Latest NewsIndiaNews

ശുക്രദൗത്യത്തിനൊരുങ്ങി ഐ.എസ്.ആർ.ഒ

ബെംഗളൂരു: ഇന്ത്യന്‍ ബഹിരാകാശഗവേഷണ സംഘടന(ഐ.എസ്.ആര്‍.ഒ.) ശുക്രദൗത്യത്തിന് ഒരുക്കം തുടങ്ങി. ചൊവ്വാപര്യവേക്ഷണത്തിനുശേഷം ലക്ഷ്യമിടുന്ന പുതിയ പദ്ധതിയാണ് ശുക്രദൗത്യം. ഐ.എസ്.ആര്‍.ഒ. ശുക്രനെ കേന്ദ്രീകരിച്ച് പരീക്ഷണങ്ങള്‍നടത്താന്‍ താത്പര്യമുള്ള ശാസ്ത്രജ്ഞരില്‍നിന്ന് നിര്‍ദേശങ്ങള്‍ ക്ഷണിച്ചു. ശുക്രനെക്കുറിച്ച് പരീക്ഷണം നടത്തുന്നതിനുള്ള അവസരമാണ് ശാസ്ത്രഗവേഷണരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ലഭിക്കുന്നത്.

മേയ് 19 വരെ ശുക്രദൗത്യത്തിന് സഹായകരമാകുന്ന നിര്‍ദേശങ്ങള്‍ ഐ.എസ്.ആര്‍.ഒ.യില്‍ സമര്‍പ്പിക്കാം. ചൊവ്വയിലേക്കുള്ള രണ്ടാമത്തെ ദൗത്യത്തിനും ശുക്രനിലേക്കുള്ള ദൗത്യത്തിനും ഒന്നിച്ചുപരിശ്രമിക്കാനാണ് ഉദ്ദേശ്യം. ശുക്രന്‍ വലിപ്പം, സാന്ദ്രത, ഘടന, ഗുരുത്വാകര്‍ഷണം എന്നിവയില്‍ ഭൂമിയോട് സമാനതപുലര്‍ത്തുന്ന ഗ്രഹമാണ്. സൗരയൂഥത്തില്‍ ഭൂമിയും ശുക്രനും ഒരേകാലത്ത് രൂപപ്പെട്ടതാണെന്നാണ് കരുതുന്നത്. ശുക്രനെ ഭൂമിയുടെ സഹോദരഗ്രഹമെന്ന് വിശേഷിപ്പിക്കാറുണ്ട്.

ഐ.എസ്.ആര്‍.ഒ 175 കിലോഗ്രാം ഭാരമുള്ള പേടകമാണ് ശുക്രദൗത്യത്തിനായി തയ്യാറാക്കുന്നത്. ശുക്രന്റെ ഭ്രമണപഥത്തിന് 500 കിലോമീറ്ററിനും 60,000 കിലോമീറ്ററിനുമിടെ അകലത്തിലായിരിക്കും പേടകം വലംവെയ്ക്കുന്നത്. ക്രമേണ അകലംകുറച്ച് ശുക്രനെക്കുറിച്ച് പഠനം നടത്തുകയാണ് ലക്ഷ്യം.

ഏറ്റവും കുറഞ്ഞ ചെലവില്‍ ചൊവ്വാദൗത്യം വിജയകരമാക്കിയ രാജ്യത്തിന്റെ അടുത്ത പ്രധാന ബഹിരാകാശദൗത്യമാണ് ശുക്രനിലേക്കുള്ള ദൗത്യം. ഐ.എസ്.ആര്‍.ഒ. രണ്ടാം ചൊവ്വാദൗത്യത്തിനായുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങിയുള്ള പരീക്ഷണമാണ് രണ്ടാം ദൗത്യത്തില്‍ ലക്ഷ്യംവെയ്ക്കുന്നത്. അടുത്തവര്‍ഷം ‘ചന്ദ്രയാന്‍- രണ്ട്’ ദൗത്യവും നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. ഭൂമിയില്‍നിന്ന് നോക്കുമ്പോള്‍ സൂര്യനും ചന്ദ്രനും കഴിഞ്ഞാല്‍ ആകാശത്ത് ഏറ്റവും പ്രഭയോടെ കാണുന്ന ഗോളമാണ് ശുക്രന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button