കാസർഗോഡ്: പോസ്റ്റ്മാന്‍, മെയില്‍ഗാര്‍ഡ് പരീക്ഷയിലെ ചോദ്യപേപ്പര്‍ ചോർന്ന കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആരോപണം. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ ഹരിയാന സ്വദേശികളെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് കേസെടുത്തില്ല. പരീക്ഷയില്‍ കോപ്പിയടിച്ചതിനും വഞ്ചനാകുറ്റത്തിനും മാത്രമാണ് അറസ്റ്റിലായ ഗുല്‍ബന്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തപാല്‍ വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നു സംശയിക്കുന്ന സാഹചര്യത്തില്‍ കേസിന്റെ ഗൗരവം പരിഗണിച്ച് ദേശീയ അന്വേഷണ ഏജന്‍സിയെക്കൊണ്ടുതന്നെ അന്വേഷണം നടത്തണമെന്ന് ആവശ്യം പൊതുസമൂഹത്തില്‍ നിന്നുയരുമ്പോഴും വകുപ്പ് അധികൃതര്‍ ഇതു ചെവിക്കൊണ്ടിട്ടില്ല.
തപാല്‍ വകുപ്പ് അധികൃതരുടെ വിശദീകരണം ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും ചോര്‍ത്താനുള്ള ഉദ്യോഗാര്‍ഥിയുടെ ശ്രമം ഇന്‍വിജിലേറ്റര്‍ കൈയോടെ പിടികൂടുകയായിരുന്നുവെന്നുമാണ്. അതേസമയം, ജില്ലാ പോലീസ് മേധാവി കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതതു പ്രാദേശിക ഭാഷകളില്‍ നടക്കുന്ന പരീക്ഷകളില്‍ പോലും ഹരിയാന സ്വദേശികള്‍ വന്‍വിജയം കരസ്ഥമാക്കുന്ന സംഭവം നിരവധി തവണയുണ്ടായിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറില്‍ തമിഴ്‌നാട്ടിലെ മധുരയില്‍ നടന്ന തമിഴ് ഭാഷയിലെ പരീക്ഷയില്‍ നിരവധി ഹരിയാന സ്വദേശികള്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയിരുന്നു. ഇതോടെയാണ് വലിയ തട്ടിപ്പുകള്‍ പോസ്റ്റ് മാന്‍ പരീക്ഷയുടെ മറവില്‍ നടക്കുന്നതായുള്ള സംശയമുയര്‍ന്നത്. ഈ സാഹചര്യത്തിലാണ് ഏഴിന് കേരളത്തില്‍ അപേക്ഷ നല്‍കിയ മുഴുവന്‍ ഹരിയാനക്കാരെയും വിദ്യാനഗറിലെ കാസര്‍കോട് ഗവ. കോളജ്, ചിന്മയ വിദ്യാലയം എന്നീ പരീക്ഷാകേന്ദ്രങ്ങളിലെത്തിക്കുകയും നിരീക്ഷണമേര്‍പ്പെടുത്തുകയും ചെയ്തത്.
ആകെ പരീക്ഷയെഴുതിയ 186 പേരില്‍ 170 പേരും ഹരിയാന സ്വദേശികളായിരുന്നു. പോസ്റ്റ്മാന്‍, മെയില്‍ഗാര്‍ഡ് പരീക്ഷയ്ക്കായി കേരളത്തില്‍ മുന്നൂറോളം പരീക്ഷാകേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. കാസര്‍കോട്ടെ രണ്ടിടങ്ങളിലല്ലാതെ മറ്റെവിടെയും ഈ രീതിയിലുള്ള പരിശോധന നടന്നിട്ടില്ല. കേരളത്തില്‍ എണ്ണൂറോളം ഹരിയാന സ്വദേശികളാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നത്. ഇവരില്‍ 300 പേര്‍ മാത്രമാണ് വെബ്‌സൈറ്റില്‍ നിന്നും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തത്. പരിശോധകരുടെ കണ്ണുവെട്ടിച്ച് മതില്‍ചാടി ചിന്മയ സ്‌കൂളിലെ പരീക്ഷാ ഹാളിലെത്തിയ ഗുല്‍ബന്തിനെ മൊബൈല്‍ ഫോണ്‍ ഇന്‍വിജിലേറ്ററിന്റെ ശ്രദ്ധയില്‍പ്പെട്ടു.
പരിശോധിച്ചപ്പോള്‍ ഉത്തരസൂചിക ഹരിയാനയിലെ ഒരു നമ്പറില്‍ നിന്നും മെസേജായി വന്നതു ശ്രദ്ധയില്‍പ്പെടുകയും പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മറ്റൊരു പ്രതിയായ ഹരീഷിനെ മൊബൈല്‍ ഫോണും ഹെഡ്‌സെറ്റുമായി പരീക്ഷ ഹാളില്‍ കയറുന്നതിനു മുമ്പേ പോലീസ് പിടികൂടിയിരുന്നു. അറസ്റ്റിലായ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇന്നലെ കാസര്‍കോട് സിജെഎം കോടതി വിദ്യാനഗര്‍ പോലീസ് കസ്റ്റഡിയില്‍ 10 ദിവസത്തേക്ക് വിട്ടുകൊടുത്തു.
Post Your Comments