Latest NewsPrathikarana Vedhi

കുഞ്ഞാലിക്കുട്ടി ഡൽഹിയിൽ എത്തുന്നത് കേന്ദ്രത്തിന് നല്ലതാവാം: മതതീവ്രവാദത്തോട് സി.പി.എം കൂടുതൽ അടുത്തേക്കാം: മലപ്പുറം നല്‍കുന്ന പാഠങ്ങള്‍ വിലയിരുത്തി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ കെ.വി.എസ് ഹരിദാസ് എഴുതുന്നു

മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. യുഡിഎഫിന്റെ, മുസ്ലിം ലീഗിന്റെ, പികെ കുഞ്ഞാലിക്കുട്ടി 1,71,038 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു. അവിടെ മറ്റൊന്നാണ് ഉണ്ടാവുക എന്ന് പ്രതീക്ഷിച്ചിരുന്നു എന്ന് ആരെങ്കിലും പറയുമെന്ന് ഞാൻ കരുതുന്നില്ല. അങ്ങിനെ ആരെങ്കിലും പറഞ്ഞിരുന്നുവെങ്കിൽ, അതിൽ അടിയുറച്ചുനിന്നിരുന്നുവെങ്കിൽ, അയാൾക്ക് രാഷ്ട്രീയ ജ്ഞാനം കുറവാണ്‌ എന്ന് വിലയിരുത്തേണ്ടിവരുമെന്ന്‌ കരുതുന്ന ഒരാളാണ് ഞാൻ. പികെ കുഞ്ഞാലിക്കുട്ടിയെ പോലെ ഒരാൾ മത്സരരംഗത്ത് വന്നതോടെ തന്നെ മലപ്പുറത്തിന്റെ ഭാവി ഏതാണ്ട് കുറിച്ചിരുന്നു എന്നതാണ് വസ്തുത. പിന്നെ അവിടെ ഒരു പോരാട്ടം നടത്തിനോക്കാം എന്നതുമാത്രമായിരുന്നു മുഖ്യ എതിരാളിയായ സിപിഎമ്മിനും ഇടതുപക്ഷത്തിനും ചെയ്യാനുണ്ടായിരുന്നത്. എന്നാൽ അവർ അവിടെ ഒരു പടി കടന്ന് പെരുമാറി, ചിന്തിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്വയമേവ മുന്നോട്ടുവന്ന് “മലപ്പുറം ഫലം പിണറായി സർക്കാരിന്റെ പ്രവർത്തനത്തിന്മേലുള്ള ഒരു വിലയിരുത്തലാകും” എന്ന് പറഞ്ഞതും ഇതിനൊപ്പം വായിക്കണം. അങ്ങിനെയാണ് യഥാർഥത്തിൽ ഈ ഉപതിരഞ്ഞെടുപ്പിന് ഒരു പുതിയ രാഷ്ട്രീയമാനം കൈവന്നത്. അതാവട്ടെ സിപിഎമ്മിനെ മാത്രം ബാധിക്കുന്നവിധത്തിലായിതാനും. ദയനീയമായി തോറ്റ സാഹചര്യത്തിൽ സർക്കാരിന് എതിരായ ജനവിധിയല്ലേ ഇതെന്ന് പറയേണ്ടത് കോടിയേരി തന്നെയാണ്. അതാണ് എന്ന് അദ്ദേഹം ഇപ്പോഴും കരുതുന്നുവെങ്കിൽ എന്താണ് ചെയ്യാനുദ്ദേശിക്കുന്നത്‌ എന്നും വ്യക്തമാക്കണമല്ലോ.
