അബുദാബി: യു എ ഇ യിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് ഈ വർഷം ഹജ്ജിന് പോകാൻ അനുമതിയില്ലെന്ന് യു എ ഇ അധികൃതർ വ്യക്തമാക്കി. എന്നാൽ സ്വദേശികൾക്ക് ഹജ്ജിന് പോകുന്നതിന് പ്രശ്നമില്ല. അതാത് രാജ്യങ്ങളിലെ പൗരന്മാർക്ക് മാത്രമാണ് ഹജ്ജിന് പോകാൻ അനുമതിയുള്ളൂ എന്ന സൗദി അധികൃതരുടെ തീരുമാന പ്രകാരമാണ് ഈ നിലപാടെടുത്തതെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്മെന്റ് വക്താവ് ഡോക്ടർ അഹ്‌മദ് മൂസ പറഞ്ഞു.
സൗദിയുടെ തീരുമാനം എല്ലാ രാജ്യങ്ങൾക്കും ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വരും വർഷങ്ങളിലും ഇതേ നിലപാടായിരിക്കും തുടരുകയെന്നും അധികൃതർ വ്യക്തമാക്കി. 2017 ലെ ഹജ്ജ് ഒരുക്കങ്ങളുടെ മുന്നോടിയായി സൗദി മന്ത്രാലയം നടത്തിയ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
അതേസമയം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഹജ്ജിന് പോകാനായുള്ള ചെലവ് കൂടുമെന്ന് ഡോക്ടർ മൂസ വ്യക്തമാക്കി. 20000 പേർ ഹജ്ജിന് പോകാൻ അപേക്ഷ തന്നിട്ടുണ്ടെന്നും അതിന്റെ മൂന്നിൽ ഒന്ന് ആളുകൾക്ക് മാത്രമേ അനുവാദം ലഭിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
Post Your Comments