി ദുബായി (ഡിഎന്‍ആര്‍ഡി) ഓഫീസില്‍ ഹാജരാക്കണം.
മാതാപിതാക്കള്‍ വിവാഹമോചിതരാണെങ്കില്‍ അതുനുള്ള രേഖകളും ആരെങ്കിലും മരണമടഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ തെളിവും അധികൃതര്‍ക്ക് നല്‍കണം.
എന്‍ട്രി പെര്‍മിറ്റ് വിസയിലാണ് മാതാപിതാക്കളെ കൊണ്ടുവരേണ്ടത്. ഈ വിസ അവര്‍ എത്തി 60 ദിവസത്തിനകം റസിഡന്‍സി വിസയിലേക്ക് മാറ്റിയെടുക്കാം.
വിസയ്ക്കുവേണ്ട രേഖകള്‍ ഇവയാണ്:
1 രജിസ്ട്രേഡ് ടൈപ്പിംഗ് സെന്ററുകളില്‍ നിന്ന് ലഭിക്കുന്ന ടൈപ്പ് ചെയ്ത അപേക്ഷ.
2, സ്പോണ്‍സറുടെയും മാതാപിതാക്കളുടെയും ഒറിജിനല്‍ പാസ്പോര്‍ട്ട്.
3, മാതാപിതാക്കളുടെ രണ്ടുപേരുടെയും ഓരോ ഫോട്ടോ.
4, മാതാപിതാക്കളുമായി നിങ്ങളുടെ ബന്ധം തെളിയിക്കുന്ന, നിങ്ങളാണ് അവരെ നോക്കാന്‍ ചുമതലപ്പെടുത്തപ്പെട്ടയാളെന്ന കാണിക്കുന്ന നിങ്ങളുടെ രാജ്യത്തിന്റെ എംബസി (കോണ്‍സുലേറ്റ്) അറ്റസ്റ്റ ചെയ്ത രേഖ.
5, തൊഴില്‍ ഉടമ നല്കുന്ന ജോബ് കോണ്ട്രാക്റ്റിന്റെ കോപ്പിയോ തൊഴില്‍ ഉടമയില്‍ നിന്നുള്ള സാലറി സര്‍ട്ടിഫിക്കറ്റോ.
ഇത്രയും രേഖകളുമായി ദുബായിലെ ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ഓഫീസില്‍ എത്തി എന്‍ട്രി വിസ അനുവദിക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള അപേക്ഷ സമര്‍പ്പിക്കുക. അപേക്ഷയ്ക്കൊപ്പം ഈ രേഖകളും അതിന്റെ കോപ്പികളും സമര്‍പ്പിക്കണം. അപേക്ഷയില്‍ നിങ്ങളുടെ ഫോണ്‍ നമ്പരും രേഖപ്പെടുത്തണം.
പെര്‍മിറ്റ് അനുവദിക്കുന്ന കമ്മിറ്റി നിങ്ങളുടെ അപേക്ഷ പരിഗണിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ രണ്ടാഴ്ചക്കകം തീരുമാനമെടുത്ത് നിങ്ങളെ അറിയിക്കും. അനുകൂലമായ തീരുമാനമാണെങ്കില്‍ ഫീസ് അടച്ചതിനുശേഷം രജിസ്ട്രേഡ് ടൈപ്പിസ്റ്റിനെക്കൊണ്ട് ഫോം പൂരിപ്പിക്കണം. തുടര്‍ന്ന് ഡിഎന്ആര്ഡിയിലെ റസിഡന്‍സി സെക്ഷനില്‍ രേഖകള്‍ സമര്‍പ്പിക്കുക.
സാധാരണയായി 48 മണിക്കൂറിനുള്ളില്‍ നിങ്ങള്‍ക്ക് എംപോസ്റ്റില് വിസ ലഭിക്കും. അടിയന്തര വിസയ്ക്കാണ് അപേക്ഷിക്കുന്നതെങ്കില്‍ ഉടന്‍തന്നെ കൗണ്ടറില്‍ നിന്ന് വിസ കൈപ്പറ്റാവുന്നതാണ്.