മലപ്പുറം നൽകുന്ന സൂചനയെന്താണ്?. അതിന്റെ പ്രതിധ്വനി ഏതുവിധത്തിലാണ് കേരള രാഷ്ട്രീയത്തിലും ദേശീയ തലത്തിലും കാണാനാവുക?. തിരഞ്ഞെടുപ്പ് വിജയത്തിന്റെയും പരാജയത്തിന്റെയും പശ്ചാത്തലത്തിൽ രാഷ്ട്രീയകക്ഷികൾക്ക് നയങ്ങളിലും നിലപാടുകളിലും മാറ്റംവരുത്തേണ്ടതായി വരുമോ?. കേരളത്തിലെ ഇടത്‌ സർക്കാരിന് ഭാവിയിൽ എന്തൊക്കെ ചിന്തിക്കേണ്ടതായി വരും?. ഇതൊക്കെ ഈ വേളയിൽ പരിശോധിക്കേണ്ടതുണ്ട്. അത്തരമൊരു പരിശ്രമമാണിത്. ഇത്രമാത്രം കടന്നുചിന്തിക്കണോ എന്നൊക്കെ കരുതുന്നവരുണ്ടാവാം. എന്നാൽ ഇത് രാഷ്ട്രീയമാണ് ; അവിടെ ഒന്നിനും അന്ത്യമില്ല, അവസാനമില്ല. രാഷ്ട്രീയത്തിൽ ഒന്നും അസാധ്യമല്ല എന്നതും ആദ്യമേ ഓർമ്മിക്കേണ്ടതുണ്ട്.

ഈ തിരഞ്ഞെടുപ്പോടെ സിപിഎം വല്ലാതെ വിഷമത്തിലായി എന്നത് പറയേണ്ടതില്ലല്ലോ. സിപിഎം തോൽക്കുന്നു എന്നതല്ല പ്രശ്നം. ആ തോൽവിക്ക് അവർക്കൊപ്പം നിൽക്കുന്നവർ നൽകിവരുന്ന വിശദീകരണമാണ്‌ ശ്രദ്ധിക്കേണ്ടത്. ‘ന്യൂനപക്ഷ ഏകീകരണം’ നടന്നു എന്ന് സിപിഎം വക്താക്കൾ പറയുന്നു. അതായത് ഏകീകരണം ഉണ്ടായത് യുഡിഎഫിനും മുസ്ലിം ലീഗിനും അനുകൂലമായിട്ടാണ് എന്നതാണ്. അതിനുപിന്നാലെ ലീഗിനെയും കോൺഗ്രസിനെയും പിന്തുണച്ചു എന്നവകാശപ്പെടുന്നവർ കുറെ ന്യായങ്ങൾ നിരത്തിയിട്ടുണ്ട്. തീവ്ര മുസ്ലിം നിലപാടിൽ ഉറച്ചുനിൽക്കുന്ന പാരമ്പര്യമുള്ളവരാണവർ. നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷ വിജയത്തിന് തങ്ങളുടെ ശക്തമായ പിന്തുണയും പ്രധാന കാരണമായിട്ടുണ്ട് എന്നും അവർ സ്ഥാപിക്കുന്നു. പിണറായി സർക്കാർ അധികാരത്തിലേറിയപ്പോൾ തങ്ങൾക്കൊക്കെ വലിയ പ്രതീക്ഷയായിരുന്നു എന്നും എന്നാൽ ഇക്കഴിഞ്ഞ മാസങ്ങളിൽ ഏറ്റവുമധികം യു എപിഎ ചുമത്തപ്പെട്ടത് തങ്ങളിൽ പെട്ടവരെ ആയിരുന്നുവെന്നും അവർ പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രതീക്ഷയോടെയാണ് തങ്ങൾ ഇടതുപക്ഷത്തെ വിജയിപ്പിച്ചത് , അല്ലെങ്കിൽ ഇടതുപക്ഷ വിജയത്തെ തങ്ങൾ പ്രതീക്ഷയോടെയാണ് കണ്ടത് എന്നും മറ്റും അവർ പറയുന്നു. ഇതൊക്കെ ഇന്ന് ഉച്ചയ്ക്കുതന്നെ ടിവി ചാനലുകളിൽ നാം കേട്ടതാണ്. ഇതിനോട് പിണറായി സർക്കാർ, അല്ലെങ്കിൽ സിപിഎം, എങ്ങിനെയാണ് പ്രതികരിക്കുക എന്നതാണ് കാണേണ്ടത്. എന്റെ ആശങ്കയും അവിടെത്തന്നെയാണ്.

പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം ദേശവിരുദ്ധ- രാജ്യദ്രോഹ കേസുകളിൽ കുറെയൊക്കെ ശക്തമായ നിലപാട് സ്വീകരിച്ചു എന്നത് ശരിയാണ് എന്ന് കരുതുന്നയാളാണ് ഞാൻ. അതിൽ അപ്രതീക്ഷിതമായിട്ടൊന്നുമില്ലതാനും. പോലീസ് അതിന്റെ കടമ നിർവഹിച്ചു എന്നേയുള്ളൂ. സിപിഎം ഉൾപ്പെട്ടിട്ടുള്ള കേസുകളിൽ പോലീസ് പലതും ഗൗരവമായി ചെയ്തിട്ടുണ്ട്. ആർഎസ്എസ് വിരുദ്ധ കേസുകളിലും ചില തിരിമറികൾ നടത്തി. എന്നാൽ കുറെ കേസുകളിൽ ശക്തമായ നിലപാട് പോലീസ് സ്വീകരിച്ചു. അവ പലതും അന്താരാഷ്ട്ര – അന്തർ സംസ്ഥാന ബന്ധങ്ങൾ ഉള്ളവയാണ് എന്നത്‌ മറന്നുകൂടാ. ഐഎസ് ബന്ധമുള്ളത്, കാശ്മീരിൽ നിന്നും കോടികൾ എത്തിയ കേസ്, ദേശവിരുദ്ധ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയ കേസ് …….. അങ്ങിനെ കുറെയെണ്ണം. അതിലെല്ലാം കേന്ദ്ര ഏജൻസികളുടെ, ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ, ബന്ധവും ഉണ്ടായിരുന്നു. സ്വാഭാവികമായും കേരളാ പൊലീസിന് മറ്റൊന്നും ചെയ്യാനാവുമായിരുന്നില്ല. പിന്നെ ലോകനാഥ്‌ ബെഹ്‌റ ഇവിടെ ഡിജിപിയായി വരുംമുമ്പ് എൻഐഎയിലും സിബിഐയിലുമൊക്കെ സേവനം അനുഷ്ടിച്ചിരുന്നതിനാൽ ഇത്തരം കേസുകളിൽ കൂടുതൽ ശ്രദ്ധചെലുത്തിയിരിക്കാം. പക്ഷെ യു എ പിഎ ചുമത്തിയതും മറ്റുമാണ് മലപ്പുറത്തെ പരാജയത്തിന് കാരണം എന്ന് ആക്ഷേപം ഉയരുമ്പോൾ സിപിഎം നേതൃത്വം മാറിചിന്തിക്കാൻ തയ്യാറായിക്കൂടായ്കയില്ല. അതായത്‌ , രാജ്യത്തെ നടുക്കുന്ന, ലോകത്തെ തന്നെ വെല്ലുവിളിക്കുന്ന ഭീകരവാദത്തിന്റെ കളിത്തൊട്ടിൽ പോലെ ആയിരുന്ന കേരളത്തിൽ അതിന്‌ സൗകര്യമൊരുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവും എന്ന് പറയുന്നില്ലെങ്കിലും അത്തരം പ്രവർത്തനങ്ങളോട് തണുപ്പൻ പ്രതികരണം മതി എന്ന് തീരുമാനിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നും സിപിഎം അങ്ങിനെയാണ് ചെയ്യാറുള്ളത്. പണ്ട്, 1980 കളിൽ , ന്യൂനപക്ഷ പ്രീണനം തങ്ങൾക്ക്‌ അപകടമാണ് എന്നാണ് സിപിഎം