തിരുവനന്തപുരം: ഇന്നുമുതൽ 13 സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാരിന്റെ റിയൽ എസ്റ്റേറ്റ് നിയന്ത്രണ നിയമം നടപ്പാക്കുകയാണ്. എന്നാൽ കേന്ദ്ര സർക്കാരിന്റെ ജനോപകാരപ്രദദമായ റിയൽ എസ്റ്റേറ്റ് നിയമവും കേരളം നടപ്പിലാക്കാതെ ഉഴപ്പുകയാണ്. യുഡിഎഫ് സർക്കാർ കൊണ്ടുവന്ന സംസ്ഥാന റിയൽ എസ്റ്റേറ്റ് അതോറിറ്റി, കേന്ദ്രനിയമം നിലവിൽവന്നതിന്റെ പേരിൽ പിരിച്ചുവിടാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചെങ്കിലും അതിനുള്ള നടപടികളും പൂർത്തിയായിട്ടില്ല.
റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾ ഏതു നിയമം അനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് അന്വേഷിച്ചു സർക്കാരിനെ സമീപിച്ചെങ്കിലും മറുപടി ലഭിച്ചില്ല. കഴിഞ്ഞ മേയ് ഒന്നുമുതൽ ഭാഗികമായി കേന്ദ്ര റിയൽ എസ്റ്റേറ്റ് നിയന്ത്രണ നിയമം പ്രാബല്യത്തിൽവന്നു. എന്നാൽ ഇന്നുമുതലാണ് പൂർണതോതിൽ നടപ്പാക്കുന്നത്.
ഉത്തർപ്രദേശ്, ഗുജറാത്ത്, ഒഡീഷ, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളും ആൻഡമാൻ, ചണ്ഡിഗഡ്, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു, ലക്ഷദ്വീപ്, ഡൽഹി എന്നിവിടങ്ങളും നിയമം നടപ്പാക്കിക്കഴിഞ്ഞു. റിയൽ എസ്റ്റേറ്റ് രംഗത്തെ തട്ടിപ്പുകൾ ഒഴിവാക്കാനും സർക്കാരിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാനും 2015ലാണ് സംസ്ഥാന സർക്കാർ റിയൽ എസ്റ്റേറ്റ് അതോറിറ്റിക്കു രൂപം നൽകിയത്.
പല നിയന്ത്രണങ്ങളും പൂർണമായി നടപ്പായില്ലെങ്കിലും റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും ഉപയോക്താക്കളും തമ്മിലുള്ള നൂറോളം കേസുകളിൽ അതോറിറ്റി ചെയർമാൻ ആയിരുന്ന എസ്.അജയകുമാറിന്റെ നേതൃത്വത്തിൽ പരിഹാരം കണ്ടിരുന്നു. കേന്ദ്രനിയമം നടപ്പാക്കണമെങ്കിൽ ഓരോ സംസ്ഥാനവും ചട്ടങ്ങൾക്കു രൂപം നൽകണം.
കേന്ദ്രനിയമം പ്രാബല്യത്തിൽ വന്ന് ആറുമാസത്തിനകം ചട്ടങ്ങൾക്കു രൂപം നൽകണമെന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നത്. ചട്ടങ്ങൾ അംഗീകരിച്ചു വിജ്ഞാപനമിറക്കി മൂന്നു മാസത്തിനകം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും റഗുലേറ്ററി അതോറിറ്റിക്കു രൂപം നൽകണം. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒക്ടോബറിൽത്തന്നെ കരടു ചട്ടങ്ങൾ തയാറാക്കി റിയൽ എസ്റ്റേറ്റ് അതോറിറ്റി സംസ്ഥാന സർക്കാരിനു സമർപ്പിച്ചെങ്കിലും തീരുമാനമായിട്ടില്ല. ചട്ടങ്ങൾ ഇപ്പോഴും നിയമവകുപ്പിന്റെ പരിഗണനയിലാണ്.
കേന്ദ്രനിയമത്തിലെ പ്രധാന നിർദേശങ്ങളിൽ ഒന്നാണ് വീടോ ഫ്ലാറ്റോ വാങ്ങുന്നവരിൽനിന്നു ശേഖരിക്കുന്ന തുകയുടെ 70% പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കണമെന്നത്. ഇതു നിർമാണ ആവശ്യങ്ങൾക്കേ ഉപയോഗിക്കാവൂ. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാൻ ഈ വ്യവസ്ഥ ഉപകരിക്കും. പാർപ്പിട പദ്ധതികൾ വൈകിക്കുന്ന നിർമാതാക്കൾ പിഴ നൽകണം. ഉപയോക്താവ് ബാങ്ക് വായ്പ എടുത്തിട്ടുണ്ടെങ്കിൽ പലിശ നിർമാതാക്കൾ അടയ്ക്കണം.
പൂർത്തിയാക്കൽ സർട്ടിഫിക്കറ്റില്ലാത്ത പദ്ധതികൾ റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണം. പദ്ധതി പൂർത്തിയാക്കൽ കാലാവധി, ഫ്ലാറ്റുകളുടെ വലുപ്പം, സൗകര്യങ്ങൾ എന്നിവ നിർമ്മാതാക്കൾ മുൻകൂർ വെളിപ്പെടുത്തണം. (ഇതിൽ പല വ്യവസ്ഥകളും സംസ്ഥാന നിയമത്തിലും ഉള്ളവയാണ്). ഇവയൊക്കെയാണ് പുതിയ നിർദേശങ്ങൾ.
Post Your Comments