Latest NewsIndia

മകന്റെ മൃതദേഹവും തോളിലിട്ട് കരഞ്ഞു നീങ്ങുന്ന പിതാവിന്റെ ദൃശ്യങ്ങള്‍ നൊമ്പരമാകുന്നു

എത്‌വ : ഉത്തര്‍പ്രദേശില്‍ പതിനഞ്ചുകാരനായ മകന്റെ മൃതദേഹവും തോളിലിട്ട് കരഞ്ഞു നീങ്ങുന്ന പിതാവിന്റെ ദൃശ്യങ്ങള്‍ നൊമ്പരമാകുന്നു. കാലുവേദനയെ തുടര്‍ന്നാണ് മകനെ ഗ്രാമത്തില്‍ നിന്നും ഏഴുകിലോമീറ്റര്‍ അകലെയുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഡോക്ടര്‍മാര്‍ പരിശോധിച്ച് കുട്ടി മരിച്ചെന്ന് അറിയിക്കുകയായിരുന്നു. കുട്ടിയെ വിശദമായി പരിശോധിക്കാന്‍ പോലും ഡോക്ടര്‍മാര്‍ തയാറായില്ല. മൃതദേഹം ആശുപത്രിയില്‍ നിന്ന് ഉടന്‍ മാറ്റണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പാവപ്പെട്ടവര്‍ക്ക് അനുവദിക്കുന്ന സൗജന്യ ആംബുലന്‍സ് സേവനം അനുവദിച്ചില്ലെന്നും ഉദയ്‌വീര്‍ പറഞ്ഞു.

പുഷ്‌പേന്ദ്രയെ ഗ്രാമത്തിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സോ മറ്റു വാഹനമോ ലഭിക്കാത്തതിനെ തുടര്‍ന്നാണ് പിതാവ് ഉദയ്‌വീര്‍ മൃതദേഹവും ചുമന്ന് നടന്നത്. ശ്വാസകോശ സംബന്ധമായ അസുഖമുള്ള ഉദയ്‌വീര്‍ കുട്ടിയെ ചുമന്ന് ആശുപത്രിയില്‍ നിന്ന് പുറത്തുകൊണ്ടുവരുകയും പിന്നീട് ബൈക്കില്‍ വെച്ച് ഗ്രാമത്തിലേക്ക് കൊണ്ടു പോവുകയുമായിരുന്നു. കാലുവേദന അനുഭവപ്പെട്ട കുട്ടിയെ രണ്ടു തവണ ഇതേ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ശരിയായ വൈദ്യസഹായം ലഭിച്ചില്ലെന്നും പിതാവ് പരാതിപ്പെട്ടു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ രാജീവ് യാദവ് അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് ഉദയ്‌വീര്‍ കുട്ടിയുമായി ആശുപത്രിലെത്തിയത്. ആശുപത്രിയിലെത്തുമ്പോള്‍ കുട്ടി മരിച്ചിരുന്നു. ബസ് അപകടത്തില്‍ പെട്ടവരെ പരിശോധിക്കുന്ന തിരക്കിലായിരുന്നു ഡോക്ടര്‍മാരെന്നും നേരത്തെ ശരിയായ ചികിത്സ ലഭിച്ചില്ലെന്ന പരാതി പരിശോധിക്കുമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

 

shortlink

Post Your Comments


Back to top button