വിലയിരുത്തിയത്. ഇഎംഎസ് എടുത്തിരുന്ന നിലപാടും മറ്റും മറന്നുകൂടാ. എന്നാൽ പിന്നീട് പലപ്പോഴും വോട്ടിനുവേണ്ടി എന്തുമാവാം എന്നവർ ചിന്തിക്കാൻ തുടങ്ങി. അതാണ് ജെഎൻയുവിലും ഹൈദരാബാദ് സർവകലാശാലയിലും മറ്റും കണ്ടത്. ഏതാനും മുസ്ലിം വോട്ട് ലക്ഷ്യമാക്കിയാണല്ലോ അവർ അവിടെ തൂക്കിക്കൊല്ലാൻ വിധിച്ച പാക് ഭീകരന് ജയ് വിളിച്ചതും കാശ്മീരിനെ വിഭജിക്കണം എന്ന് മുദ്രാവാക്യം വിളിച്ചതും ഇന്ത്യാവിരുദ്ധ നീക്കങ്ങൾ നടത്തിയതും. അതിനെയൊക്കെ പരസ്യമായി പിന്തുണക്കാൻ സിപിഎം നേതാക്കൾ രംഗത്തുവന്നതും ഓർക്കുക. അതിലേക്ക്‌ ഇഎംഎസിന്റെ പാർട്ടി ചെന്നെത്തിയിരിക്കുന്നു. ഇതേ കൂട്ടർ ഇന്നിപ്പോൾ പാക്കിസ്ഥാൻ തൂക്കിക്കൊല്ലാൻ തയ്യാറെടുക്കുന്ന ഇന്ത്യൻ പൗരന് വേണ്ടി മുദ്രാവാക്യം വിളിക്കുന്നില്ല എന്നത് കാണാതെ പോകാനാവുമോ?. അയാളെ വിട്ടയക്കാൻ ജെഎൻയുവിലോ മറ്റോ ഇക്കൂട്ടർ പ്രകടനം നടത്തിയോ?. പക്ഷെ, അപ്പോഴും പിണറായി സർക്കാർ ഭീകര ബന്ധമുള്ളവർ യുഎപിഎ ചുമത്തി ജയിലിലടച്ചു എന്നത് കാണാതെ പോകുന്നില്ല, നല്ലത്‌ .

ഇവിടെ എനിക്കുള്ള ഭയം, താമസിയാതെ തന്നെ ന്യൂനപക്ഷ മത ഭീകരതയോടുള്ള സമീപനത്തിൽ സിപിഎം മറ്റൊരു നിലപാട് സ്വീകരിച്ചുകൂടായ്കയില്ല. ഇന്നേ അവർ മതമൗലികവാദത്തിന് അനുകൂലമാണ് പലപ്പോഴും എന്നതറിയാല്ലോ. അതിനൊപ്പം കടുത്ത ന്യൂനപക്ഷ പ്രീണന നയവും അവർ പരസ്യമായി സ്വീകരിച്ചുകൂടായ്കയില്ല. കേരളത്തിൽ ജയിക്കാനായി മുസ്ലിം ലീഗിനേക്കാളും കോൺഗ്രസിനേക്കാളും പ്രീണനം ആവശ്യമാണ് എന്ന നിഗമനത്തിലേക്ക് സിപിഎം എത്താനുള്ള സാഹചര്യത്തെകുറിച്ചാണ് സൂചിപ്പിച്ചത്‌ . സംസ്ഥാന സർക്കാർ പരാജയമാണ് എന്ന് വഴിയേ കാണുന്നവരെല്ലാം പറയുന്ന ഒരു ഘട്ടത്തിൽ അതിനെ മറികടക്കാൻ ചില തന്ത്രങ്ങൾ വേണ്ടിവന്നേക്കാം. അതിന്റെകൂടി ഭാഗമായിട്ടാവാം ഈ മാറ്റം…….. അങ്ങനെവന്നാൽ കേരളം വീണ്ടും ഭീകരതയുടെ താവളമായി മാറിക്കൂടായ്കയില്ല. ഐഎസിനും മറ്റും സുരക്ഷിത കേന്ദ്രമാവുക എന്നതുതന്നെ……..

ഇവിടെ ബിജെപി പ്രതീക്ഷിച്ചത്ര വോട്ട്‌ നേടിയില്ല എന്നതാണ് മറ്റൊരു കാര്യം. പ്രതീക്ഷ പൊതുവേയുള്ളതല്ല, ബിജെപിയുടേതായിരുന്നു. ഒരു ലക്ഷം വോട്ടിന്‌ അടുത്ത്‌ എൻഡിഎ സ്ഥാനാർഥി നേടും എന്നതായിരുന്നു ഒരു വിലയിരുത്തൽ. അത് എൻഡിഎ അല്ലെങ്കിൽ ബിജെപി നടത്തിയ വിലയിരുത്തലാണ്. അത്തരം നിഗമനങ്ങൾ പരസ്യമായി പറഞ്ഞിട്ട് പിന്നീട് കാരണം കണ്ടെത്താൻ ഓടിനടക്കുന്നത് ബുദ്ധിയുള്ള രാഷ്ട്രീയമല്ലല്ലോ. നിഗമനംഅനുസരിച്ചുള്ള വോട്ട് കരസ്ഥമാക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ ബിജെപിക്ക് തലയുയർത്തി നില്ക്കാൻ കഴിയുമായിരുന്നു. അതിന്‌ അടിസ്ഥാനം 2014, 2016 എന്നീ തിരഞ്ഞെടുപ്പുകളിൽ കിട്ടിയ വോട്ടാണ്. 2014ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയത് 64, 705 വോട്ടാണ്. 2016 -ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആ ഏഴുമണ്ഡലങ്ങൾ ബിജെപിക്ക് നൽകിയത് 73,700- ഓളം വോട്ടാണ്. ഇത്തവണ കിട്ടിയതാവട്ടെ 65,662 വോട്ടും. 2014-ലെ വോട്ടിനേക്കാൾ കൂടുതൽ കിട്ടിയെങ്കിലും 2016-ലേതിനേക്കാൾ എണ്ണായിരത്തോളം വോട്ട്‌ കുറഞ്ഞു. ഇത് ഗൗരവത്തിൽ ബിജെപി കാണേണ്ട കാര്യമാണ് എന്നാണ് തോന്നുന്നത്. ഒന്നാമത്, ബിജെപിക്ക് എന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിക്കുന്നതിലുമേറെ വോട്ട് ലോകസഭാ തിരഞ്ഞെടുപ്പിൽ കിട്ടാറുണ്ട്. ഇവിടെ അതും കീഴ്‌മേൽ മറിഞ്ഞു. മറ്റൊന്ന്, കേന്ദ്ര സർക്കാർ ഇത്രമാത്രം ജനഹിതങ്ങളായ പദ്ധതികൾ നടപ്പിലാക്കിയിട്ടും, ജനകോടികളുടെ മനസിനെ കീഴടക്കിയിട്ടും അതൊന്നും മലപ്പുറത്ത്‌ പ്രകടമാവാത്തത്‌ എന്തുകൊണ്ടാണ് എന്നത് ചിന്തിക്കേണ്ടതല്ലേ?.

