മുംബൈ : നാടകീയമായ സംഭവങ്ങള്‍ക്ക് ശേഷം ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായിരുന്ന ഇമാന്‍ അഹമ്മദ് മുംബൈയില്‍ നിന്നും അബുദാബിയിലേക്ക് പറന്നു. ദക്ഷിണ മുംബൈയിലുള്ള സെയ്ഫി ആശുപത്രിയില്‍ നിന്നും അന്തേരി വിമാനത്താവളം വരെ 20 കിലോമീറ്റര്‍ ഗ്രീന്‍ കോറിഡോര്‍ നിര്‍മിച്ചാണ് ഇമാന് യാത്രയ്ക്ക് വഴി ഒരുക്കിയത്.
വി.പി.എസ് ഹെല്‍ത്ത് സെന്ററിലെ നഴ്‌സുമാരും പാരാമെഡിക്ക്‌സും ഉള്‍പ്പെടെ ഒന്‍പത് സ്‌പെഷ്യലിസ്റ്റുകള്‍ അടങ്ങുന്ന സംഘമാണ് ആറു മണിക്കൂര്‍ യാത്രയില്‍ ഇമാന് ഒപ്പമുള്ളത്. ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് ദ്രാവക രൂപത്തില്‍ പ്രോട്ടീന്‍ സമൃദ്ധമായ ആഹാരക്രമമായിരിക്കും ഇമാന് അവിടെ നല്‍കുക. ഈ അടുത്ത സമയങ്ങളിലൊന്നും ഇമാനെ ഇനി ശസ്ത്രക്രിയക്ക് വിധേയയാക്കില്ല. മുംബൈയിലെ ചികിത്സയിലൂടെ 242 കിലോയോളം ഭാരം കുറഞ്ഞ ഇമാനെ ബന്ധുക്കളുടെ ആഗ്രഹപ്രകാരമാണ് അബുദാബിയിലേക്ക് മാറ്റിയത്.
ഇമാന്റെ യാത്രയ്ക്ക് മുമ്പ് ചില രേഖകള്‍ സംബന്ധിച്ച് പ്രശ്‌നമുണ്ടായതിനെ തുടര്‍ന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ദീപക് സാവന്ത് സെയ്ഫി ആശുപത്രിയില്‍ എത്തിയിരുന്നു. ഇമാന്റെ ഭാരം കുറഞ്ഞെന്ന് ശരീരഭാഷയില്‍ നിന്നും വ്യക്തമാണെന്നും അവരുടെ സഹോദരി ഷൈമ ആശുപത്രി അധികൃതര്‍ക്ക് നന്ദി അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇമാന്റെ ചികിത്സ ഏറ്റെടുത്ത അബുദാബിയിലെ വി.പി.എസ് ഹെല്‍ത്ത് കെയര്‍ സെയ്ഫി ആശുപത്രി നല്‍കിയ ചില രേഖകളില്‍ ഒപ്പിടാന്‍ തയ്യാറാക്കാഞ്ഞതോടെയാണ് മന്ത്രി ഇടപെട്ടത്. ഇമാന്റെ ഡിസ്ചാര്‍ജിന് ശേഷം സെയ്ഫി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് യാതൊരു ഉത്തരവാദിത്തമില്ലെന്ന് കാണിക്കുന്ന രേഖകളാണ് അവര്‍ ഒപ്പിടാന്‍ തയ്യാറാവാഞ്ഞത്.
Post Your Comments