ഷിംല: കുരങ്ങുകളെ കൊണ്ട് പൊറുതി മുട്ടിയ ഹിമാചല്‍ സര്‍ക്കാര്‍ കുരങ്ങുകള്‍ക്കു ഗര്‍ഭനിരോധന ഗുളിക നല്‍കാന്‍ തീരുമാനിക്കുന്നു. കുരങ്ങുകളുടെ ശല്യം ക്രമാതീതമാണ് ഇവിടെ. കുരങ്ങുകൾ ആക്രമിച്ചവർക്കു നഷ്ടപരിഹാരമായി സർക്കാർ കഴിഞ്ഞ വർഷം നൽകിയത് 1.01 കോടി രൂപയാണ്. കൂടാതെ കൃഷി നാശവുംഉണ്ട്. കുരങ്ങുകളുണ്ടാക്കുന്ന വിളനാശം ഏകദേശം 2,000 കോടി രൂപയാണ് എന്നാണ് ഹിമാചൽ കിസാൻ സഭ എന്ന കർഷക സംഘടന പറയുന്നത്.
കുരങ്ങുകൾ അനിയന്ത്രിതമായി പെറ്റുപെരുകിയതാണ് പ്രധാന പ്രശ്നം. 10 വർഷംകൊണ്ട് 1.25 ലക്ഷം കുരങ്ങുകളെ വന്ധ്യംകരിച്ചിട്ടും പ്രശ്നം പരിഹരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.ഒരു കുരങ്ങിനെ പിടിക്കുന്നതിന് 700 രൂപയാണ് കൂലി. ഒരു സംഘത്തിലെ തന്നെ 80 ശതമാനം കുരങ്ങുകളെ പിടിക്കാൻ കഴിഞ്ഞാൽ ഇവർ ഒരു കുരങ്ങിന് 1,000 രൂപ വീതം ഈടാക്കും.
എന്നാൽ വൻതുക മുടക്കി വന്ധ്യംകരണം നടത്തിയിട്ടും കുരങ്ങുകളുടെ എണ്ണത്തിൽ കാര്യമായ കുറവു വന്നിട്ടില്ല. ആക്രമണങ്ങൾ കുറഞ്ഞിട്ടുമില്ല. പരാതി രൂക്ഷമായതോടെ കുരങ്ങുകളെ കൊല്ലാൻ ഉത്തരവിട്ടെങ്കിലും ഇത് ഹൈ കോടതി തടഞ്ഞിരുന്നു. അതുകൊണ്ട് ഇപ്പോൾ കുരങ്ങുകൾക്കു ഗർഭനിരോധന ഗുളികൾ കഴിക്കാൻ കൊടുത്തു പരീക്ഷണം നടത്താനാണ് സർക്കാർ തീരുമാനം.
രണ്ടോ മൂന്നോ മാസമാണ് ഗുളികയുടെ ഫലം നിലനിൽക്കുന്നത്.അതുകൊണ്ട് തന്നെ ഇത് ആവർത്തിക്കേണ്ടി വരും.വന്ധ്യംകരണത്തിനൊപ്പം ഗുളിക പദ്ധതിയും പരീക്ഷിക്കാനാണ് സർക്കാർ തീരുമാനം.
Post Your Comments