ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആവശ്യത്തിന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്‍റെ അനുകൂല പ്രതികരണം. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉത്സവ സീസണില്‍ വിമാന നിരക്ക് കുത്തനെ വര്‍ധിപ്പിക്കുന്ന പ്രവണത തിരുത്തണമെന്ന പിണറായിയുടെ ആവശ്യത്തിനാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്‍റെ അനുകൂല പ്രതികരണം ലഭിച്ചത്.
പുതുതായി തുടങ്ങുന്ന കണ്ണൂര്‍ ഉള്‍പ്പെടെ കേരളത്തിലെ നാലു വിമാനത്താവളങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍, കേരളത്തിലെ നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് കൂടതല്‍ ആഭ്യന്തര സര്‍വീസുകള്‍ എന്നീ ആവശ്യങ്ങള്‍ സംബന്ധിച്ച് വിളിച്ചു ചേര്‍ത്ത എയര്‍ലൈന്‍ കമ്പനികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഈ ആവശ്യം ശക്തിയായി ഉന്നയിച്ചത്.
ഉഭയകക്ഷി കരാര്‍ പ്രകാരമാണ് വിദേശ വിമാന കമ്പനികള്‍ക്ക് മന്ത്രാലയം സീറ്റ് അനുവദിക്കുന്നത്. മുന്‍കൂട്ടി സീറ്റ് വര്‍ധന തീരുമാനിക്കാന്‍ കഴിഞ്ഞാല്‍ നിരക്ക് കുത്തനെ ഉയര്‍ത്തുന്നത് ഒഴിവാക്കാന്‍ കഴിയുമെന്ന് യോഗത്തില്‍ പങ്കെടുത്ത എയര്‍ലൈന്‍ കമ്പനികള്‍ അറിയിച്ചു. ഇതു സംബന്ധിച്ച് കൂടുതല്‍ ആലോചന നടത്തി തീരുമാനമെടുക്കുമെന്ന് ചൗബേ അറിയിച്ചു.
ഉത്സവ സീസണില്‍ യാത്രക്കാരുടെ തിരക്ക് കൂടുമ്പോള്‍ നിരക്ക് വര്‍ധിക്കുന്ന പ്രവണത ഒഴിവാക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് ഒരുവിധ ന്യായീകരണവുമില്ല. പ്രവാസി മലയാളികളുടെ മുഖ്യ പരാതിയാണ് നിരക്കിലെ യുക്തിരഹിതമായ വര്‍ധന. യൂറോപ്പിലേക്കുള്ള നിരക്കിലും കൂടുതലാണ് ചില സീസണില്‍ ഗള്‍ഫിലേക്ക് ഈടാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments