ലക്നൗ: യുപി പോലീസിന്റെ ആന്റി റോമിയോ സ്ക്വാഡിനു ഒന്നിച്ചുനടക്കുന്ന യുവതീയുവാക്കളെ അകാരണമായി അപമാനിക്കുന്നതിന്റെ പേരിൽ ഏറെ പഴികേൽക്കേണ്ടി വന്നിട്ടുണ്ട്. അവയ്ക്ക് തടയിടാനായി പുതിയ ‘പെരുമാറ്റച്ചട്ട’വുമായി ഡിജിപി രംഗത്ത്. മോശം പെരുമാറ്റത്തിന്റെ പേരിൽ പിടിയിലാകുന്ന യുവാക്കളെ അറസ്റ്റ് ചെയ്യരുതെന്ന് ചട്ടത്തിൽ പറയുന്നു. പകരം അവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി കാര്യങ്ങൾ ധരിപ്പിക്കണമെന്നും ഡിജിപി സുൽഖൻ സിങ് ഉത്തരവിട്ടു. മാത്രമല്ല പശുസംരക്ഷണത്തിന്റെയോ മറ്റു പ്രശ്നങ്ങളുടെയോ പേരിൽ അതിക്രമം കാണിക്കുകയും നിയമം കയ്യിലെടുത്ത് അരാജകത്വം സൃഷ്ടിക്കുകയും ചെയ്യുന്നവരുടെ കാര്യത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ഡിജിപി ചൊവ്വാഴ്ച രാത്രി സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും വിഡിയോ കോൺഫറൻസിങ്ങിലൂടെ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും കൃത്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. ആന്റി റോമിയോ സ്ക്വാഡിനു വേണ്ട മാർഗനിർദേശങ്ങൾ തയാറാക്കാനും ഇവരെ ചുമതലപ്പെടുത്തി.
സ്ക്വാഡിൽ ഉൾപ്പെട്ടവർ മറ്റു കാര്യങ്ങളിൽ അന്വേഷണച്ചുമതല ഏൽക്കേണ്ടതില്ലെന്നും തെമ്മാടികൾക്കെതിരെ മാത്രം പ്രവർത്തിച്ചാൽ മതിയെന്നും ജില്ലാ പോലീസ് മേധാവികൾ നേരിട്ട് അവരെ ധരിപ്പിക്കണം. സ്ത്രീകളുടെയും പെൺകുട്ടികളുടെയും സംരക്ഷണത്തിനായി രൂപീകരിച്ച ആന്റി റോമിയോ സ്ക്വാഡുകളിലെ അംഗങ്ങൾ, ഒന്നിച്ചിരിക്കുകയോ നടക്കുകയോ ചെയ്യുന്ന യുവതീയുവാക്കളെ ചോദ്യം ചെയ്യുകയും അപമാനിക്കുകയും ചെയ്യുന്നത് ഏറെ പ്രതിഷേധം ഉയർത്തിയിരുന്നു.
Post Your Comments