മലപ്പുറം ഒരു മുസ്ലിം ഭൂരിപക്ഷ മണ്ഡലമാണ് എന്നതറിയാതെ അല്ല ഇതൊക്കെ പറയുന്നത്. അവിടെ ബിജെപിയുടെ അവസ്ഥ അത്രക്ക് നല്ലതല്ല എന്നതുമറിയാം. പക്ഷെ മണിപ്പൂരിൽ, അതിനുമുൻപ്‌ ആസാമിൽ ഒക്കെ ബിജെപി കടന്നുകയറിയതും മറ്റുമാണ് സാധാരണക്കാരുടെ മനസിലുള്ളത്. അത് ഇവിടെ പ്രയോഗികമാവുന്നില്ല. അതിനുകാരണമായി ഇടതു- വലതു് മുന്നണികൾ പറയുന്നത് കേരളത്തിലെ മതേതരത്വ സമൂഹത്തിന്റെ ശക്തിയാണ്. അതായത്‌ മുസ്ലിം ലീഗ് ഉൾപ്പെടുന്ന മതേതരത്വമാണ് ഇവിടെ പ്രധാനം എന്നത് ശരിവെക്കപ്പെടുന്നു. മുസ്ലിം ലീഗ് നേതാവായ പികെ കുഞ്ഞാലിക്കുട്ടിക്ക് ബഹുജനങ്ങൾക്കിടയിൽ ഒരു മതേതര നേതാവായി മാറാനും ഹിന്ദു മനസിനെയടക്കം ആകർഷിക്കാനും കഴിയുന്നു ……. അതേസമയം ബിജെപിയും അതിന്റെ നേതാക്കളും വർഗീയതയുടെ പ്രതീകങ്ങളായി വാഴ്‌ത്തപ്പെടുന്നു. ഇതൊക്കെ വിലയിരുത്തപ്പെടണ്ടേ?. തീർച്ചയായും ബിജെപി സസൂക്ഷ്മം വിലയിരുത്തേണ്ട വിഷയമാണിത്.

പികെ കുഞ്ഞാലിക്കുട്ടി ലോകസഭയിലെത്തുന്നത് എന്തുകൊണ്ടും നല്ലതാണ് എന്ന് കരുതുന്നയാളാണ് ഞാൻ. അദ്ദേഹത്തിന്റെ കക്ഷിക്ക്‌ അവിടെ വലിയ റോൾ ഒന്നും ഇല്ലെങ്കിലും അവർ അവിടെ ഇരിക്കുന്നത് കോൺഗ്രസിനൊപ്പമാണ് എന്നത് പ്രധാനമാണ്. കോൺഗ്രസ് ഇന്നിപ്പോൾ വളരെയേറെ മെലിഞ്ഞ കക്ഷിയാണ്. എന്നാൽ അത് മറയ് ക്കാനായി എന്തെല്ലാമോ അവർ ഓരോദിനത്തിലും ലോകസഭയിൽ ചെയ്യുകയാണ്. തരം താണ രാഷ്ട്രീയം എന്നെ അതിനെ വിശേഷിപ്പിക്കാനാവൂ. മുൻനിര നേതാക്കളുടെ നിലവാരത്തകർച്ചയും അതിനുകാരണമാണ്. അവർക്ക്‌ പികെ കുഞ്ഞാലിക്കുട്ടി ഒരു വഴികാട്ടിയാവും എന്നാണ് എനിക്ക് തോന്നുന്നത്. എന്തൊക്കെ പറഞ്ഞാലും ഇന്നത്തെ കോൺഗ്രസ് നേതാക്കളെപ്പോലെ തരംതാഴാൻ അദ്ദേഹത്തിനാവും എന്ന് ഞാൻ കരുതുന്നില്ല. അതാവട്ടെ പ്രതിപക്ഷത്തിന് ഒരു ദിശ പകർന്നുകൂടായ്കയില്ല. അങ്ങനെവന്നാൽ ഭാവിയിൽ കുറച്ചുകൂടി മര്യാദയോടെ പ്രതിപക്ഷം പെരുമാറാനുള്ള സാധ്യതയും ഞാൻ കാണുന്നു. കുഞ്ഞാലിക്കുട്ടിക്ക് മുന്നിൽ കേരളത്തിലെ ഏത് കോൺഗ്രസ്- യുഡിഎഫ് നേതാവിനാണ് മറ്റൊന്ന് പറയാൻ കഴിയുക എന്നതുമറിയാമല്ലോ. ഒരു പക്ഷെ പ്രതിപക്ഷവും സർക്കാരുമായുള്ള ഒരു നല്ല പാലമായി പോലും കുഞ്ഞാലിക്കുട്ടിക്ക് പ്രവർത്തിക്കാൻ കഴിഞ്ഞുകൂടായ്കയില്ല. ബിജെപിയുമായി എന്നും നല്ല ബന്ധം പുലർത്തിയിരുന്നയാളാണ് അദ്ദേഹമെന്നതും ഇപ്പോൾ സൂചിപ്പിക്കാതെ വയ്യല്ലോ. ബിജെപിയെ അദ്ദേഹം വിമര്ശിക്കുകയൊക്കെ ചെയ്തേക്കാം; അദ്ദേഹത്തെ ബിജെപിയും. പക്ഷെ, നല്ല പ്രാക്ടിക്കൽ രാഷ്ട്രീയക്കാരനായ അദ്ദേഹത്തെ വിശ്വാസത്തിലെടുക്കാൻ കഴിഞ്ഞാൽ കേന്ദ്ര സർക്കാരിന് പലതും സുഖകരമായി കൊണ്ടുപോകാനുമാവും.

