ന്യൂഡല്‍ഹി : നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് നിര്‍ഭയുടെ അമ്മ. തങ്ങള്‍ക്ക് നീതി ലഭിച്ചുവെന്ന് അവര്‍ പ്രതികരിച്ചു. മെയ് 10ന് നിര്‍ഭയയുടെ 28-ാം പിറന്നാളാണ്. തങ്ങള്‍ ആഗ്രഹിച്ചത് പോലെ പ്രതികള്‍ക്ക് വധശിക്ഷ ലഭിച്ചതില്‍ സന്തുഷ്ടരാണ് ഈ ദിവസത്തിന് വേണ്ടിയാണ് കാത്തിരുന്നതെന്നും നിര്‍ഭയയുടെ അമ്മ കൂട്ടിച്ചേര്‍ത്തു.
2012 ഡിസംബര്‍ 16നാണ് രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ പീഡനക്കേസ് നടന്നത്. പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന നിര്‍ഭയയെ ക്രുരമായി പീഡിപ്പിച്ച ശേഷം ബസില്‍ നിന്നും പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. ചികിത്സയിലിരിക്കെ ഡിസംബര്‍ 29ന് പെണ്‍കുട്ടി മരിച്ചു. ശിക്ഷ കുറയ്ക്കാവുന്ന ഒരു സാഹചര്യവും നിലനില്‍ക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ പ്രതികളായ അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, മുകേഷ് എന്നിവരുടെ വധശിക്ഷയാണ് സുപ്രീം കോടതി ശരിവച്ചത്. തങ്ങളുടെ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പ്രതികളിലൊരാളായ രാം സിംഗ് 2013 മാര്‍ച്ചില്‍ ആത്മഹത്യ ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി.
പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ മതിയാകില്ലെന്ന് നിര്‍ഭയയുടെ അമ്മ നേരത്തെ പ്രതികരിച്ചിരുന്നു. താന്‍ ജീവിച്ചിരിക്കുന്നത് തന്നെ പ്രതികളുടെ വധശിക്ഷ കാണാന്‍ വേണ്ടിയാണെന്നും അവര്‍ പറഞ്ഞിരുന്നു.
Post Your Comments