Latest NewsNewsGulf

മയക്കുമരുന്ന് നല്‍കാതിരുന്നതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; നാലുപേര്‍ അറസ്റ്റില്‍

അബുദാബി: മയക്കുമരുന്ന് നല്‍കാതിരുന്നതിന് യുവാവിനെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കോടതിയില്‍ ഇവരുടെ വിചാരണ നടപടികള്‍ തുടരുകയാണ്.
 
ആക്രമണത്തിന് ഇരയായ ആള്‍ക്ക് പണം നല്‍കിയിട്ടും മയക്കുമരുന്ന് നല്‍കാതിരുന്നതിനെ തുടര്‍ന്ന് തട്ടിക്കൊണ്ടുപോകുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് കേസ്.
 
അക്രമികള്‍ മൂന്നുപേര്‍ എമിറേറ്റ്‌സ് പൗരന്‍മാരാണ്. ഒരാള്‍ അറബ് വംശജനൈങ്കിലും യുഎഇക്കാരനല്ല. മുസാഫ കൊമേഴ്‌സ്യല്‍ ഏരിയയ്ക്കു സമീപം താമസിക്കുന്നയാളാണ് ആക്രമണത്തിന് ഇരയായത്.
 
വാട്‌സ്ആപ്പിലൂടെയുള്ള നിര്‍ദേശപ്രകാരം ഇയാളുടെ വീടിന് സമീപത്ത് കാറിലെത്തിയ അക്രമികളിലൊരാള്‍ ആക്രമിക്കപ്പെട്ടയാളുമായി സംസാരിച്ചുകൊണ്ടു നില്‍ക്കെ അല്‍പം അകലെയായി മറഞ്ഞുനിന്ന മറ്റ് മൂന്നുപേര്‍ ഓടിയെത്തി ബലംപ്രയോഗിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് അബുദാബിയുടെ വിദൂര പ്രദേശത്തേക്ക് കൊണ്ടുപോയി കൈകള്‍ കെട്ടിയിട്ടശേഷം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് കേസ്. മയക്കുമരുന്ന് ലഹരിയിലായിരുന്നു പ്രതികള്‍.
 
തട്ടിക്കൊണ്ടുപോകലിനും ആക്രമണത്തിനും മയക്കുമരുന്ന് ഉപയോഗിച്ചതിനുമാണ് നാലുപേര്‍ക്കുമെതിരേ ചാര്‍ജ് ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരായ പ്രതികള്‍ കുറ്റം നിഷേധിച്ചു. തന്റെ കക്ഷി അന്യായമായി ആക്രമിക്കപ്പെടുകയായിരുന്നുവെന്നും നഷ്ടപരിഹാരമായി 21,000 ദിര്‍ഹം കോടതി അനുവദിക്കണമെന്നും ആക്രമണത്തിന് ഇരയായ ആള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
 
കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കോടതി ഈ മാസം 17 ലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button