തിരുവനന്തപുരം: ബിജെപി എംപിയും ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖര്‍ എംപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രി ജി സുധാകരന്‍ കിഫ്ബിക്കെതിരെ പ്രസ്താവന നടത്തിയെന്ന വിഷയത്തിലായിരുന്നു വിമര്‍ശനം. തന്റെ അജണ്ടകള്‍ നടത്താനാണ് ചാനലിനെ എം പി ഉപയോഗിക്കുന്നത്. ഇതിലൂടെ മുഖ്യമന്ത്രിയെന്ന നിലയില്‍ തന്നെ അധിക്ഷേപിക്കുന്നതായും നിയമസഭയില്‍ മുഖ്യമന്ത്രി ആരോപിച്ചു.
കിഫ്ബി വിഷയത്തില്‍ ജി.സുധാകരന്‍ നടത്തിയ പ്രസംഗം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റിന്റെ സിഡി മേശപ്പുറത്ത് വെക്കുകയാണെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ജിസുധാകരന്‍ ഈ വാര്‍ത്ത നിഷേധിച്ചതായി മുഖ്യമന്ത്രി അറിയിച്ചപ്പോള്‍, എങ്കില്‍ സിഡി കാണാന്‍ തയ്യാറാകുമോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
ചാനല്‍ ഇപ്പോഴും രാജീവ് ചന്ദ്രശേഖര്‍ എംപിയുടെ നിയന്ത്രണത്തിലാണ്. പക്ഷപാതപരമായി പെരുമാറുന്ന ഏഷ്യാനെറ്റ് മാധ്യമ ധര്‍മ്മം മറന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇതും വിഷയവുമായി എന്തുബന്ധം എന്ന് ചോദിച്ച പ്രതിപക്ഷത്തോട്, രാജീവ് ചന്ദ്രശേഖറിനെ പറയുമ്പോള്‍ നിങ്ങള്‍ക്ക് പൊള്ളുന്നതെന്തിനെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. ഇത് നിയമസഭയില്‍ ബഹളത്തിനിടയാക്കി. ഒ.രാജഗോപാല്‍ എംഎല്‍എയുടെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് രാജീവ് ചന്ദ്രശേഖര്‍ എംപി തന്നെ കുറ്റപ്പെടുത്തിയത് ശരിയായില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഇതോടെ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായിരുന്ന പി ഗോവിന്ദപിള്ളയുടെ മകനാണ് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എന്നും ഇദ്ദേഹം അറിയാതെ വാര്‍ത്ത പോകില്ല എന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഏഷ്യാനെറ്റിനോട് മുഖ്യമന്ത്രിക്ക് വിരോധമുണ്ടെങ്കില്‍ വിഷയത്തില്‍ മറ്റ് മാധ്യമങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ട് ഹാജരാക്കാമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിയ ജോണ്‍ ബ്രിട്ടാസ് മുൻപ് കൈരളി വിട്ട് ഏഷ്യാനെറ്റിലേക്ക് പോയപ്പോള്‍ ഉപഹാരമായി മുഖ്യമന്ത്രി കാർ നല്‍കിയത് ഓര്‍ക്കണമെന്ന് പി.ടി തോമസ് പറഞ്ഞു. ഇതിനെതിരെ ഭരണപക്ഷാംഗങ്ങള്‍ ബഹളം വെച്ചു. ആരോപണങ്ങള്‍ പരിശോധിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞതോടെ പ്രതിഷേധം അവസാനിച്ചു. അതേസമയം ഭരണപരാജയം മറയ്ക്കാനാണ് മുഖ്യമന്ത്രി, രാജീവ് ചന്ദ്രശേഖര്‍ എംപിയേയും ഏഷ്യാനെറ്റിനെയും പഴിചാരുന്നതെന്ന് ബിജെപി ആരോപിച്ചു.
Post Your Comments