ഇവിടെ ഒരു ആശ്വാസം; അത് പറയാതെ ഇത് അവസാനിപ്പിക്കാനാവില്ല. ഏതാണ്ട് 1. 71 ലക്ഷം വോട്ടിനു ജയിച്ച യുഡിഎഫോ തോറ്റ ഇടതുമുന്നണിയോ ഇതുവരെ വോട്ടിങ് യന്ത്രത്തെ പഴിചാരിയിട്ടില്ല എന്നതാണത് . സാധാരണ നിലക്ക് ഇടതു പക്ഷം, സിപിഎം, അത്തരമൊരു ആരോപണം ഉന്നയിക്കേണ്ടതായിരുന്നുവല്ലോ. മുസ്‌ലിം ലീഗും ബിജെപിയും കേന്ദ്ര സർക്കാരും ഒക്കെ ചേർന്നുള്ള ഗൂഢാലോചന എന്നോ ഒക്കെ പറയാമായിരുന്നു. പഴയ കോലീബി സഖ്യവും കൂടി എടുത്തിട്ടുകൊണ്ട് ലീഗ്- ബിജെപി- കേന്ദ്ര സർക്കാർ ബാന്ധവം എന്നും വോട്ടിങ് യന്ത്രത്തിൽ തിരിമറി നടത്താൻ അവർ ഒന്നിച്ചു എന്നും മറ്റും വേണമെങ്കിൽ പറയാമായിരുന്നു. വടക്കേ ഇന്ത്യയിൽ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട കോൺഗ്രസും സി.പി.എമ്മും ബിഎസ്പിയും മറ്റും മുഖം രക്ഷിക്കാൻ വഴി കണ്ടെത്തിയത് വോട്ടിങ് യന്ത്രത്തിലാണല്ലോ. ഇത്ര വലിയ ഭൂരിപക്ഷത്തിന് മുസ്ലിം ലീഗ് ജയിച്ചത് സ്വാഭാവികമായും അതിനുള്ള അവസരമായിരുന്നു. പക്ഷെ ഇവിടെ അവർ മിണ്ടിയില്ല. ഇവിടെ ഒരു കുഴപ്പവുമില്ല എന്നത് രണ്ടുകൂട്ടർക്കും അറിയാം. പിന്നെ വടക്കേ ഇന്ത്യയിൽ കാട്ടിക്കൂട്ടിയതോ?. അത് വെറും രാഷ്ട്രീയ കപടതയായിരുന്നു എന്നല്ലേ കരുതേണ്ടത്. ജനഹിതം മറച്ചുവെക്കാനായി ചെയ്തുകൂട്ടിയ രാഷ്ട്രീയ കാപട്യങ്ങൾ. ഇതൊക്കെ രാജ്യത്തെ ജനത തിരിച്ചറിയുന്നുണ്ട് എന്നതാണ് സന്തോഷം പകരുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button