കോട്ട: റെയില്‍വേയുടെ ‘139’ സേവനത്തിനെതിരെ പരാതിയുമായി അഭിഭാഷകന്‍. 139 നമ്പര്‍ സര്‍വ്വീസ് സേവനം ആവശ്യപ്പെട്ട യാത്രക്കാരനെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്താതെയിരുന്ന റെയില്‍വെ മന്ത്രാലയത്തിനെതിരെയാണ് പരാതി. ഈ പരാതിയിന്മേൽ 5000 രൂപ പിഴയടക്കാന്‍ കോടതി ഉത്തരവിട്ടു. യാത്രക്കാരന്‍ നിശ്ചയിക്കുന്ന സ്ഥലം എത്തിച്ചേരുമ്പോള്‍ അല്ലെങ്കില്‍ യാത്രികന്‍ നിശ്ചയിച്ചിരിക്കുന്ന സമയം ആകുമ്പോള്‍ സേവനം ആവശ്യപ്പെട്ടയാളെ വിളിച്ച് അറിയിക്കുന്ന ടോള്‍ ഫ്രീ നമ്പര്‍ സേവനമാണ് 139.
സേവനം ലഭിക്കാതെ വന്നപ്പോള്‍ മധ്യപ്രദേശ്, ബേറ്റു ജില്ല സ്വദേശിയായ ഗിരീഷ് ഗാര്‍ഗാണ് കോടതിയില്‍ പരാതിപ്പെട്ടത്. ഗാരഗ് രാജസ്ഥാനിലെ കോട്ടയിലേക്ക് പുറപ്പെട്ട കോയമ്പത്തൂര്‍-ജയ്പൂര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ സഞ്ചരിക്കുന്നത് 2015 ജൂണ്‍ 13നാണ്. അന്വേഷിച്ചപ്പോള്‍ പിറ്റേന്ന് പുലര്‍ച്ചെ 1.40ന് ട്രെയിന്‍ കോട്ടയിലെത്തും എന്ന് അറിയാന്‍ സാധിച്ചു, സ്ഥലമെത്തുമ്പോള്‍ അറിയിക്കുന്നതിനായ് 139 നമ്പര്‍ സര്‍വ്വീസിലേക്ക് വിളിക്കുകയും ചെയ്തു എന്ന് ഗാര്‍ഗ് പറഞ്ഞു.
139ലേക്ക് വിളിച്ച ഗാര്‍ഗിനോട് സ്ഥലമെത്തുമ്പോള്‍ അറിയിക്കാമെന്ന് സേവനദാതാക്കള്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു, അതിനാല്‍ തന്നെ താന്‍ ഉറങ്ങാന്‍ കിടന്നു. എന്നാല്‍ സ്ഥലമെത്തിയപ്പോള്‍ റെയില്‍വെ അധികൃതര്‍ തന്നെ അറിയിച്ചില്ലെന്ന് ഗിരീഷ് ഗാര്‍ഗ് കുറ്റപ്പെടുത്തി. വാഗ്ദാനം ചെയ്യപ്പെട്ട സേവനം ലഭിക്കാതെയായപ്പോളാണ് ഗിരീഷ് ഉപഭോക്തൃ കോടതിയെ സമീപിക്കുന്നത്. നിശ്ചയിച്ചിരുന്ന സഥലത്തും, സമയത്തും സേവനം ലഭിക്കാത്തത് തന്നെ മാനസികമായി അലോസരപ്പെടുത്തിയെന്നും, ഇതിന് നഷ്ടപരിഹാരമായി 20,000 രൂപ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ 139 ടോള്‍ ഫ്രീ എന്നത് സൗജന്യ സേവനമാണെന്നും അതിനാല്‍തന്നെ നഷ്ടപരിഹാര തുക നല്‍കാന്‍ സാധിക്കില്ലെന്നുമായിരുന്നു റെയില്‍വെ മന്ത്രാലയത്തിന്റെ വിശദീകരണം. എന്നാല്‍ റെയില്‍വെയുടെ ഉത്തരവാദിത്തമില്ലായ്മ പരാതിക്കാരനെ മാനസികമായി അലോസരപ്പെടുത്തിയതിനാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ് നല്‍ക്കുകയായിരുന്നു.
Post Your Comments