KeralaLatest NewsNews

പക വീട്ടാന്‍ വനിതാ കമ്മീഷനില്‍ പരാതിയുമായെത്തിയാല്‍ കര്‍ശന നടപടി

കോട്ടയം: പക തീര്‍ക്കുന്നതിനും വ്യക്തിപരമായ നേട്ടങ്ങള്‍ക്കും വേണ്ടി വനിതാ കമ്മീഷന്റെ വേദിയും സംവിധാനവും ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ധിക്കുന്നതായി കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരത്തില്‍ വ്യാജ പരാതികളുമായി എത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാന വനിതാ കമ്മീഷനംഗം ഡോ. ജെ. പ്രമീളാദേവി പറഞ്ഞു. കോട്ടയത്ത് നടന്ന സിറ്റിംഗിലാണ് അവര്‍ ഇക്കാര്യം ചൂണ്ടികാട്ടിയത്.

പള്ളിയില്‍ കുശ്ശിനി പണി ചെയ്യുന്ന ഒരു സ്ത്രീ എട്ടുപേര്‍ തന്നെ അധിക്ഷേപിച്ചതായി ആരോപിച്ച് നല്‍കിയ പരാതിയില്‍ ഒരാളുടെ പേര് മാത്രം സൂചിപ്പിച്ചിട്ടുളളതിനെപ്പറ്റി തിരക്കിയപ്പോള്‍ താനല്ല പരാതി തയ്യാറാക്കിയതെന്നാണ് പരാതിക്കാരി വെളിപ്പെടുത്തിയത്. പരാതി സംബന്ധിച്ച് കൂടുതല്‍ വിവരം നല്‍കാനും അവര്‍ തയ്യാറായില്ല.

സ്‌കൂളിലേക്കുളള യാത്രയ്ക്കിടയില്‍ സ്‌കൂട്ടറിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മതിയായ ചികിത്സ നല്‍കാന്‍ അധ്യാപകര്‍ വേണ്ട നടപടി എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മ നല്‍കിയ പരാതി പരിശോധിക്കവെ പരാതിയില്‍ പറഞ്ഞിരിക്കുന്ന അധ്യാപകര്‍ക്കെതിരെയല്ല മറ്റൊരു അധ്യാപകനെതിരെയാണ് പരാതിയെന്നും അയാളുടെ പേര് അറിയാത്തതിനാലാണ് മറ്റ് അധ്യാപകരുടെ പേര് പരാതിയില്‍ കാണിച്ചതെന്നുമാണ് പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍.

എറണാകുളം ജനറല്‍ ആശുപത്രിയിലെ അറ്റന്‍ഡര്‍ നട്ടാശേരി സ്വദേശിയായ യുവതി ലീവിന് ശേഷം ജോലിയില്‍ പ്രവേശിക്കാന്‍ ക്ലര്‍ക്ക് അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് നല്‍കിയ പരാതിയും പൂഞ്ഞാര്‍ പ്രദേശത്തെ ഒരു കള്ളുഷാപ്പില്‍ ഭക്ഷ്യ വിഭവങ്ങളുണ്ടാക്കുന്നതിന്റെ അവശിഷ്ടങ്ങള്‍ അലക്ഷ്യമായി നിക്ഷേപിക്കുന്നതുമൂലം പരിസര മലീനകരണം ഉണ്ടാക്കുന്നതായി കാണിച്ച് അയല്‍വാസിയായ വീട്ടമ്മ ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ ഷാപ്പിന് അനുകൂലമായി നിലപാട് എടുക്കുന്നു എന്ന് ആരോപിച്ചുളള പരാതിയും സിറ്റിംഗില്‍ പരിഗണിച്ചു.

ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ- ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. അദാലത്തില്‍ പരിഗണിച്ച 63 പരാതികളില്‍ 28 എണ്ണം തീര്‍പ്പാക്കി. എട്ട് കേസുകള്‍ പോലീസിന്റെയും ആറെണ്ണം ആര്‍.ഡി.ഒയുടെയും റിപ്പോര്‍ട്ടിനായി അയച്ചു. 21 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button