ഫീസ്
രണ്ടായിരം ദിര്‍ഹമാണ് ഫീസ് അടയ്ക്കേണ്ടത്. ഇത് റീഫണ്ടബിളാണ്. ഇതിന്റെ രസീത് തീര്‍ച്ചയായും സൂക്ഷിച്ചുവയ്ക്കണം. ഏതെങ്കിലും സാഹചര്യത്തില്‍ വിസ ക്യാന്‍സല്‍ ആകുകയോ മാതാപിതാക്കള്‍ മരിക്കുകയോ ചെയ്താല്‍ അടച്ച ഫീസ് തിരികെ കിട്ടും.
കൂടാതെ അപേക്ഷാ ഫീസായി 110 ദിര്‍ഹവും ടൈപ്പിംഗ് സെന്ററിലെ ഫീസും അടയ്ക്കണം. അടിയന്തര വിസയ്ക്കായി 100 ദിര്‍ഹം വേറെ അടയ്ക്കേണ്ടിവരും.
എന്‍ട്രി പെര്‍മിറ്റില്‍ മാതാപിതാക്കള്‍ യുഎഇയില്‍ എത്തി 60 ദിവസത്തിനകം റസിഡന്‍സി പെര്‍മിറ്റ് നേടണം. ഇതിനായി താഴെ പറയുന്ന രേഖകള്‍ സമര്‍പ്പിക്കണം.
1, അപേക്ഷാ ഫോമും മാതാപിതാക്കളുടെ മൂന്നുഫോട്ടോകളും.
2, മാതാപിതാക്കളുടെയും സ്പോണ്സര് ചെയ്യുന്നയാളിന്റെയും ഒറിജിനല്‍ പാസ്പോര്‍ട്ട്.
3, ഒറിജിനല്‍ എന്‍ട്രി പെര്‍മിറ്റ്.
4, മാതാപിതാക്കളുടെ ഒറിജിനല്‍ ഹെല്‍ത്ത് കാര്‍ഡ്.
5, റീഫണ്ടബിള്‍ ഡെപ്പോസിറ്റിന്റെ രസീത്.
6, സ്പോണ്സരുടെ തൊഴില്‍ ഉടമയില്‍ നിന്നുള്ള ഒറിജിനല്‍ ജോബ് കോണ്ട്രാക്റ്റ് അല്ലെങ്കില്‍ സാലറി സര്‍ട്ടിഫിക്കറ്റ്.
റസിഡന്‍സ് വിസയുടെ നടപടി ക്രമങ്ങള്‍
1, മാതാപിതാക്കളെ ഹെല്‍ത്ത് ചെക്കപ്പിനായി കൊണ്ടുപോയി മെഡിക്കല്‍ കാര്‍ഡ് എടുക്കുക.
2, ആവശ്യമായ രേഖകളുമായി ദുബായിലെ ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ഓഫീസില്‍ എത്തുക.
3, അവിടെ ഒരു അംഗീകൃത ടൈപ്പിസ്റ്റിന്റെ സഹായത്തോടെ ഫോമുകള്‍ പൂരിപ്പിച്ച് ഫീസ് അടയ്ക്കുക.
4, റസിഡന്‍സി സെക്ഷനില്‍ രേഖകളും അപേക്ഷയും നല്‍കുക.
5, റെസിഡന്‍സ് വിസ അടിച്ച പാസ്പോര്‍ട്ട് നിങ്ങള്‍ക്ക് പിന്നാലെ അയച്ചുതരും.
6, 600 ദിര്‍ഹത്തിന്റെ കുറഞ്ഞ പ്രിമീയത്തിന്റെ ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് മാതാപിതാക്കള്‍ക്കായി എടുക്കുക.
ഫീസ്നിരക്ക്
1, റെസിഡന്‍സി ഫീസ് ഓരോ വര്‍ഷവും 110 ദിര്‍ഹം.( ടൈപ്പിസ്റ്റ് സെന്റര്‍ ഫീസ് വേറെ)
2, അടിയന്തര വിസയ്ക്ക് 100 ദിര്‍ഹം വേറെ അടയ്ക്കണം.
3, എംപോസ്റ്റ് ഫീസ് 10 ദിര്‍ഹം.
Post Your Comments