ഓക്‌ലന്റ്: ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമണിഞ്ഞ് 101 വയസുകാരിയായ ഇന്ത്യന്‍ മുത്തശ്ശി ചരിത്രം കുറിച്ചു. ന്യൂസിലന്റിലെ ഓക്‌ലാന്റില്‍ നടക്കുന്ന ലോക മാസ്‌റ്റേഴ്‌സ് ഗെയിംസിലാണ് ഇന്ത്യക്കാരിയായ മന്‍കൗറിന്റെ വിസ്മയ പ്രകടനം, അതും ഗ്ലാമറിനമായ 100 മീറ്റര്‍ സ്പ്രിന്റില്‍. നൂറു മീറ്ററില്‍ ഒരു മിനിറ്റ് 14 സെക്കന്റിലാണ് അവര്‍ ഫിനിഷിംഗ് പോയിന്റ് കടന്നത്.
മുതിര്‍ന്ന പൗരന്‍മാര്‍ക്കു വേണ്ടി നടത്തപ്പെടുന്ന മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 101 വയസുകാരി സ്വര്‍ണം നേടുന്നത് ചെറുതല്ലാത്ത നേട്ടമാണ്. അതും തന്റെ നല്ല ആരോഗ്യമുള്ള കാലത്ത് കായികവേദിയിലൊന്നും തിരിഞ്ഞുനോക്കാന്‍ കൂടി കഴിയാതിരുന്ന ഒരു മുത്തശ്ശിയ്ക്ക്. ചണ്ഡിഗഡുകാരിയാണ് മന്‍കൗര്‍.
ഇവരുടെ ‘കായികജീവിത’ത്തിലെ 17 ാം മെഡലാണ് ഓക്‌ലന്റില്‍ സ്വന്തമാക്കിയത്. മെഡലിനായല്ല താന്‍ മത്സരത്തിനിറങ്ങുന്നതെന്ന് മന്‍കൗര്‍ മുത്തശ്ശി പറഞ്ഞു. പങ്കെടുക്കുന്നതാണ് വലിയകാര്യം. ഓക്‌ലന്റിലെ മത്സട്രാക്കിലെത്തിയത് വിവിധ ലോകരാജ്യങ്ങളില്‍ നിന്നായി 25,000 വയോധികരാണ്. ഇത്രയും വലിയ കായികമേളയില്‍ പങ്കെടുക്കുക എന്ന ലക്ഷ്യംമാത്രമായെത്തിയ ഇന്ത്യന്‍ മുത്തശ്ശിയുടെ സുവര്‍ണനേട്ടം നിസാരമല്ല.
എട്ടുവര്‍ഷം മുന്‍പ്, അതായത് തന്റെ 93 ാംവയസിലാണ് കായികജീവിതത്തിന് കൗര്‍ തുടക്കം കുറിച്ചത്. തല്‍ക്കാലം ട്രാക്കില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ആലോചനയില്ലെന്നും അവര്‍ പറയുന്നു. തന്റെ മകന്‍ ഗുരുദേവ് സിംഗ് ആണ് തന്റെ കായികജീവിത്തിലെ ഗുരുവെന്ന് മുത്തശ്ശി പറയുന്നു. ഗുരുദേവ്‌സിംഗും മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റിലെ താരമാണ്. വയോധികര്‍ക്കുവേണ്ടിയുള്ള കായികമത്സരങ്ങളില്‍ തനിക്കൊപ്പം പങ്കെടുക്കാനുള്ള മകന്റെ ക്ഷണമാണ് കൗറിനെ ട്രാക്കിലെത്തിച്ചത്.
ഓക്‌ലന്റില്‍ ഒരു സ്വര്‍ണത്തിലൊതുങ്ങുന്നതല്ല മന്‍കൗര്‍ മുത്തശ്ശിയുടെ ലക്ഷ്യം. 200 മീറ്റര്‍ ഓട്ടം, ഷോട്ട്പുട്ട്, ജാവലിന്‍ ത്രോ ഇനങ്ങള്‍ കൂടിയുണ്ട് മുത്തശ്ശിയുടെ മത്സരയിനങ്ങളായി. കാര്യങ്ങള്‍ എല്ലാം ഒത്തുവന്നാല്‍ ഇനിയും മെഡലുകള്‍ കഴുത്തിലണിഞ്ഞായിരിക്കും അമ്മ നാട്ടിലേക്ക് തിരിക്കുകയെന്ന് ഒപ്പമുള്ള മകന്‍ ഗുരുദേവ് സിംഗ് പറയുന്നു.
Post Your Comments