സ്വന്തം കുടുംബത്തെ തനിക്കൊപ്പം താമസിപ്പിക്കുക എന്നത് ഏത് പ്രവാസിയുടെയും സ്വപ്‌നമാണല്ലോ. യുഎഇയില്‍ ഇതിനായി ചില കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
വിദേശികള്‍ക്ക് ഭാര്യയെയും കുട്ടികളെയും യുഎഇിലേക്ക് റസിഡന്‍സ് വിസയില്‍ കൊണ്ടുവരുന്നതിന് സ്‌പോണ്‍സര്‍ക്ക് മാസം 4000 ദിര്‍ഹം ശമ്പളമുണ്ടായിരിക്കണം. അല്ലെങ്കില്‍ 3000 ദിര്‍ഹം ശമ്പളവും താമസസൗകര്യവുമുണ്ടാകണം. അതേസമയം, മാതാപിതാക്കളെ കൊണ്ടുപോകുന്നതിന് വരുമാനപരിധി വലുതാണ്. 20,000 ദിര്‍ഹം ആണ് മാതാപിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് വേണ്ട ശമ്പളം.
നിങ്ങള്‍ നിയമാനുസൃതം ബന്ധുക്കളെ കൊണ്ടുവരാന്‍ വരുമാനമുള്ളവരാണെങ്കില്‍ ബന്ധുക്കളെ യുഎഇയിലെത്തിക്കുന്നതിന് നടപടി ക്രമം ഇതാണ്. ബന്ധുക്കളെ കൊണ്ടുവരുന്നതിനുള്ള രേഖകള്‍ സഹിതം ആദ്യം ബന്ധുക്കള്‍ക്കുള്ള എന്‍ട്രി റസിഡന്‍സ് വിസക്ക് അപേക്ഷ കൊടുക്കുക. യുഎഇയില്‍ അവര്‍ എത്തിയശേഷം 30 ദിവസത്തിനകം റസിഡന്‍സ് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് അപേക്ഷ കൊടുക്കുക.
അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍- സ്‌പോണ്‍സറുടെ സാലറി സര്‍ട്ടിഫിക്കറ്റ്, ലേബര്‍ കാര്‍ഡ്, ലേബര്‍ കോണ്‍ട്രാക്റ്റ്, അറ്റസ്റ്റ് ചെയ്ത വിവാഹ സര്‍ട്ടിഫിക്കറ്റ്, കുട്ടികളുടെ അറ്റസ്റ്റ് ചെയ്ത ജനന സര്‍ട്ടിഫിക്കറ്റ്, മൂന്നുമാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, അറ്റസ്റ്റ് ചെയ്ത വാടകച്ചീട്ട്, എമിറേറ്റ്‌സ് ഐഡി.
സ്വന്തം രാജ്യത്താണ് വിവാഹം കഴിഞ്ഞതെങ്കില്‍ ആ രാജ്യത്തെ ബന്ധപ്പെട്ട മന്ത്രാലയം വിവാഹ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്തിരിക്കണം. ഇത് അതാത് രാജ്യത്തെ യുഎഇ എംബസി/ കോണ്‍സുലേറ്റ് ഓഫീസ് സ്റ്റാമ്പ് ചെയ്യണം. പിന്നീട് ഇത് യുഎഇയിലെ ബന്ധപ്പെട്ട മന്ത്രാലയം ഓഫീസ് പുനപരിശോധന നടത്തുകയും വേണം.
വിസ കാലാവധിയില്‍ ആറുമാസത്തില്‍ അധികം രാജ്യത്തിന് പുറത്തുകഴിഞ്ഞാല്‍ കുടുംബാംഗങ്ങള്‍ക്കുള്ള റസിഡന്‍സി വിസ റദ്ദാക്കപ്പെടുമെന്ന കാര്യം പ്രത്യേകം ഓര്‍മ്മിക്കണം.
Post Your Comments